26/12/2011

നിസ്‌കാരങ്ങളില്‍ ഓതേണ്ട സൂറത്തുകള്‍



നിസ്‌കാരങ്ങളില്‍ ഫാതിഹക്ക് ശേഷം ഓതേണ്ട സൂറത്തുകള്‍ ചെറുതായി വിശകലനം ചെയ്യാം. ഒരൊറ്റ ആയത്തോ പൂര്‍ണാര്‍ത്ഥമുള്ള അല്‍പആയതോ ഓതിയാലും സൂറത്തോതുക എന്ന സുന്നത്ത് കരസ്ഥമാകും.എന്നാല്‍ മൂന്ന് ആയത്ത് ഓതലാണ് പൂര്‍ണത.ഉത്തമമോ ഒരു പൂര്‍ണ്ണ സുറത്ത് ഓതലും.
    ചില ഇമാമുകള്‍ വലിയ സൂറത്തിലെ ഏതാനും ആയത്തുകുകള്‍ ഓതി നിസ്‌കരിക്കുന്നത് കാണാം. ഉത്തമം ഇതല്ല പൂര്‍ണ്ണമായ ഒരു സൂറത്ത് ഓതി നിസ്‌കരിക്കലാണ്. ഇവന്‍ എത്ര കൂടുതല്‍ ആയത്ത് ഓതിയാലും അതിനേക്കാള്‍ ഉത്തമം ഒരു സൂറത്ത്-അതു ചെറുതെങ്കിലും-പൂര്‍ണ്ണമായി ഓതലാണ്. എന്നാല്‍ പ്രവാചകപൂങ്കവര്‍(സ) "ആയത്തുകള്‍ ഓതി" എന്ന് പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ പ്രസ്തുത ആയത്തുകള്‍ തന്നെ ഉത്തമം സൂറതല്ല. ഉദാ:തറാവീഹ്, തറാവീഹില്‍ ഒരു മാസം കൊണ്ട് ഒരു ഖത്മ് തീര്‍ക്കല്‍ പ്രത്യേക സുന്നത്താണ്.ഇത് ചെയ്യുന്നവന് അല്‍പ ഭാഗങ്ങള്‍ ഒതാം.അല്ലാത്തവന് പൂര്‍ണ്ണ സൂറത്ത് തന്നെ ഉത്തമം.
അഞ്ചു വഖ്ത് നിസ്കാരങ്ങള്‍ക്കും പ്രത്യേക സൂറത്തുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടോ ? നിര്ണ്ണിതമായി എല്ലാ വഖ്തിനുമില്ലെന്കിലും പൊതുവായി ഉണ്ട് എന്ന് തന്നെയാണ് മറുപടി. സുബ്ഹിയില്‍ ഓതേണ്ടത് "ഹുജ്രാതി"ന്റെയും "അമ്മ"യുടെയും ഇടയിലുള്ള സൂറതുകളും ളുഹറില്‍ഇതിനോട് അടുത്തുള്ള സൂറതുകളും അസ്രിലും ഇശാഇലും"അമ്മ"യുടെയും "വള്ളുഹാ"യുടെയും ഇടയിലുള്ള സൂറത്തുകളും മഗ്രിബില്‍ "വല്ലുഹാ" മുതല്‍ "നാസ്" വരെയുള്ള സൂരതുകലുമാണ് ഒതെണ്ടത്.
   എന്നാല്‍ വെള്ളിയാഴ്ചയിലെ നാല് വഖ്തുകളില്‍ ഇതിന് വിപരീതമായി ചില പ്രത്യേക സൂറത്തുകള്‍ പ്രവാചകരില്‍ നിന്ന് റിപ്പോര്‍ട്ടുണ്ട്. അവതന്നെയാണ് അവിടങ്ങളില്‍ ഒതെണ്ടത്.
അവയിങ്ങനെ:

ജുമുഅയില്‍ "സൂറത്തുല്‍ ജുമുഅയും" "മുനാഫിഖൂനയുമോ" "സബ്ബിഹിസ്മ"യും "ഹല്‍അതാക"യുമോ ഒതുക. സുബ്ഹിയില്‍ "സജദ"യും "ഇന്‍സാനും" ഓതുക. വെള്ളിയുടെ സുബ്ഹിയില്‍ പ്രസ്തുത സൂറത്തുകള്‍ തന്നെ നിത്യമായി ഓതണമെന്ന് തന്നെയാണ്. പ്രവാചകര്‍ (സ) അതില്‍ നിത്യമായിരുന്നു എന്നത് തന്നെ കാരണം. എന്നാല്‍ ഈ സൂറകള്‍ ഒരാള്‍ ഓതുന്നില്ലെങ്കില്‍(അറിയാഞ്ഞിട്ടോ മറ്റോ)"സബ്ബിഹിസ്മ"യും ഹല്‍ "അതാക"യും ഓതണമെന്നും അതുമോതുന്നില്ലെങ്കില്‍ "കാഫിരൂനും" "ഇഖ്‌ലാസും" ഓതണമെന്നും ഖല്‍യൂബിയില്‍ കാണാം. വെള്ളിയാഴ്ച രാവില്‍  അഥവാ വ്യാഴം അസ്തമിച്ച ഇശായില്‍ ജുമുഅയില്‍ പറഞ്ഞ സൂറത്തുകള്‍ തന്നെയും മഗ്‌രിബില്‍ കാഫിറൂന്‍ ഇഖ്‌ലാസ് എന്നിവയുമാണ് ഓതേണ്ടത്.
    ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. മേല്‍ പറഞ്ഞ സൂറത്തുകളുടെ ക്രമം തനിച്ച് നിസ്‌കരിക്കുന്നവനോ നിര്‍ണ്ണിത മഅ്മൂമീങ്ങളുള്ളയാള്‍ക്കോ ആണ് ബാധകം. അത്‌കൊണ്ട് തന്നെ നിര്‍ണ്ണിതമല്ലാത്ത മഅ്മൂമീങ്ങളുടെ ഇമാമിനും വഴിയോരപള്ളി(എപ്പോഴും മഅ്മൂമീങ്ങള്‍ വരാനിടയുള്ള പള്ളി) യിലെ ഇമാമിനും മുകളിലെ സൂറത്തുകള്‍ സുന്നത്തില്ല. അവന്‍ എല്ലാ നിസ്‌കാരങ്ങളിലും "വള്ളുഹാ"ക്ക് ശേഷമുള്ള സൂറത്തുകളാണ് ഓതേണ്ടത്. മഅ്മൂമുകള്‍ക്ക് ബുദ്ധിമുട്ടാവാതിരിക്കാനാണിത്. എന്നാല്‍ വെള്ളിയാഴ്ച പ്രത്യേകം പറഞ്ഞ സൂറത്തുകള്‍ ഇവനും ബാധകമാണ്. അവ അങ്ങനെ തന്നെ എല്ലാവരും ഓതേണ്ടതാണ്.
ഓതേണ്ട സൂറത്തുകള്‍ വ്യക്തമായല്ലോ.......ഇനി ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങള്‍.
  • 1.ആദ്യ റക്അത്തിലെ സൂറ രണ്ടാമത്തെ റക്അത്തിലെ സൂറയേക്കാള്‍ വലുതായിരിക്കണം.
  • 2.ഖുര്‍ആനിലെ ക്രമമനുസരിച്ചും തുടര്‍ച്ചയോടെയുമായിരിക്കണമോതേണ്ടത്.എന്നാല്‍ ഇപ്പറഞ്ഞ രണ്ടും ഇവക്കെതിരായി റിപ്പോര്‍ട്ട് ചെയ്യാതിടത്താണെന്ന് ശ്രദ്ധിക്കുക.
  • 3.ക്രമവും വലുപ്പവും എതിരായാല്‍ ക്രമത്തെയാണ് മാനിക്കേണ്ടത്.
ചില സുന്നത്ത് നിസ്‌കാരങ്ങള്‍ക്കും പ്രത്യേക സൂറത്തുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. അവ ഇവിടെ ചര്ച്ചക്കെടുത്തിട്ടില്ല. അത് പോലെ മഗിരിബില്‍ "വല്ലുഹാ"ക്ക് ശേഷമുള്ള ഏതുമാവാമെങ്കിലും ഓരോ ദിവസത്തെ മഗ്‌രിബിനും പ്രത്യേക സൂറത്തുകള്‍ പറയുന്ന ഒരു ബൈത്ത് പ്രസിദ്ധമാണ്. ഖസീനതുല്‍ അസ്‌റാറിന്റെ ഹാമിശില്‍ ഇതുള്ളതായി കേട്ടിട്ടുമുണ്ട്.
يسن في مغرب ليلة الاحد   فيل قريش أولين قد ورد
وليلة الاثنين والخميس   ماعون كوثر سنة في تين
وليلة الثلاث والجمعة   كافر إخلاص بلا ارتياب
وليلة الاربع والسبت   فلق برب الناس هن تمت
നമ്മുടെ സാധാരണയില്‍ ....അഥവാ അസ്തമിച്ച രാത്രി.....എന്നു വെച്ച് ഇവയെ ഇങ്ങനെ പറയാം.
ശനി : ഫീല്‍-ഖുറൈഷ്
ഞായര്‍ : മാഊന്‍- കൌസര്‍
തിങ്കള്‍ : കാഫിര്‍- ഇഖ്‌ലാസ്
ചൊവ്വ : ഫലഖ്- നാസ്
ബുധന്‍ : മാഊന്‍- കൌസര്‍
വ്യാഴം : കാഫിര്‍- ഇഖ്‌ലാസ്
വെള്ളി : ഫലഖ്- നാസ്
മേല്‍ വിവരണത്തില്‍ നിന്ന് ഒരാഴ്ചയിലെ ഓരോ നിസ്‌കാരത്തിനും പ്രത്യേക സുന്നത്തുകള്‍ കാണിക്കുന്ന പട്ടിക തയ്യാറാക്കല്‍ പ്രായോഗികമല്ല എന്ന് മനസ്സിലാകും.കാരണം മിക്ക നിസ്‌കാരങ്ങള്‍ക്കും ഒരു കൂട്ടം (മുഫസ്സല്‍) സൂറത്തുകളില്‍ ഏതുമോതാം എന്നാണ് പറഞ്ഞത്.



യമനൊളി

ഗുരു മൊഴി

                                                ഉമ്മ സ്‌നേഹത്തിന്റെ ഉണ്മ
                                                                                                                -റശീദ് റഹ്മാനി കൈപ്രം
                                                വീട് വിട്ട്
                                                ഒളിവില്‍ ഞാന്‍....
                                                ഉമ്മയെ ഇനി കാണുമോ
                                                ഉമ്മയ്ക്ക് എന്നെ
                                                കാണാതിരിക്കാനാവില്ല
                                                കണ്ണാടിയില്ലാത്തതിനാല്‍
                                                മുഖം നോക്കി വച്ച
                                                പൊട്ടിയ ജനല്‍ ചില്ല്
                                                കൂടെയെടുത്തിട്ടില്ല
                                                അതില്‍ ഉറ്റുനോക്കി
                                                ഉമ്മ എന്നെ
                                                കണ്ടുപിടിക്കുമായിരിക്കും
                                                നല്ല തല്ല് തരുമായിരിക്കും...
                                                                                (വീരാന്‍ കുട്ടി)

                ലബനിസ് കവി ഇബ്രാഹിംബ്‌നു മുന്‍ദിറിന്റെ മനോഹരമായ ഒരു കവിതയുണ്ട്. ഒരു മകന്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി സ്വന്തം മാതാവിന്റെ ഹൃദയം കുത്തിക്കീറിയെടുക്കുന്നു. തനിക്ക് ലഭിക്കാന്‍ പോകുന്ന അമൂല്യ സമ്മാനങ്ങളും രത്‌നങ്ങളും കൈവശപ്പെടുത്താനുള്ള വ്യഗ്രതയില്‍ അയാള്‍ ഓടുന്നു. ഓട്ടത്തിനിടയില്‍  മറിഞ്ഞ് വീഴുന്നു. കയ്യിലിരുന്ന ഉമ്മയുടെ ഹൃദയം വീഴ്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയി.
മണ്ണില്‍ പുതഞ്ഞുപോയ ആ ഹൃദയം അവനോട് ചോദിക്കുകയാണ്...
പൊന്നുമോനേ....! നിനക്ക് വല്ലതും പറ്റിയോ ...?
                                                ഉമ്മ : സ്‌നേഹത്തിന്റെ മഹാ പ്രവാഹമാകുന്നു. സഹനത്തിന്റെ, ക്ഷമയുടെ, കാരുണ്യത്തിന്റെ നിധികുംഭങ്ങള്‍ നിറച്ചുവെച്ച അല്ലാഹുവിന്റെ അത്ഭുത സൃഷ്ടിയാകുന്നു.
ഉമ്മ എന്ന യാഥാര്‍ത്ഥ്യത്തിന്റെ സകല പവിത്രതകളെയും ആവാഹിച്ച ഒരു നബി വചനമുണ്ട്.
അനസ്(റ) വില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്നു.:നബി (സ) പറഞ്ഞു : സ്വര്‍ഗ്ഗം ഉമ്മമാരുടെ കാല്‍ കീഴിലാണ്.
(ദയ്‌ലമി)
സ്വര്‍ഗ്ഗത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന വിശുദ്ധിയുടെ പേരാകുന്നു ഇവിടെ ഉമ്മ.
                മനുഷ്യന് ഏറ്റവും അധികം കടപ്പാടുള്ളത് അല്ലാഹുവിനോട്.. മനുഷ്യ സൃഷ്ടിപ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം അല്ലാഹുവിനുള്ള ആരാധനയെന്നാണ് ഇസ്ലാമിക പാഠം. രണ്ടാമതായി മാതാപിതാക്കളോടാണ് അവന്റെ ബാധ്യതയും കടപ്പാടും.
വിശുദ്ധ ഖുര്‍ആന്‍ സൂറ:അല്‍ ഇസ്‌റാഅ് ഇത് വ്യക്തമാക്കുന്നു. നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. അവനല്ലാതെ നീ ആരാധിക്കരുത്, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യണം.അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടാളുമോ വാര്‍ദ്ധക്യം ബാധിച്ച് നിന്റെ സംരക്ഷണം ആവശ്യമായി വന്നാല്‍ നീ അവരോട് ഛെ , എന്നു പോലും പറയരുത്, പരുഷമായി പെരുമാറരുത്, അവരോട് രണ്ട് പേരോടും മാന്യമായ വാക്കുകള്‍ പറയുക, കാരുണ്യപൂര്‍വ്വം വിനയത്തിന്റെ ചിറക് അവര്‍ക്ക് താഴ്ത്തി കൊടുക്കുക, നീ പ്രാര്‍ത്ഥിക്കുക, നാഥാ... അവരിരുവരും കൊച്ചു നാളില്‍ എന്നെ പരിപാലിച്ച് വളര്‍ത്തിയപോലെ നീയും അവരോട് കാരുണ്യം കാണിക്കണേ ..'  (ഇസ്‌റാഅ് 23,24 ). സൂറ ലുഖ്മാനില്‍ അല്ലാഹു പറയുന്നു :മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ മുല കുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക.  (ലുഖ്മാന്‍ 14)
                സൂറ: ഇസ്‌റാഇലെ വാക്യം വിശദീകരിച്ചുകൊണ്ട് ഇമാം റാസി പറയുന്നു : മുമ്പ് നീ കുഞ്ഞായിരുന്നപ്പോള്‍ ആയിരുന്ന അതേ അവസ്ഥ പോലെ മാതാപിതാക്കള്‍ ബലഹീനതയുടേയും നിസ്സഹായതയുടെയും പ്രായത്തിലെത്തിയാല്‍ അവരോട് ഛെ എന്ന് പോലും പറയരുത്. ഇതിനര്‍ത്ഥം അവരോട് ഒരു കാര്യത്തിലും അനിഷ്ടം പ്രകടിപ്പിക്കരുത്, വേദനയുളവാക്കുന്ന ഒരാക്ഷേപ വാക്കും പറയരുത് എന്നാണ്. ഈ വാക്യം ആശയാര്‍ത്ഥത്തിലല്ല വാചകാര്‍ത്ഥത്തില്‍ തന്നെ എടുക്കണമെന്ന് സാരം.
മാതാപിതാക്കളേക്കാള്‍ ഉച്ചത്തില്‍ സംസാരിക്കുകയോ രോഷത്തോടെ തുറിച്ചു നോക്കുകയോ പോലും ചെയ്യരുത് എന്ന് പണ്ഡിതന്‍മാര്‍ ഈ ആയത്തിനെ വിശദീകരിച്ചുക്കൊണ്ട് പറഞ്ഞിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഞാന്‍ നബി(സ) യോട് ചോദിച്ചു.അല്ലാഹുവുന് ഏറ്റവും പ്രിയങ്കരമായ പ്രവര്‍ത്തി ഏതാണ് ? അവിടുന്ന് പറഞ്ഞു. യഥാ സമയത്തെ നിസ്‌കാരം.ഞാന്‍ ചോദിച്ചു. പിന്നെ ഏതാണ്? മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ അവിടുന്ന് പ്രതിവചിച്ചു.

                മാതാപിതാക്കളില്‍ തന്നെ ഉമ്മയ്ക്കാണ് മക്കളുടെ സ്‌നേഹത്തിന്റെയും ആദരവിന്റെയും വലിയ അവകാശമെന്ന് തിരു നബി (സ) പഠിപ്പിക്കുന്നു. പിതാവിനേക്കാള്‍ മൂന്നിരട്ടി പരിഗണനയ്ക്ക് അര്‍ഹയാണ് ഉമ്മ.
അബൂ ഹുറൈറയില്‍ നിന്ന് നിവേദനം :
ഒരാള്‍ തിരു നബി സന്നിധിയില്‍ വന്ന് ചോദിച്ചു: യാ റസുലല്ലാഹ്..എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ് ?അവിടുന്ന് പറഞ്ഞു :നിന്റെ  ഉമ്മ. . പിന്നെ ആരാണ്? പ്രവാചകന്‍ പ്രതിവചിച്ചു.. നിന്റെ ഉമ്മ. പിന്നെ ആരാണ്? നിന്റെ ഉമ്മ തന്നെ തിരുമേനി  പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു പിന്നെയാരാണ്? നിന്റെ ഉപ്പ     (ബുഖാരി. മുസ്ലിം)



                ഉമ്മ കേവലം ഒരു സ്ത്രീ അല്ല. ഉമ്മത്തിന്റെ, ഭാവി സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ ചരിത്രപരമായ പങ്ക് വഹിക്കേണ്ട മഹത്തായ പദവിയാകുന്നു മാതൃത്വം. അല്ലാഹുവിന്റെ ഖിലാഫത്ത് ഭൂമിയില്‍ നിര്‍വഹിക്കുകയെന്ന മഹത്തായ ദൗത്യമാണ് മനുഷ്യന് ചെയ്ത് തീര്‍ക്കാനുള്ളതെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ ഖിലാഫത്ത് നിര്‍വ്വഹണതത്തിന്റെ പശ്ചാതലമൊരുക്കുകയാണ് ഓരോ ഉമ്മമാരുടെയും ഉത്തരവാദിത്തം. ഉമ്മയാകുന്നു മനുഷ്യന്റെ ആദ്യത്തെ കളിത്തൊട്ടില്‍, പ്രഥമ പാഠശാല. പിച്ചവെച്ചുതുടങ്ങുന്ന കുഞ്ഞ് സംസ്‌കാരത്തിന്റെ ആദ്യ പാഠം പഠിക്കുന്നതും വിശ്വാസത്തിന്റെ ബാലരശ്മികള്‍ ഏറ്റുവാങ്ങുന്ന്തും ഉമ്മയില്‍ നിന്നാണ്. നബി(സ) പറയുന്നു: എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടാണ്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കിത്തീര്‍ക്കുന്നത്.
                ഉമ്മയാണ് കുടുംബത്തിന്റെ കുലീനതയെയും വ്യക്തിത്വത്തെയും നിര്‍ണ്ണയിക്കുന്നത്. മക്കള്‍, അല്ലാഹു മനുഷ്യന് നല്‍കിയ സ്‌നേഹ സമ്മാനമാണെന്നാണ് (ഹിബത്തുള്ളാഹ്) ഇസ്ലാമിക ഭാഷ്യം. അവന്‍ ഈ സമ്മാനം  നല്‍കാന്‍ തൊരഞ്ഞെടുത്ത മാധ്യമം ഉമ്മയുടെ ശരീരമാണെങ്കില്‍ അവരുടെ തര്‍ബിയത്തിന്റെ പ്രഥമ ചുമതലയും അവര്‍ക്ക് തന്നെയാണ്.
ഒരു നബി വചനം നമുക്കിങ്ങനെ വായിക്കാം, നിങ്ങള്‍ കുട്ടികളെ സ്‌നേഹിക്കുക, അവരോട് കരുണ കാണിക്കുക, അവരോട് കരാര്‍ ചെയ്താല്‍ പാലിക്കുക. (ത്വഹാവി)
നമ്മുടെ ഉമ്മമാര്‍ ഏറെ പഠിച്ചു വെക്കേണ്ട ഒരു പാഠമാണിത്. പ്രശ്‌നങ്ങളില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍ വേണ്ടി കുട്ടികള്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കുന്നവരുണ്ട്. എന്നാല്‍ പിന്നീട് അത് പാലിക്കുന്നതില്‍ അവരൊട്ടും ശ്രദ്ധിക്കാറുമില്ല. പിഞ്ചു മനസ്സുകളില്‍ ഇത്തരം വാഗ്ദത്ത ലംഘനങ്ങള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങള്‍ അവരുടെ സ്വഭാവ രൂപീകരണത്തെ പോലും ബാധിക്കാനിടയുണ്ട്. കുട്ടികളുടെ മുമ്പില്‍ വെച്ച് മറ്റുള്ളവരെ ആക്ഷേപിക്കുക, വളര്‍ത്തു മൃഗങ്ങളെയും മറ്റും ക്ഷപിക്കുക, അവരോടൊത്ത് സഭ്യേതരമല്ലാത്ത ഫിലീമുകളും മറ്റും കാണുക തുടങ്ങിയ കാര്യങ്ങളും അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം പല ഉമ്മമാരും ഓര്‍ക്കാറില്ല.
                ഗള്‍ഫ്, നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ഗുണപരമായ   ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അതോടൊപ്പം പ്രവാസം സൃഷ്ടിച്ച സാമൂഹ്യ-സാംസ്‌കാരിക ആഘാതങ്ങളെയും കാണാതിരുന്നുകൂടാ...
ഉമ്മയുടേയും ഉപ്പയുടേയും കര്‍ത്തവ്യങ്ങള്‍ ഒരേ സമയം നിര്‍വഹിക്കേണ്ടി വരുന്ന ഒരു മാപ്പിള സത്രീയാണ് പ്രവാസത്തിന്‍രെ സങ്കീര്‍ണ്ണമായ ഈടുവെപ്പുകളിലൊന്ന്. സാമൂഹ്യ ബോധവും അറിവുമുള്ള സ്വന്തം കുടുംബത്തെക്കുറിച്ചും സമൂഹത്തിന്റെ വളവു തിരിവുകളെപറ്റിയും കൃത്യമായ കാഴ്ചപ്പാടുള്ള ഒരു ഉമ്മ യെയാണ് മലയാളി മുസ്ലിം ഉമ്മത്ത് തേടുന്നത്. ആധുനിക വിദ്യാഭ്യാസം ഒരനിവാര്യതയായി സമൂഹ മനസ്സ് അംഗീകരിക്കുകയും അതേസമയം കാമ്പസുകളടക്കം തങ്ങളുടെ മക്കള്‍ ബന്ധപ്പെടുന്ന ഒരിടവും വേണ്ടത്ര സുരക്ഷിതമല്ലാതായിത്തീരുകയും ചെയ്തുകൊണ്ടിരിക്കുന്ന ആസുരതയാര്‍ന്ന ഒരു  കാലത്ത് ഭാവി തലമുറയുടെ ദീനും ദുന്‍യാവും സംരക്ഷിക്കാന്‍ വഴിയൊരുക്കുകയെന്ന അതീവ ദുഷ്‌കരമായ ദൗത്യമാണ് നമ്മുടെ ഉമ്മമാര്‍ക്ക് ചെയ്തു തീര്‍ക്കാനുള്ളത്. ദൗര്‍ഭാഗ്യ കരമെന്ന് പറയട്ടെ! സമകാലിക സമൂഹത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അജ്ഞത ഒരു ഭാഗത്തും, ഭര്‍ത്താവിന്റെ വേര്‍പാട് സൃഷ്ടിക്കുന്ന മാനസിക, ശാരീരിക പ്രശ്‌നങ്ങള്‍ മറു ഭാഗത്തുമായി നട്ടം തിരിയുന്ന നമ്മുടെ ഉമ്മമാര്‍ ഒടുക്കം വിണ്ഢിപ്പെട്ടിയുടെ മുമ്പില്‍ കണ്ണീര്‍ സീരിയിലുകളില്‍ സമാധാനം കണ്ടെത്തുകയാണ്.
ചരിത്രത്തിലെ ഉമ്മമാര്‍
ചുട്ടു പൊള്ളുന്ന മരുഭൂമി, ചുറ്റും ഭീകരമായ നിശബ്ദത, നോക്കെത്താത്ത ദൂരത്ത് പോലും ഒരു മനുഷ്യന്റെ ശബ്ദം  കേള്‍ക്കാനില്ല. കയ്യിലുള്ള ദാഹ ജലം അവസാനിച്ചിരിക്കുന്നു. കുഞ്ഞ് വാവിട്ട് നിലവിളിക്കുകയാണ്. മരണം മണക്കുന്ന ആ ചുറ്റു പാടില്‍ ഒരു മാതാവ് സഫാ മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ വെപ്രാളത്തോടെ ഓടിക്കൊണ്ടിരിക്കുന്നു. മനസ്സിന്റെ ഏതോ ഒരു കോണില്‍ പ്രതീക്ഷയുടെ കൊച്ചു നാളവും വഹിച്ചുകൊണ്ട്. ഹാജറ: ചരിത്രത്തിന്റെ ഉമ്മ :ഏതൊരു മനുഷ്യനും പതറിപ്പോകുന്ന, പ്രതിസന്ധിയുടെ പോര്‍മുഖത്ത് അജയ്യയായി നില്‍ക്കുന്ന മാതൃത്വം. ഹാജറായുടെ സഹനം സംസമായി പൊട്ടിയൊഴുകുന്നു. ഒപ്പം മനുഷ്യകുലത്തിന്റെ പുതിയ ഒരു പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. അതിലൂടെ ഹാജറാ ചരിത്രത്തിന്റെ ഉന്‍മയാകുന്നു, സംസ്‌കാരത്തിന്റേയും... 
                ഇസ്ലാം പരിചയപ്പെടുത്തിയ ഓരോ സ്ത്രീയും ചരിത്രത്തെയും കാലത്തെയും രൂപപ്പെടുത്താന്‍ കെല്‍പ്പുള്ളവരാണ്. മറിയം ബീവി, മൂസാ(അ)ന്റെ മാതാവ്, ഉവൈസുല്‍ കര്‍നിയുടെ ഉമ്മ, അസ്മാ ബിന്‍ത് അബീബക്‌റ്, ഇമാം ശാഫിഈയുടെയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടേയും ഉമ്മമാര്‍  മാനുഷ്യകത്തിന്റെ മഹാ മാതൃകകളായി അവര്‍ നമുക്ക് മുമ്പിലുണ്ട്. അവരാരും അബലകളല്ല. സമകാലിക മുസ്ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ വയ്ക്കാവുന്ന ഏറ്റവും നല്ല മാതൃകകളാണവര്‍. എല്ലാ പ്രതിസന്ധികളേയും ഒറ്റക്ക് നേരിടേണ്ടി വന്നവര്‍. തവക്കുലിന്റെ, നിശ്ചയ ദാര്‍ഢ്യത്തിന്റെ മാന്ത്രികത്താക്കോലുക്കൊണ്ട് ചരിത്രത്തിലേക്ക് വാതില്‍ തുറന്നവര്‍.ഉമ്മമാരേ.. പരിക. പ്രകാശം പൂക്കുന്ന ആ പാതകളില്‍ നിന്ന് നമുക്കും ഒരു കൈത്തിരിയാവാം......


ലേഖനം


                                                                                                                                                                സ്വദഖത്തുളളാഹ്

സ്ത്രീ ശാക്തീകരണം വഴിയും വഴികേടും                                                          
രായ്ക്കുരാമാനം സ്ത്രീ പീഢന കഥന കഥകള്‍ മാധ്യമങ്ങളില്‍ മുഴച്ചു പൊന്തുന്ന സാഹചര്യത്തില്‍ നാടുനീളെ സകല കുലാപി സംഘടനകളും സ്ത്രീ ശാക്തീകരണം ചര്‍ച്ചാ വിഷയമാക്കിക്കഴിഞ്ഞിരിക്കുന്നു. 'സ്ത്രീ ശാക്തീകരണ' ലേബില്‍ ഒരുവേള ഇവര്‍ നേരും നെറികേടും അറിയാതെ പോയി .
രണ്ടു തരം രീതിശാസ്ത്രമാണ് സമകാലികത്തില്‍ സ്ത്രീ ഉയിര്‍ത്തെഴുനേല്‍പ്പിന്ന് കൈകൊണ്ടിട്ടുള്ളത്.
ഒന്ന്:-
ഫെമിനിസം : സ്ത്രീ സ്വാതന്ത്യത്തിന്റെ നിസ്സീമമായ അപകടാവസ്ഥയാണ് ഫെമിനിസം വിളിച്ചോതുന്നത്.ആമിനാ വദൂദന്മാരും ഖദീജാമും താസുമാരും മറിയാമ്മകളും ഇതിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മ്മാരായി വേല ചെയ്യുന്നു.'അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക്' എന്ന മുദ്രാവാക്യം വര്‍ത്തമാന മുന്നറിയുപ്പുകളാല്‍ ഫെമിനിസത്തിന് തിരുത്തിക്കുറിക്കേണ്ടി വന്നു-'അരങ്ങില്‍ നിന്നും അടുക്കളയിലേക്ക്' എന്നു ചുരുക്കി ദൈവം കനിഞ്ഞേകിയ മാതൃത്വമെന്ന സ്വര്‍ഗീയ പദവിയെ 'റിസ്‌ക്' എന്ന പേരില്‍ പര്‍വ്വതീകരിച്ചു സംപ്രേഷണം ചെയ്യുന്ന മാധ്യമ രംഗങ്ങളും ഇവരുടെ ഉദ്ദേശ്യഅശുദ്ധിയെ ചോദ്യം ചെയ്യുന്നു പോലുമില്ല.
രണ്ട്;-
സനാതന മൂല്യങ്ങളോടു കൂടി അടിച്ചമര്‍ത്തലിന്റെ ബന്ധനസ്ഥനങ്ങളില്‍ നിന്നുള്ള മോചനം. ഈ വര്‍ഷത്തെ നോബല്‍ സമ്മാന ജേതാവ് 'തവക്കുല്‍ കര്‍മ്മാന്‍' എന്ന വിപ്ലവകാരി ഇന്നിന്റെ പ്രതീകമാണ്.രാഷ്ട്ര സുസ്തിതിക്ക് ഈ വക ഉയിര്‍ത്തെഴുനേല്‍പ്പ് ആവശ്യകതയുമാണ്.
പരിശുദ്ധ ദീനുല്‍ ഇസ്‌ലാം ഇവ്വിഷയകമായി സമ്പൂര്‍ണ്ണമായൊരു ചിത്രം സമൂഹ മുമ്പാകെ അവതരിപ്പിക്കുന്നുണ്ട്. കാലത്തെ പഠനറിപ്പോര്‍ട്ടുകള്‍ ഇവകള്‍ ശരിവെക്കുന്നതുമാണ്.സ്ത്രീ പുരുഷനേക്കാള്‍ ബലഹീനരാണ്. ഇത് ചരിത്ര സാക്ഷ്യമാണ്. ബസ് സര്‍വ്വീസുകളില്‍ വികലാംഗര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം സീറ്റ് റിസര്‍വ്വ് ചെയ്തത് സമൂഹം ഈ വാദം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണ്. ഇക്കാരണത്താല്‍ തന്നെ ചില മാര്‍ഗരേഖകള്‍ സ്ത്രീ പാലിക്കേണ്ടതുണ്ട്.
ഒന്ന്:-
സമ്പൂര്‍ണ്ണ വേഷവിധാനം :അന്യരുടെ കട്ടു നോട്ടങ്ങളില്‍ നിന്ന് സ്വയരക്ഷയ്ക്കായുള്ള ഉത്തമ കവചമാണിത്. ആരോപകരുടെ വാദം പ്രകാരം അടിമത്വത്തിന്റെ സിംബലായ 'കറുപ്പിന്റെ' പര്‍ദ്ദയാവണമെന്നില്ല, ശരീരം മയ്ക്കുന്ന തൂവെള്ള വസ്ത്രമായാലും മതി.മലയാള മനോരമ ദിനപത്രം ഇയ്യിടെ പ്രസിദ്ധീകരിച്ച 'കുരുക്ക്@ കേരളത്തിന്റെ' ഫ്‌ളാഷ് ബ്ലാക്കില്‍ ഇങ്ങനെ കുറിക്കുന്നു 'മാതാപിതാക്കള്‍ മക്കളുടെ വേഷവിധാനത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം'. 'ബര്‍സ'യിലെ സബിത മുഖം തുറന്നിട്ടവളായത് കൊണ്ട് സ്ത്രീ വിമോചന പ്രവാചകനാകുന്നില്ല എന്ന് ചുരുക്കം.
രണ്ട്;-
സ്ത്രീ യാത്ര സുരക്ഷിതമാവണം : ഇസ്‌ലാമിലെ മുഖ്യ കര്‍മ്മമായ പരിശുദ്ധ ഹജ്ജിനു പോലും സ്ത്രീകള്‍ക്ക് തനിക്ക് അഭയം നല്‍കുന്ന ഒരുവനെ എത്തിക്കുമ്പോള്‍ മാത്രമാണ് നിശ്ചയമാകുന്നത്. ജൂണ്‍ ലക്കത്തിലെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കവര്‍‌സ്റ്റോറി' രാത്രി കാലങ്ങളില്‍ പെണ്ണുങ്ങള്‍ ഒറ്റയ്ക്കു സഞ്ചരിക്കരുത്' എന്നായിരുന്നു.
മൂന്ന്:- സ്ത്രീ ഗൃഹനാഥയാണ് :' അജ്ഞ കാലഘട്ടത്തിലെ പൂര്‍വ്വികര്‍ ചെയ്തതു പോലെ നിങ്ങള്‍ കുത്തഴിഞ്ഞാടരുത്' എന്നാണ് തിരുവചനം.' വീട്ടിലെ ഭരണാധികാരി സ്ത്രീയാണ്' എന്ന് പ്രവാച മൊഴി. അധികാരത്തിന്റെ അപ്പക്കഷ്ണങ്ങളില്‍ സ്ത്രീ കണ്ണു വെക്കരുതെന്നും അത് ആ സമൂഹത്തിന്റെ പതനമായിരിക്കുമെന്നും നബിതങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കേരള രാഷ്ട്രീയ ചുറ്റുപാടില്‍ നിര്‍ബന്ധിതാവസ്ഥ മൂലം സകല ധര്‍മ്മ നിഷ്ടയോടു കൂടി പങ്കാളികളാവാം. 
നാല്:- കുടുംബ ബാധ്യത ഭര്‍ത്താവില്‍ നിക്ഷിപ്തം :ഭാര്യയുടെയും ഭര്‍ത്താവിന്റെയും ചെലവ് വഹിക്കേണ്ടത് ഭര്‍തതാവാണ്. സഹധര്‍മ്മിണി പ്രിയതമന്റെ പ്രീതി കാംക്ഷിക്കണമെന്ന് മാത്രം. ഭര്‍ത്താവിന്റെ ഉടുപ്പ് അലക്കലോ അടുക്കള പുഴുവാക്കാനോ ഇസ്‌ലാം നിബന്ധന വെക്കുന്നില്ല.
അഞ്ച്:- സ്ത്രീ അനന്തരാവകാശ മര്‍ഹതി :' സ്ത്രീ നസ്വാതന്ത്ര്യ മര്‍ഹതി'(firthly your name is woman-) എന്ന മുദ്രാവാക്യത്തില്‍ നിന്നുവേണം ഇസ്‌ലാം സ്ത്രീ അനന്തരവകാശ മര്‍ഹിക്കുന്നുവെന്ന് ഉദ്‌ഘോഷിച്ചത്.
സ്ത്രീ ശാക്തീകരണം അര്‍ത്ഥമാക്കുന്നത് സ്ത്രീ സ്‌ത്രൈണത കാത്തു കൊള്ളണമെന്നത് തന്നെ. തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമായി അങ്ങാടിയില്‍ ഇറങ്ങണമെന്നോ കെ.എസ്.ആര്‍.ടി.സി ബസ്സ് കണ്ടക്ടറാകണമെന്ന ധ്വനിയോ ഇതിലില്ല.
സ്ത്രീ സംഘടിതാ രൂപം നല്‍കിയാല്‍ ഇതും മറ്റൊരു സ്ത്രീ പുരുഷ വാദത്തിന്ന് മാത്രമേ ഹേതുവാകുന്നുള്ളൂ... നമ്മുടെ ഹാരിമാരെ നാം തന്നെ 'നാരിയ്യില്‍ നിന്ന് കാത്തു കൊള്ളണം.









  
 

കവിത


യാഥാര്‍ത്ഥത്തില്‍.........

കണ്ണുനീരൊഴുക്കുമ്പോഴും കണ്ണ്
ചിരിക്കുകയായിരുന്നു.
ഹൃദയത്തിലേറ്റ മുറിവിന്ന് വേദന
തേനിന്റെ മധുരമായിരുന്നു.
കിളികള്‍ കേട്ടിരുന്ന ശബ്ദം
ചീവീടിന്റെ അലര്‍ച്ചയായിരുന്നു.

നിലാവു വീണു പരന്ന വെള്ളിമുത്തിന്
ഇരുട്ടിന്റെ ശക്തിയായി.
കാലില്‍ ചങ്ങല വലിച്ചു വളര്‍ന്ന പിശാച്
കരയാനും പഠിച്ച മട്ടായി,
അവന്റെ ദ്രോഹത്തിന് ആര്‍ക്കും
വേദനയില്ലാതായി.
എന്നിട്ടും
ഇരുള്‍ നിറഞ്ഞ ലോകത്തിന്
വെളിച്ചം മാത്രമായി അവകാശി
നിഴലുകളവനെ പിന്തുടര്‍ന്ന് ചെന്ന്
കുഴിയില്‍ പതിച്ചു.
കണ്ണുകാണാതവന്‍ തപ്പിപ്പിടിച്ചു കാര്യം
കത്താത്ത മെഴുകുതിരിയായിരുന്നു.

                                                                                                ----ആശിഖ് റഹ്മാന്‍ നീലഗിരി
Next previous home

Search This Blog