യാഹൂ ഇനി മലയാളത്തിലും.........!!!!
യാഹൂ ഇന്ത്യയുടെ മെയില്‍ സേവനങ്ങള്‍ ഇനി ഇന്ത്യയിലെ പ്രധാന എട്ട് പ്രാദേശിക ഭാഷകളിലും ലഭ്യമാവും. ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് വളരെ ഏറെ ഉപകാരപ്രദമായ ഒരു നീക്കമാണിത്. മലയാളത്തിന് പുറമെ, ഹിന്ദി, ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഗുജറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലാണ് ഇനി യാഹൂമെയില്‍ സേവനങ്ങള്‍ ലഭ്യമാവുക. യാഹൂവിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ ഭാഷകളില്‍ ലഭ്യമായിത്തുടങ്ങുന്നത്. ഈ പുതിയ യാഹൂ പതിപ്പ് പുതിയ 22 ഭാഷകളില്‍ ലഭ്യമാണ്. ഇതോടെ ലോകാടിസ്ഥാനത്തില്‍ മൊത്തം 47 ഭാഷകളില്‍ യാഹൂ മെയില്‍ സേവനങ്ങള്‍ ലഭ്യമാണ്. പുതിയ പതിപ്പ്, ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയൊരു ഭാവം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രാദേശിക ഭാഷകളില്‍ മെയില്‍ സേവനങ്ങള്‍ ലഭ്യമാകുന്നതോടെ അത് കമ്പനിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ജനകീയമാകുമെന്നും അവര്‍ അവകാശപ്പെട്ടു. പുതിയ പതിപ്പില്‍ ഉപയോക്താക്കള്‍ക്ക് സഹായകരമായ ധാരാളം അപ്ലേക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഫെയ്‌സ് ബുക്ക്, യാഹൂ ഗ്രൂപ്പുകള്‍, യാഹൂ അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോക്താക്കളുടെ കോണ്‍ടാക്ടുകള്‍ക്ക് തല്‍സമയ മറുപടി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറ്റ് മെയില്‍ ദാതാക്കളുടേതിലെ കോണ്‍ടാക്റ്റുകള്‍ക്ക് പുറമെയാണിത്. ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് തുടങ്ങി സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ കാണാനും പങ്ക് വെക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന അപ്‌ഡേറ്റ് ടാബും പുതയ വേര്‍ഷന്റെ പ്രത്യേകതയാണ്.
നിരന്തര മത്സരങ്ങളുടെ വിളനിലമായ ഇന്റര്‍നെറ്റ് രംഗത്ത് ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് യാഹൂ പുതിയ പതിപ്പിലൂടെ. ആകര്‍ഷകമായ ഡിസൈനും പുതിയ വേര്‍ഷന്റെ സവിശേഷതകളിലൊന്നാണ്.
മുഹമ്മദലി നരിപ്പറ്റ