20/05/2012

നോവല്‍ (ഉമ്മയില്ലാത്ത ജീവിതം മരണമില്ലാത്ത പൂവിനെപോലെ)

ഉമ്മയില്ലാത്ത ജീവിതം മരണമില്ലാത്ത പൂവിനെപോലെ
പ്രഭാത സമയത്തെ മഞ്ഞ്, ഓലകള്‍ക്കിടയിലൂടെ അന്‍വര്‍ മോന്റെ കണ്ണിലേക്ക് കടന്നുവന്നു. ഉറക്കം തീര്‍ന്ന മട്ടില്ല. എന്നാലും അവന്‍ എഴുന്നേറ്റു. ഉമ്മ സുബ്ഹ് നിസ്‌കാരത്തിലാണ്. അവന്‍ പായയില്‍ നിന്നും എണീറ്റ് തിണ്ണയില്‍ പോയിരുന്ന് പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. വുളു ചെയ്ത് സുബ്ഹ് നിസ്‌കരിച്ച് ചുളിഞ്ഞ മുണ്ടും നീളക്കുപ്പായവും തൊപ്പിയും ധരിച്ച് മദ്‌റസയിലേക്ക് ഓടും. സൂര്യനുദിച്ച് മിതമാകുമ്പോഴേക്കും അന്‍വര്‍ മോന്‍ വീട്ടിലെത്തും. പിന്നെ ചായ കുടിയും കഴിഞ്ഞ് സ്‌കൂളിലേക്കാണ് പോക്ക്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അവന്റെ ഉപ്പ മരിച്ചുവെന്ന വിവരം ഉമ്മ അവനെ അറിയിച്ചിരുന്നില്ല. ഇടക്കിടെ അവന്‍ ഉപ്പയെ അന്വേശിക്കും. എങ്ങനെ മറുപടി പറയണമെന്ന് ഉമ്മക്ക് അറിയില്ലായിരുന്നു. എങ്കിലും ചോദ്യത്തില്‍ നിന്നും ഉമ്മ ഒഴിഞ്ഞുമാറും. ഒരു ദിവസം പതിവു പോലെ അന്‍വര്‍ മോന്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ആരുടെയും ശബ്ദം കേള്‍ക്കുന്നില്ല. പൂര്‍ണ്ണ നിശ്ശബ്ദത. അവന്‍ ഉമ്മയെ ഒരുപാട് വിളിച്ചു. പക്ഷെ മറുപടിയില്ല. അവന്റെ വിളി കേട്ട് അയല്‍വാസിയായ മറിയാത്ത ഓടി വന്നു. മോനേ, നിന്റെ ഉമ്മയെ പ്രസവത്തിന് ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്. ഇതു കേട്ടയുടന്‍ അവന്‍ ആശുപത്രിയിലേക്കോടി. അവിടെ ഒരു കസേരയില്‍ ഇരിക്കുന്ന അബു ഹാജിയെ കണ്ടു. അഥവാ മറിയാത്തയുടെ ഭര്‍ത്താവ്. അബു ഹാജി അവനെ അടുത്തേക്ക് വിളിച്ച് പറഞ്ഞു: നിന്റെ ഉമ്മയെ പ്രസവമുറിയില്‍ കൊണ്ടുപോയിട്ടുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വാതില്‍ തുറന്നു. അന്‍വര്‍ മോന്‍ സിസ്റ്ററുടെ അടുത്തേക്കോടി. എന്റെ ഉമ്മക്കെന്താ പറ്റിയത്?

ഒരു കുഴപ്പവുമില്ല സിസ്റ്റര്‍ പറഞ്ഞു. പിന്നേയ്, നിനക്കൊരു കുഞ്ഞനുജത്തി ഉണ്ടായിട്ടുണ്ട്.
അന്‍വര്‍ മോന്‍ സന്തോഷം കൊണ്ട് മതിമറന്നു പോയി. സിസ്റ്റര്‍ കുട്ടിയെ അബുഹാജിയുടെ കയ്യില്‍ കൊടുത്തു. അന്‍വര്‍ മോന്‍ തന്റെ കുഞ്ഞുപെങ്ങള്‍ക്ക് ഒരായിരം ചുംബനങ്ങള്‍ നല്‍കി. പക്ഷേ.... ആ സന്തോഷത്തിനു പിറകില്‍ തീ പടരുന്നുണ്ടായിരുന്നുവെന്ന് അന്‍വര്‍ മോന്‍ അറിഞ്ഞില്ല. അന്‍വര്‍ മോന്റെ ഉമ്മാക്ക് കിഡ്‌നിയുടെ എന്തോ വലിയ പ്രശ്‌നമാണ്. ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പിറ്റേന്ന് രാവിലെ ഒമ്പതു മണിയോടടുത്തായിരുന്നു അന്‍വര്‍ മോന്റെ ഉമ്മാന്റെ മരണം. അത് അബുഹാജി അവനെ സാവധാനം അറിയിച്ചു. അത് കേട്ടത് മുതല്‍ രണ്ട് മൂന്ന് ദിനസം അവന് ഉറക്കമില്ല, ഭക്ഷണമില്ല, തന്റെ സ്വന്തം കുഞ്ഞുപെങ്ങളോട് കൂടെ ജീവിതകാലം അനാഥമായി കഴിച്ചുകൂട്ടണ്ടേ എന്നോര്‍ത്ത് കരഞ്ഞുകൊണ്ടേയിരുന്നു.
പെങ്ങള്‍ക്ക് പേരിടേണ്ട ദിവസമാണിന്ന്. അവള്‍ക്ക് സോനു എന്നാണ് പേരിട്ടത്. ഇത് നമ്മുടെ സ്വന്തം വീടല്ല എന്ന് ഉമ്മ തന്നോട് പറഞ്ഞത് അവന്‍ ഓര്‍ത്തു. അത് കൊണ്ട് തന്നെ ഈ വീട്ടില്‍ ഇനിയധികം താമസിക്കണ്ട. അയല്‍വാസിയായ മറിയത്തയും അബുഹാജിയും ഒരു പാട് പണം ചെലവഴിക്കേണ്ടി വരും. ഇപ്പോള്‍ തന്നെ അവര്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ഇത്രയും ചെയ്തത്. ആരുടെയും സഹായമില്ലാതെ പണിയെടുത്ത് ഞാന്‍ എന്റെ കുഞ്ഞു പെങ്ങളെ വളര്‍ത്തും. അന്‍വര്‍ തീര്‍ച്ചപ്പെടുത്തി.
അന്ന് രാത്രി അവന്‍ വീടും പരിസരവും വിട്ട് ഇറങ്ങി അങ്ങകലേക്ക് മറഞ്ഞു. എങ്ങനെയോ ഒരു നഗരത്തില്‍ അവന്‍ എത്തിച്ചേര്‍ന്നു. പിറ്റേന്ന് രാവിലെ അവന്‍ കണ്ടത് അല്‍പ്പം ദൂരെയായി തങ്ങളെപ്പോലെത്തന്നെ അനാഥരായ കുറെ കുട്ടികളും ഉമ്മമാരും പാര്‍ക്കുന്ന കോളനി. അവന്‍ സോനു മോളെയും കൂട്ടി ആ കോളനിയുടെ പിറകില്‍ കുറച്ച് സ്ഥലത്ത് ഒരു ചെറിയ കുടില്‍ കെട്ടി. അന്‍വര്‍ മോന്‍ ജോലി അന്വേഷിച്ച് നഗരത്തിലേക്ക് പോയി. അവിടെ ഒരു ചായക്കട കണ്ടു. പോയി അന്വേഷിച്ച് നോക്കിയപ്പോള്‍ ഒരു ജോലി കിട്ടി. രാമേട്ടന്റെ കടയിലായിരുന്നു അന്‍വറിന് ജോലി കിട്ടിയത്. അറ്റ കൈക്ക് ഉപ്പ് തേക്കാത്തവനാണ് രാമുവേട്ടന്‍. അഥവാ അറു പിശുക്കനെന്ന് പറയാം. ദിവസവും രാവിലെ ആറ് മണിക്കാണ് അന്‍വര്‍ മോന്‍ കടയിലെത്തേണ്ടത്. സോനു മോളെ ഉറക്കിയിട്ടാണ് അവന്‍ വരാറ്. ആഴ്ചയില്‍ ഒരിക്കലാണ് പണം കിട്ടുക. അതു തന്നെ ഒരു ദിവസത്തേക്കുള്ളത്. രാത്രി അവന്‍ വരുമ്പോഴേക്കും സോനു മോള്‍ പലതവണ എഴുന്നേറ്റ് വിശന്ന് കരഞ്ഞ് പിന്നെയും ഉറങ്ങിയിട്ടുണ്ടാവും. പിന്നെ അവന്‍ രാത്രി അവിടെ എത്തിയതിന് ശേഷം വേണം അടുപ്പില്‍ വെള്ളം വെക്കാന്‍. അങ്ങനെ ഭക്ഷണം ഉണ്ടാക്കിക്കഴിഞ്ഞ് സോനു മോളെ ഉണര്‍ത്തും. എന്നിട്ടവളെ താരാട്ടു പാട്ടു പാടിയുറക്കണം. പിന്നെ അവനും ഭക്ഷണം കഴിച്ച് അടുത്തുള്ള തോട്ടില്‍ പോയി ഒന്നു കുളിച്ചു വരുമ്പോഴേക്കും പള്ളി മിനാരങ്ങളില്‍ നിന്നും സുബ്ഹ് വാങ്ക് ഉയരുന്നത് കേള്‍ക്കാം. പിന്നെ വുളു ചെയ്ത് സുബ്ഹ് നിസ്‌കരിച്ച് കഴിഞ്ഞാല്‍ ജോലിക്ക് പോകാനുള്ള സമയമാകും. ഇങ്ങനെ പകലന്തിയോളം വിശ്രമവും ഉറക്കവുമില്ലാതെ ജീവിതത്തിന്റെ വിലമതിക്കാനാകാത്ത ഘട്ടങ്ങള്‍ കഴിഞ്ഞ് പോകും. 
അങ്ങനെ കാലം കുറെ കഴിഞ്ഞു. സോനു മോള്‍ക്ക് ഇപ്പോള്‍ മൂന്നര വയസ്സായിട്ടുണ്ട്. അവള്‍ക്ക് ഓടിച്ചാടി നടക്കാനുള്ള പ്രായം തികഞ്ഞു. ഇപ്പോള്‍ അവള്‍ക്ക് പണ്ടത്തെ ശീലമില്ല. അന്‍വര്‍ മോന്‍ ജോലിക്ക് പോയാല്‍ പിന്നെ സോനു മോള്‍ അടുത്തുള്ള കോളനിയിലെ കുട്ടികളോടൊപ്പം കളിക്കാന്‍ പോകും. അതിന് അന്‍വര്‍ മോന്‍ സമ്മതം നല്‍കിയതാണ്. ദൂരെയൊന്നും പോകരുതെന്നും പരമാവധി ശ്രദ്ധിക്കണമെന്നും അവന്‍ അവളെ ഓര്‍മ്മിപ്പിച്ചിരുന്നു. ആ കുട്ടികള്‍ക്ക് അവിടെ പൂര്‍ണ്ണ സംരക്ഷണമുണ്ടായിരുന്നു. അവള്‍ക്ക് ആവശ്യമുള്ളതെല്ലാം അവിടെ നിന്ന് ലഭിക്കുമായിരുന്നു. എന്നാല്‍ സോനു മോള്‍ക്ക് പ്രത്യേക വസ്ത്രമൊന്നുമുണ്ടായിരുന്നില്ല.  ഒരു മുഷിഞ്ഞു കീറിയ കുഞ്ഞുടുപ്പും കീറിയ മുണ്ടുമായിരുന്നു സോനു മോളുടെ വസ്ത്രം. അതിനാല്‍ തന്നെ കുട്ടികളെല്ലാം സോനു മോളെ പരിഹസിക്കുമായിരുന്നു. മൂന്നു വയസ്സുള്ള കുഞ്ഞുമനസ്സില്‍ സങ്കടങ്ങളെല്ലാം ഒതുക്കി വെച്ചു.
അതേ സമയം രാമുവേട്ടന്റെ കടയില്‍ നിന്ന് വലിയ വലിയ ശബ്ദങ്ങളും അട്ടഹാസങ്ങളും ഉയരുന്നു, എടാ ആ മേശ ഒന്ന് നന്നായി തുടച്ച് കൂടേ? അന്‍വര്‍ മോന്‍ മേശയുടെ അടുത്തേക്ക് ഓടുന്നു. അതിനിടയില്‍ ഹലോ ഒരു ലൈറ്റ് ചായ. ഇത് കേള്‍ക്കേണ്ട താമസം അവന്‍ അടുക്കളയിലേക്ക് വീണ്ടും ഓടി. പെട്ടെന്ന് ചായ ഉണ്ടാക്കിക്കൊടുക്കുന്നു. ഹും! ചായയില്‍ പഞ്ചസാര കുറവാണല്ലോ....... എടാ നീ ഇതു വരെ ഒരു ചായ ഉണ്ടാക്കാന്‍ പോലും പടിച്ചിട്ടില്ലേ?
എന്തു ചെയ്താലും ഇവിടെ നിന്ന് കുറ്റം മാത്രം.... അവനോര്‍ത്തു.
ഇന്ന് നിനക്ക് കൂലിയില്ല. രാമുവേട്ടന്‍ പറഞ്ഞു
രാമുവേട്ടാ എന്റെ പെങ്ങള്‍ വീട്ടില്‍ പട്ടിണി കിടക്കുകയാ. മൂന്നു വയസ്സായ പിഞ്ചുകുഞ്ഞാ, അവള്‍ക്കെന്തെങ്കിലുമൊന്ന് കൊടുക്കാന്‍... അന്‍വര്‍ മോന്‍ കേണപേക്ഷിച്ചു. പൊയ്‌ക്കോ എന്റെ മുമ്പില്‍ നിന്ന്....... അല്ലെങ്കില്‍ നിന്റെ ജോലിയും പോകും..
എന്റെ സോനു മോള്‍ക്ക് ഇന്ന് ഞാനെന്താ കൊടുക്കുക... ഇക്കാക്ക ഇപ്പോള്‍ ഭക്ഷണവും കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ അവള്‍ കാത്തുനില്‍ക്കുന്നുണ്ടാകും. എന്തെങ്കിലും ഒരു വഴി കണ്ടുപിടിച്ചേ പറ്റൂ... അപ്പോഴാണ് നഗരത്തിലെ റെയില്‍വെ സ്റ്റേഷന്‍ അവന്റെ ശ്രദ്ധയില്‍ പെട്ടത്. ട്രെയിനുകള്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. അതില്‍ കയറി ഒരു പാട്ടു പാടാം...  എന്തെങ്കിലുമൊന്ന് കിട്ടാതിരിക്കില്ല. അവന്‍ ആലോചിച്ചു. അങ്ങനെ അന്‍വര്‍ മോന്‍ ട്രെയിനില്‍ കയറി പാടാന്‍ തുടങ്ങുമ്പോഴാണ് പിന്നിട്ട കാലത്തിന്റെ സജീവമായ ഓര്‍മ്മകള്‍ അവന്റെ മനസ്സിലേക്ക് കടന്നുവന്നത്.............
കണ്ണീരില്ലാ കരയാന്‍
ഓര്‍മ്മകളില്ലാ പിരിയാന്‍
പതിനാലാം രാവു പോലെ ചന്ദ്രികയാണുമ്മ
ഉമ്മയും ഉപ്പയും പോയി മറഞ്ഞ സങ്കടം
മനസ്സില്‍ ഒതുക്കി വെച്ചു
ഒരു പിടി ചോറ് വാരിത്തന്ന
താരാട്ടു പാടി എന്നെ ഉറക്കിയ
ഉമ്മാന്റെ പൂമുഖം മറക്കുകില്ല
ആവശ്യം സാധിപ്പിച്ച് തന്ന
കൈകള്‍ പെരുന്നാളിന് പോയ
ഉപ്പാന്റെ പൂമുഖം മറക്കുകില്ല.
ട്രെയിനില്‍ പാട്ട് കേട്ടവരെല്ലാം അന്ധാളിച്ചു നിന്നു പോയി. ആ സമയം അന്‍വര്‍ മോന്റെ കണ്ണില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഓരോരുത്തരും കഴിയുന്നത്ര നാണയങ്ങള്‍ അവന്ന് നല്‍കി. സന്തോഷത്തോടെ ട്രെയിനില്‍ നിന്നും ചാടിയിറങ്ങി പോകാനൊരുങ്ങുമ്പോള്‍ അവനോര്‍ത്തു: സോനുമോള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം മുന്തിരിയാണ്. ഇന്ന് അത് വാങ്ങിക്കൊടുക്കാം.... മുന്തിരി വാങ്ങിയിട്ടും പണം പകുതിയോളം ബാക്കിയായുണ്ട്.
ഇക്കാക്ക നേരത്തെത്തന്നെ വരുന്നത് സോനു മോള്‍ കണ്ടു. കയ്യില്‍ ഒരു പൊതിയുമുണ്ട്. അവള്‍ അന്‍വര്‍ മോന്റെ അടുത്തേക്ക് ഓടി വന്ന് പൊതി വാങ്ങി. ഹായ് മുന്തിരി... മുന്തിരി തിന്നുമ്പോള്‍ അവള്‍ ഇക്കാക്കയോട് പറഞ്ഞു: എന്നെ കുട്ടികള്‍ കളിയാക്കി അവരുടെ കൂട്ടത്തിലൊന്നും കൂട്ടിയില്ല. എന്റെ ഉടുപ്പ് കീറിയതാണെന്ന് പറഞ്ഞ് എന്നെ പറഞ്ഞയക്കും.
തന്റെ പെങ്ങളുടെ സങ്കടം കേട്ട അന്‍വര്‍ മോന്‍ പറഞ്ഞു: അള്ളാഹുവിന്റെ വിധി അങ്ങനെയാണ് സോനൂ.. ഇനി നമുക്ക് ആഖിറത്തില്‍ വിജയമുണ്ടാകും, ഇന്‍ശാ അല്ലാഹ്...
പിറ്റേന്ന് അന്‍വര്‍ മോന്‍ കടയില്‍ പോയപ്പോള്‍ രാമുവേട്ടന്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ദേഷ്യം പിടിക്കുന്നുണ്ട്. ഇനി നിന്നെ ഇവിടെ ആവശ്യമില്ല. നിനക്ക് ശമ്പളം തന്നാല്‍ എന്റെ ഉള്ള ലാഭം കൂടി ഇല്ലാതാകും.
അവന്‍ കരഞ്ഞു കൊണ്ട് പറഞ്ഞു: രാമുവേട്ടാ എന്റെ പെങ്ങള്..........
ഒന്ന് പോടാ നീയും നിന്റെയൊരു പെങ്ങളും........
എനിക്ക് കുറച്ച് പണമെങ്കിലും തരുമോ? ഞങ്ങള്‍ എങ്ങനെയെങ്കിലുമൊന്ന് ജീവിച്ചോട്ടേ.....
പോടാ എന്റെ മുമ്പില്‍ നിന്ന്....
മനസ്സില്ലാ മനസ്സോടെ അന്‍വര്‍ മോന്‍ വീട്ടിലേക്ക് മടങ്ങി. അവന്‍ സോനു മോളെയും കൂട്ടി കോളനുയുടമസ്ഥന്റെ അടുത്ത് ചെന്ന് ചോദിച്ചു: ഞങ്ങള്‍ക്ക് കുറച്ച് പണം തരണം. കടമായി കണക്കാക്കിയാല്‍ മതി...
ഹൊ! രാവിലെ തന്നെ ശല്യപ്പെടുത്താന്‍ വന്നിരിക്കുന്നു. പോടാ.......  അയാളും അവനെ ആട്ടിപ്പറഞ്ഞയച്ചു. നമ്മെ ആര്‍ക്കും വേണ്ട അല്ലേ? സോനു മോള്‍ ചോദിച്ചു.
നമ്മള്‍ എന്ത് തെറ്റാണ് അവരോട് ചെയ്തത്? ഈ ഭൂമി എല്ലാവര്‍ക്കും ഉള്ളതല്ലേ, അന്‍വര്‍ മോന്‍ ഒന്നും പറഞ്ഞില്ല. അവര്‍ നടന്ന് നടന്ന് നഗരത്തിലെത്തി. അവിടെ ഒരുപാട് കാഴ്ചകളുണ്ട്. അതിനിടയില്‍ സോനു ഒന്നു മാത്രം ശ്രദ്ധിച്ചു. ഒരു ഉപ്പയും രണ്ട് മക്കളും. മാതാപിതാക്കളോടൊപ്പം ഒരേട്ടനും ഒരു പെങ്ങളും. അവള്‍ ചോദിച്ചു. അവര്‍ക്കൊക്കെ ഉപ്പയുമൊക്കെയുണ്ട്. നമുക്കെന്താ അവരൊന്നും ഇല്ലാത്തത്? അല്ലാഹു നമ്മെ മാത്രം ഒറ്റപ്പെടുത്തിയതാണോ
മുത്തേ............ കരഞ്ഞ് കൊണ്ട് അന്‍വര്‍ മോന്‍ സോനുവിനെ എടുത്ത് ചുംബനങ്ങള്‍ നല്‍കി. കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍ സോനു മോളെ കാണാനില്ല. അവന്‍ കുറെ വിളിച്ചു ഒരു മറുപടിയുമില്ല.. ആരും കാര്യം തിരക്കുന്നുമില്ല. ആരോടാണ് പറയുക. എങ്ങനെയാണ് പറയുക.. ഒന്നും അന്‍വര്‍ മോന് അറിയില്ലായിരുന്നു. അവസാനം അവന്‍ പോലീസില്‍ പരാതി നല്‍കാന്‍ പോയി.. അവിടെ എസ്.ഐ.യെ കണ്ടു. സംഭവം വിവരിച്ചു. ഇപ്പോള്‍ ഞങ്ങള്‍ തിരക്കിലാണ്.. മറ്റൊരു ഡ്യൂട്ടിയുണ്ട്. സാറേ എന്റെ പെങ്ങള്.........
അവന്‍ കരഞ്ഞു കൊണ്ട് കേണപേക്ഷിച്ചു.. പക്ഷെ അവരുടെ മറുപടി അത് തന്നെയായിരുന്നു.. ബീച്ചിനടുത്തുള്ള പള്ളിയില്‍ നിന്ന് ളുഹ്‌റ് വാങ്ക് ഉയരുന്നു.. അവന്‍ പള്ളിയില്‍ കയറി നിസ്‌കരിച്ച് ആത്മാര്‍ത്ഥമായി ദുആ ചെയ്തു. റബ്ബേ എന്റെ കുഞ്ഞു പെങ്ങള്‍ക്ക് ഒന്നും വരുത്തരുതേ.... പള്ളിയില്‍ നിന്നിറങ്ങി കടലിലേക്ക് നോക്കി നില്‍ക്കുമ്പോഴാണ് ഒരു ചെറിയ കുട്ടി കടല്‍ തീരത്ത് മണലില്‍ കിടന്ന് എന്തോ ആലോചിക്കുന്നു... അവനാ കുട്ടിയുടെ അടുത്തേക്കോടി. അതെ അത് തന്റെ കുഞ്ഞ് പെങ്ങളായിരുന്നു. അവന്‍ ഓടിച്ചെന്ന് തന്റെ കുഞ്ഞുപെങ്ങളെ വാരിയെടുത്തു. സോനു വാ..... നമുക്ക് പോവാം. നമുക്കാരുമില്ല... ഉമ്മാന്റെയും ഉപ്പാന്റെയും ഖബ്‌റിന്റെ അടുത്ത് പോയി ദുആ ചെയ്ത് വരാം..
അങ്ങനെ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കാറ്റും മഴയും വന്നു. സോനു മോള്‍ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് മഴ പെയ്തു. കാറ്റ് ആഞ്ഞ് വീശി. അന്‍വര്‍ മോന്‍ നിറകണ്ണുകളോടെ നോക്കിനിന്നു. കാറ്റിന് ശക്തി കൂടിയപ്പോള്‍ അവരുടെ വീട് ആടിയുലഞ്ഞ് വീണു. അന്‍വര്‍ സോനുമോളെയുമെടുത്ത് അടുത്ത വീട്ടില്‍ പോയി. അവിടെ മക്കളുണ്ടാവാത്ത ഭാര്യയും ഭര്‍ത്താവുമായിരുന്നു താമസിച്ചിരുന്നത്. അന്‍വറിനെയും സോനു മോളെയും കണ്ടപ്പോള്‍ അവര്‍ സന്തോഷിക്കുകയും അവരെ സല്‍ക്കരിക്കുകയും ചെയ്തു. ഇവര്‍ നമ്മുടെ മക്കളായിട്ട് ഇവിടെ താമസിച്ചിരുന്നുവെങ്കിലെന്ന് അവര്‍ മോഹിച്ചു പോയി. അന്‍വര്‍ ഇതു വരെ നടന്ന കാര്യങ്ങളൊക്കെ അവര്‍ക്ക് പറഞ്ഞു കൊടുത്തു.
നിങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലെങ്കില്‍ കുറച്ച് കാലം ഞങ്ങള്‍ ഇവിടെ താമസിച്ചു കൊള്ളട്ടേ.. അന്‍വര്‍ ചോദിച്ചു. അവര്‍ പൂര്‍ണ്ണ സമ്മതം നല്‍കി. അങ്ങനെ അന്‍വറും സോനു മോളും അവിടെ നിന്ന് സ്‌കൂളില്‍ പോയിത്തുടങ്ങി. പരീക്ഷയില്‍ രണ്ട് പേരും നല്ല മാര്‍ക്കോടു കൂടെ വിജയിച്ചു. എല്ലാ ക്ലാസ്സിലും അന്‍വറിനും സോനുവിനും ഫസ്റ്റ് ക്ലാസ് കിട്ടി. അന്‍വര്‍ പഠിച്ച് ഡോക്ടറായി. സോനു മോള്‍ ഡിഗ്രി പാസ്സാവുകയും ചെയ്തു. അങ്ങനെ അവരുടെ ജീവിതം സന്തോഷത്തിന്റെ ഇതളുകളായി മാഞ്ഞുപോയി......................


രചന: മുഹമ്മദ് സഈദ്. പി.കെ. കട്ടിപ്പാറ
ഇഅ്ദാദിയ്യ ഊലാ
ഖാസി കുഞ്ഞിഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി, കാപ്പാട്No comments:

Next previous home

Search This Blog