16/01/2017

സിറിയ: ഭരണകൂടം പൗരനു നേരെ തോക്കു ചൂണ്ടുമ്പോള്‍

2011ല്‍ സിറിയയില്‍ പ്രതിസന്ധി ആരംഭിച്ചതിനു ശേഷം അസദ് ഭരണകൂടത്തിന്റെ രഹസ്യ തടവറകളില്‍ ലോകമറിയാതെ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ചിത്രമായി പുറത്തു വന്ന 'സീസര്‍ ഫയല്‍' സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന മനുഷ്യവേട്ടയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. സീസറെന്ന അപരനാമത്തില്‍ കഴിഞ്ഞ വര്‍ഷമാദ്യം മുതല്‍ സിറിയയിലെ രഹസ്യ തടവറകളില്‍ നടക്കുന്ന അരും കൊലകളെക്കുറിച്ച് ഭീകരമായ ഫോട്ടോകളിലൂടെ ലോകത്തെ അറിയിച്ച അജ്ഞാതനായ സൈനികന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിലാണ് നിരവധി മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ലോകമറിയുന്നത്.

സീസര്‍ ഫോട്ടോഗ്രാഫുകളിലുള്‍പ്പെട്ട അഹ്്മദ് മുസല്‍മാനിയെന്ന സിറിയയിലെ പതിനാലുകാരനായ പിഞ്ചു ബാലനെ ഭരണകൂടം തടവില്‍ വെക്കാന്‍ കണ്ടെത്തിയ കാരണം വര്‍ഷങ്ങളോളമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വേദിയാവുന്നുവെന്നാണ് തെളിയിക്കുന്നത്. തെക്കന്‍ സിറിയയിലെ ദറാക്കടുത്തുള്ള ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തുന്ന അസദ് സൈന്യത്തിനു അഹ്്മദിന്റെ ഫോണില്‍ നിന്നും ലഭിച്ച അസദ് വിരുദ്ധ ഗാനമാണ് ഈ പിഞ്ചുബാലനെ രഹസ്യതടവറയിലിട്ട് അതിനിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നു കളയാന്‍ കാരണമായി ലഭിച്ചത്. സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതു മുതല്‍ പ്രാണ രക്ഷാര്‍ത്ഥം ലെബനനില്‍ തന്റെ അമ്മാവന്റെ കൂടെ താമസിക്കുന്ന അഹ്്്മദ് സ്വന്തം ഉമ്മയുടെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ ജന്മഭൂമിയായ സിറിയയിലേക്ക് വരുന്നതിനിടെയാണ് സൈനികര്‍ പരിശോധിക്കുന്നതും അന്യായമായി തടവിലാക്കുന്നതും. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടനുസരിച്ച് അഹ്്മദിനുണ്ടായ ദുരനുഭവത്തിന് സമാനമായ സംഭവങ്ങള്‍ സിറിയയില്‍ നിരവധി പൗരന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് തെളിയുന്നത്.

തീര്‍ത്തും സംഘടിതമായ തടവുരീതിയിലധിഷ്ഠിതമായി പൗരന്‍മാരെ ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് സീസര്‍ ഫയല്‍ വെളിപ്പെടുത്തുന്നത്. ഭരണകൂടം തടവില്‍ വെച്ച് പീഢിപ്പിക്കുന്ന പൗരന്‍മാരുടെ ദീനമായ മുഖങ്ങള്‍ പകര്‍ത്തിയെടുത്ത സീസര്‍ ഷൂവിനുള്ളിലും ബെല്‍റ്റിനിടയിലും ഒളിപ്പിച്ചു വെച്ച യു.എസ്.ബി വഴിയാണ് അസദ് സൈന്യത്തിന്റെ പീഢനമുറകള്‍ ലോകത്തിനു മുന്നില്‍ വെളിച്ചം കാണിച്ചത്. കഴിഞ്ഞ വര്‍ഷമാദ്യം തന്നെ സീസര്‍ ഫയലുകള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിക്കപ്പെട്ടുവെങ്കിലും തീര്‍ത്തും നിഷ്ഠൂരമായ ശിക്ഷാ രീതികളാണ് രഹസ്യ തടവറകളില്‍ അസദ് സൈനികര്‍ നടപ്പിലാക്കുന്നതെന്നാണ് പുതിയ ഫയലുകള്‍ തെളിയിക്കുന്നത്.

സ്വന്തം ജനതക്കു നേരെ രാസായുധം പ്രയോഗിക്കാനും ഭരണകൂടത്തെ നോക്കി കണ്ണടച്ചാല്‍ പോലും രാജ്യദ്രോഹമാക്കി മാറ്റി തടവില്‍ വെച്ചു പിഢിപ്പിക്കാനും കൊന്നു കളയാനും അസദിനെ പ്രേരിപ്പിക്കുന്നത് അധികാര മോഹവും ആധിപത്യ മനോഭാവവുമാണെന്ന് സിറിയയിലെ ബാത്ത് പാര്‍ട്ടിയുടെയും അസദ് കുടുംബത്തിന്റെയും രാഷ്്ട്രീയ ചരിത്രം കൃത്യമായി പറഞ്ഞു തരുന്നുണ്ട്. 1946 ഏപ്രില്‍ 11ന് സിറിയ സ്വതന്ത്രമായതിനു ശേഷം ബാത്ത് പാര്‍ട്ടി(അറബ് സോഷ്യലിസ്റ്റ് റിസക്ഷന്‍ പാര്‍ട്ടി)യുടെ കീഴിലാണ് ആധുനിക സിറിയന്‍ ജനത ജീവിച്ചു പോന്നത്. 1946ല്‍ സ്വതന്ത്രമായെങ്കിലും എഴുപതുകള്‍ വരെ അസ്ഥിരതയും രൂക്ഷമായ പ്രതിസന്ധിയും രാഷ്്ട്രീയ അട്ടിമറികളും കൊണ്ടു വീര്‍പ്പുമുട്ടുകയായിരുന്നു സിറിയ. എഴുപതിനു ശേഷമാണ് സിറിയയില്‍ രക്തരഹിത വിപ്ലവത്തിലൂടെ നിലവിലെ പ്രസിഡണ്ട് ബഷാറുല്‍ അസദിന്റെ പിതാവ് ഹഫീസുല്‍ അസദ് അധികാരത്തില്‍ വരുന്നത്. പ്രസിഡണ്ടിന്റെ കാലാവധി ഏഴു വര്‍ഷമായിരുന്നിട്ടും സ്വയം ഹിത പരിശോധനയിലൂടെ തന്റെ അന്ത്യം വരെ മുപ്പതു വര്‍ഷമാണ് അദ്ധേഹം സിറിയയെ ഭരിച്ചത്. 2000 ജൂണ്‍ 10 ന് അദ്ധേഹം അന്തരിച്ചപ്പോള്‍ മകന്‍ ബഷാറുല്‍ അസദ് പ്രസിഡണ്ട് പദം ഏറ്റെടുക്കുന്നതു തന്നെ അധികാര മോഹത്തിന്റെയും ആധിപത്യ മനോഭാവത്തിന്റെയും ചീഞ്ഞു നാറുന്ന പ്രതിനിധാനമായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പ്രസിഡണ്ടാവുനുള്ള പ്രായപരിധി ചുരുങ്ങിയത് നാല്‍പതു വയസ്സെന്ന നിയമത്തെ ഇരുത്തിത്തിരുത്തിയാണ് അന്നു വെറും 34 വയസ്സുള്ള അസദ് അധികാരത്തിലേറുന്നതെന്ന വസ്തുത തന്നെ സിറിയന്‍ പ്രതിസന്ധിയുടെ മൂലകാരണത്തെക്കുറിച്ച് വ്യക്തമാക്കിത്തരുന്നുണ്ട്.  ഹഫീസ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്ക് വിപരീതമായി ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനുമേര്‍പ്പെടുത്തിയ വിലക്കു നീക്കി ഭരിച്ചു തുടങ്ങിയ അസദിന് പ്രസ്തുത ജനാധിപത്യ നയത്തെ ഒരു വര്‍ഷത്തിനപ്പുറത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ സാധിച്ചില്ല. 2001 നു ശേഷം സര്‍ക്കാര്‍ സ്വഭാവം മാറ്റുകയും പൗരാവകാശ പ്രവര്‍ത്തകരെയും സംഘടനകളെയും അടിച്ചമര്‍ത്തിത്തുടങ്ങുകയും ചെയത അസദ് പതിയെ ഏകാധിപതിയായി സിറിയയെ വിഴുങ്ങിക്കൊണ്ടിരുന്നു.

അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കണ്ടെത്തുന്നതില്‍ ആഗോള സമൂഹം അമാന്തം കാണിക്കുന്നത് മാനവികതക്കു നേരെയുള്ള ഭീഷണിയായി വേണം കാണാന്‍. ജനപഥവും ജനാധിപത്യവും ആഘോഷിക്കുന്ന ആധുനിക രാഷ്ട്രമീമാംസക്ക് സിറിയയുടെ വിഷയത്തില്‍ നിഷ്്പക്ഷമായ ഒരു വിശകലനത്തിന് മുതിരാന്‍ പോലും കഴിയാത്തതിന്റെ കാര്യ കാരണങ്ങള്‍ സിറിയയുടെ ചരിത്രവും പ്രാദേശിക സ്വത്വവും പറഞ്ഞു തരും. അറബ്് ലോകത്ത് എണ്ണ വറ്റുന്നതു വരെ ആഗോള രാഷ്ട്രങ്ങള്‍ മരുഭൂമി വിടില്ലെന്ന് തീര്‍ച്ചയാണ്. യുദ്ധ മുഖത്ത് ഭീകരവാദത്തിനെതിരെ വീരവാദം മുഴക്കുന്ന രാഷ്ട്രങ്ങള്‍ തന്നെ ഐ. എസുമായി പിന്‍വാതില്‍ എണ്ണക്കച്ചവടം നടത്തുന്നുവെന്ന വാര്‍ത്ത ഈയൊരു നിരീക്ഷണത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്്.

ഐക്യരാഷ്ട്ര സഭയുടെ അഞ്ചു സ്ഥിരാംഗങ്ങളില്‍ നാലു രാജ്യങ്ങളും സിറിയയില്‍ വ്യത്യസ്ഥ നിലപാടുകളിലൂന്നി യുദ്ധമുഖത്തു തങ്ങളുടെ പ്രാദേശിക രാഷ്ട്രീയ നയങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നതു തന്നെ സിറിയന്‍ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്നുണ്ട്. അതേ സമയം സിറയയുടെ പകുതിയോളം പ്രദേശങ്ങള്‍ കൈയടക്കിയ ഇസ്്‌ലാമിക് സ്റ്റേറ്റ്് യൂഫ്രട്ടീസ് പ്രവിശ്യയെന്ന പേരില്‍ പ്രത്യേക അധികാര മേഖല സ്ഥാപിച്ച് സംഘടിതമായ ബ്യൂറോക്രസി സംവിധാനത്തിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന കാര്യം സിറിയയിലെ അരക്ഷിതാവസ്ഥയുടെ ഗൗരവം കൂട്ടുന്നുണ്ട്.

യാതൊരു അന്താരാഷ്ട്ര സമ്മര്‍ദ്ധത്തിനും വഴങ്ങാനൊരുക്കമില്ലാതെ അധികാരത്തില്‍ പിടിച്ചു തൂങ്ങുന്ന അസദും സിറിയയുടെ ജീവല്‍ സമ്പത്തുക്കളടങ്ങിയ പ്രധാന നഗരങ്ങളടക്കം പകുതിയോളം ഭൂപ്രദേശങ്ങള്‍ 'ഖിലാഫത്ത്' പ്രഖ്യാപിച്ച ഐ. എസും അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി സിറിയയെ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്ന അമേരിക്കയും റഷ്യയുമടങ്ങുന്ന ആഗോള ശക്തികള്‍ക്കുമിടയില്‍ കിടന്നു ഇല്ലാതാവുന്നത് മനുഷ്യ ജീവനുകളാണ്. ആഗോള സമൂഹത്തെ നിലവില്‍ അലട്ടുന്ന വിഷയം ഹണ്ടിംഗടണിന്റെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ലെന്നും മാനവിതക്കും മനുഷ്യനന്മക്കും നേരെ തോക്കു ചൂണ്ടുന്ന ഭീകരതയുടെയും പൈശാചികതയുടെയും മനസ്സാണ് സമകാലിക പ്രതിസന്ധിയെന്നും തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗൂലന്‍ അറബ് ലോകത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് നിരീക്ഷിച്ചത് തീര്‍ത്തും വാസ്തവമാണെന്നാണ് മനസ്സിലാവുന്നത്.

Next previous home

Search This Blog