സത്യവിശ്വാസികളെ, നിങ്ങള്‍ക്കു മുമ്പുള്ളവരോടു കല്‍പ്പിച്ചത് പോലെ
നിങ്ങളോടുമിതാ നോമ്പ് അനുശാസിക്കുന്നു. നിങ്ങള്‍ ആത്മശുദ്ധി കൈവരിക്കാന്‍ വേണ്ടി (വി.ഖു.)
പ്രസാധക കുറിപ്പ്
അനല്‍പ്പമായ ആഹ്ലാദത്തോടെയും അതിലേറെ ദൗത്യനിര്‍വ്വഹണത്തിന്റെ ചാരിതാര്‍ത്ഥ്യത്തോടെയുമാണ് ഞങ്ങള്‍ ഈ കൊച്ചു കൃതി സഹൃദയ സമക്ഷം സമര്‍പ്പിക്കുന്നത്.
ആധികാരിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലത്തില്‍ നിന്ന് കൊണ്ട് തന്നെ വൃതാനുബന്ധ മസ്അലകള്‍ അനായാസം ആര്‍ക്കും മനസിലാവുന്ന, വളരെ ലളിതവും സരളവുമായ ഭാഷാ ശൈലിയിലാണിത് കുറിച്ചിട്ടുള്‌ളത്.ഓരോ നോമ്പുകാരനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചോദ്യോത്തര രീതിയില്‍ ഗ്രഹിക്കും വിധം സമഗ്രവും വിശദവുമായി ഇതില്‍ പ്രതിപാദിക്കുന്നു.കേരളത്തിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാലമായ കെ.കെ.എം ഇസ്‌ലാമിക് അക്കാദമിയിലെ കര്‍മ്മശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ കൂട്ടായ ശ്രമത്തിന്റെ മധുരഫലമായാണ് നിങ്ങളുടെ കൈകളിലെത്തിയിരുക്കുന്ന ഈ കൊച്ചു കൃതി.
ഇത് പ്രസിദ്ധീകൃതമാവുമ്പോള്‍ നന്ദിയോടെ ഓര്‍ക്കേണ്ട പലരുമുണ്ട്.എല്ലാ വിധ പ്രചോദനവും പിന്തുണയും നല്‍കിയ ഗുരുവര്യര്‍ ഇതിനോട് സഹകരിച്ചവര്‍ എല്ലാവര്‍ക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തട്ടെ...
വാക്കുകള്‍ ചുരുക്കുന്നു....... ഇനി വായനക്കാരായ നിങ്ങള്‍ക്ക് ഞങ്ങളിത് സമര്‍പ്പിക്കുന്നു. നാഥാ ഇതൊരു സല്‍കര്‍മ്മമായി സ്വീകരിക്കണമേ..... ഇതിലെന്തങ്കിലും കൈപ്പിഴ സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കണമേ......
പ്രസാധകര്‍
വ്രത വിശുദ്ധിയുടെ പുണ്യനാളുകള്‍
പുണ്യ റമളാനിന്റെ പൊന്നമ്പിളി മേഘക്കീറുകളിലൂടെ വീണ്ടും നമ്മെ നോക്കി പൂമന്ദഹാസം തൂകുന്നു. അതെ പുണ്യങ്ങളുടെ പൂക്കാലം, അനുഗ്രഹീത മാസം, നന്മകളുടെ വസന്തകാലം, പുണ്യ റമളാന്‍ നന്മിലേക്ക് ആഗതമായിരിക്കുന്നു. എങ്ങും അനുഗ്രഹത്തിന്റെ മന്ദമാരുതന്‍ അടിച്ചു വീശുന്നു. ഏഴു വാനങ്ങളും മലര്‍ക്കെ തുറക്കപ്പെട്ട് അനുഗ്രഹത്തിന്റെ തെളിനീര്‍ തുള്ളികള്‍ പേമാരി കണക്കെ പെയ്തിറങ്ങുമ്പോള്‍ ഫലഭൂഷ്ടമായ കായ്ക്കനിക്കള്‍ പാകം ചെയ്യാനുതകുന്ന ഹൃദയവുമായി ഭൂമിലോകം ഒരുങ്ങി നില്‍ക്കുന്നു. അങ്ങനെ ദൈവ സാമീപ്യത്തിന്റെ കൊഴുത്തുകാലമായ റമളാന്‍ നമ്മില്‍ വിരിയിക്കുന്ന വസന്തകാലം അനിര്‍വ്വചനീയമാണ്.
നീണ്ട ഒരു വര്‍ഷക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇനിയും ഒരു വസന്തം പുല്‍കണമെന്ന് ഉല്‍കടമായ ആഗ്രഹങ്ങളുമായി 'റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് ചൊരിയണമേ... റമളാനിലേക്ക് നീ ഞങ്ങളെ എത്തിക്കേണമേ...' എന്ന് റജബിലും ശഅബാനിലും അഞ്ച് നേരവും അകമുരുകി നാഥനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് സ്ഫടിക ഹൃദയവുമായിട്ടാണ് ഓരോ വിശ്വാസിയും റമളാനിലേക്ക് കാലെടുത്തുവെക്കുന്നത്. റമളാനിലെ അമൂല്യമായ ഓരോ നിമിഷങ്ങളും ഇബ്‌ലിസിന്റെ കെണിവലകളില്‍ നിന്നും ഇസ്വ്‌ലാഹിന്റെ ചങ്ങാത്തത്തിലേക്ക് ചവിട്ടു പടികളായി അവന്‍ അനുഭവിച്ചറിയുന്നു.
മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറക്കുകയും ദൈവത്തെ തന്നില്‍ നിന്ന് തന്നെക്കാള്‍ അടുത്തവനായി മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഇസ്‌ലാമികാധ്യാപനങ്ങള്‍. വിശുദ്ധമായ വ്രതത്തിലൂടെ ഈ ഒരു വിശ്വാസം അവനില്‍ ഒന്നു കൂടെ സ്ഥിരപ്രതിഷ്ഠ നേടുന്നു. വിശ്വാസികള്‍ക്ക് വ്രതം നിര്‍ബന്ധമാക്കപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് തൊട്ട് പിറകെ ദൈവ സാമീപ്യത്തെ അറിയാതെ തന്റെ അടിയാറുകള്‍ക്ക് അവന്‍ സമീപസ്തനും, സധാ അടിമയുടെ വിളിക്ക് ഉത്തരം നല്‍കാന്‍ സന്നദ്ധനുമാണെന്ന് അറിയിക്കാന്‍ പ്രവാചകന്‍(സ)യോട് അല്ലാഹു കല്‍പിക്കുന്നു.
'നോമ്പ് എനിക്കുള്ളതാണ് ഞാനാണതിന്ന് പ്രതിഫ ലം നല്‍കുന്നത്' എന്നാണ് നോമ്പുകാരന്റെ മഹത്വത്തൈക്കുറിച്ച് അല്ലാഹു നമ്മെ അറിയിച്ചത്.
മനുഷ്യന്‍ മണ്ണിനാല്‍ പടക്കപ്പെട്ടതിനാല്‍ മണ്ണിനുള്ള വിവിധങ്ങളായ സ്വഭാവങ്ങള്‍ അവനില്‍ കാണാന്‍ സാധിക്കും. നന്മകള്‍ മാത്രം കായ്ക്കുന്ന ഫലഭൂഷ്ഠവും എന്നാല്‍ തരിശുസ്വഭാവമുള്ളതുമായ സ്വഭാവങ്ങള്‍ അവരിലുണ്ട്. നീണ്ട ഒരു മാസത്തെ ആത്മീയതയുടെ പുണ്യനദിയൊഴുക്കി നന്മയുടെ ഉര്‍വ്വരതയും പുഷൂലതയുള്ള മേനിയും മനസ്സും പാകപ്പെടുത്തുകയാണ് മുപ്പത് നാളിലെ നോമ്പിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്.
സര്‍വ്വ തിന്മകളെ തൊട്ടുമുള്ള പരിചയാണ് വ്രതം. അമിതാഹാരം മൂലം മനുഷ്യനില്‍ ഉടലെടുക്കുന്ന അലസതകളും വൈകാരിക അഭിനിവേശങ്ങളും ദേഹേച്ഛയും പരിശുദ്ധ നോമ്പിലൂടെ തടഞ്ഞ് നിര്‍ത്താനാകും. സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും പരകോടി ജനങ്ങള്‍ക്ക് നരക മോചനം നല്‍കപ്പെടുകയും ചെയ്യുന്ന പുണ്യ രാപകലുമായാണ് റമളാന്‍ നമ്മിലേക്ക് വന്നണയുന്നത്. എന്നാല്‍ ശാരീരിക ഇച്ഛകളെ തൊട്ട് വെടിഞ്ഞ് നില്‍ക്കാതെ റമളാനിനെ ഗൗനിക്കാതിരിന്നാലുള്ള കഠിന ശിക്ഷയും അവര്‍ക്ക് ശാപമുണ്ടാവട്ടെ എന്ന ജിബ്‌രീല്‍ (അ)ന്റെ പ്രാര്‍ത്ഥനക്ക് മഹാനായ പ്രവാചകന്‍ (സ) അവിടുത്തെ പരിശുദ്ധമായ മസ്ജിദിന്റെ മിമ്പറില്‍ വെച്ച് സ്വഹാബാക്കളെ സാക്ഷി നിര്‍ത്തി ആമീന്‍ പറഞ്ഞതും എന്നും നമുക്ക് ഓര്‍മ്മവേണം.
റമളാനിന്റെ പുണ്യ ദിനങ്ങള്‍ ദീപ്തമാക്കാന്‍ ഏതൊരു വിശ്വാസിഹൃദയവും വെമ്പല്‍ കൊള്ളുന്നതാണ്. റമളാനിന്റെ പവിത്രതകളും പൊതുവേ പണ്ഡിതന്മാര്‍ക്കും പൊതുജനങ്ങള്‍ക്കും സംശയമുണ്ടാകുന്ന വിഷയങ്ങളും മുന്‍നിറുത്തി കെ.കെ.എം ഇസ്ലാമിക്ക് അക്കാദമിയിലെ ഫിഖ്ഹ് വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ എളിയ പരിശ്രമ ഫലമായാണ് ഈ കൃതി രൂപപ്പെടുന്നത്. ഇതിന് തൗഫീഖ് നല്‍കിയ അല്ലാഹുവിന് സര്‍വ്വ സ്തുതി. ഒരുപാട് പേരുമായി കടപ്പാടുണ്ട്, അവ പറഞ്ഞറിയിക്കാന്‍ മുതിരുന്നില്ല. സര്‍വ്വ ശക്തന്‍ നമ്മുടെ റമളാന്‍ സ്വീകരിക്കപ്പെടാന്‍ ഒരു കാരണമാക്കി ഇത് മാറ്റുമാറാവട്ടെ. ഇരുലോക വിജയത്തിനുള്ള നിദാനമായി ഈ സംരംഭത്തെ വിജയിപ്പിക്കുമാറാവട്ടെ.
ആമീന്‍
വ്രതം: ചോദ്യോത്തരങ്ങള്‍
1. നീതിമാനായ സാക്ഷിയുടെ മൊഴി അനുസരിച്ച് ഖാസി വിധി പ്രഖ്യാപിച്ച ശേഷം സാക്ഷി പിന്‍വലിഞ്ഞാല്‍ പ്രസ്തുത വിധി ദുര്‍ബലപ്പെടുമോ?
ഇല്ല ഇമാം റംലി (റ) പറയുന്നു. മാസം കണ്ടതായി സാക്ഷി നിന്ന അടിസ്ഥാനത്തില്‍ ജനങ്ങള്‍ നോമ്പ് ആരംഭിച്ചു അതിനു ശേഷം സാക്ഷി മടങ്ങിയാലും നോമ്പ് നിര്‍ബന്ധമാണ്.ഇതാണ് പ്രബല വീക്ഷണം ഇതനുസരിച്ച് എണ്ണം മുപ്പത് പൂര്‍ത്തിയായാല്‍ മാസം കണ്ടില്ലെങ്കിലും പെരുന്നാള്‍ ആഘോഷിക്കേണ്ടതാണ്.(നിഹായ:3/155)
2. ദൂരദര്‍ശിനി പോലെയുള്ള ഉപകരണങ്ങള്‍ കൊണ്ട് മാസപ്പിറവി ദര്‍ശിച്ചാല്‍ അത് അവലംബിച്ച് മാസമുറപ്പിക്കാന്‍ പറ്റുമോ?
ഇല്ല. സാക്ഷിമൊഴി സ്വീകരിക്കണമെങ്കില്‍ ശഅ്ബാന്‍ ഇരുപത്തിയൊമ്പതിന്ന് സൂര്യന്‍ അസ്തമിച്ച ശേഷം നഗ്ന നേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ ദര്‍ശിച്ചിരിക്കണം. കണ്ണാടി, വെള്ളം, വിദൂരത്തുള്ളതിനെ അടുത്തായി കാണിക്കുന്ന ദൂരദര്‍ശിനി പോലെയുള്ള ഉപകരണങ്ങള്‍ കൊണ്ടുള്ള കാഴ്ച്ചക്ക് യാതൊരു പരിഗണനയുമില്ല.(തുഹ്ഫ 3/372 ശര്‍വാനി സഹിതം)
3. നേരത്തെ ചന്ദ്ര ദര്‍ശനമുണ്ടായ നാട്ടില്‍ നിന്ന് വൈകി മാസം കണ്ട നാട്ടിലേക്ക് റമളാനില്‍ ഒരാള്‍ യാത്ര പോവുകയും അന്നാട്ടുകാര്‍ക്ക് മുപ്പത് നോമ്പ് ലഭിക്കുകയും ചെയ്താല്‍ ഇയാള്‍ എന്ത് ചെയ്യണം? ഇയാള്‍ക്കിത് മുപ്പത്തിയൊന്നാം നോമ്പാകില്ലേ?
ഇയാള്‍ ആ നാട്ടുകാരോട് യോജിച്ച് നോമ്പെടുക്കണം, ഇയാള്‍ മുപ്പത് പൂര്‍ത്തിയാക്കിയെങ്കിലും ശരി(തുഹ്ഫ). നേരെ തിരിച്ച് വൈകി മാസം കണ്ട നാട്ടില്‍ നിന്ന് നേരത്തെ കാണാനിടയായ നാട്ടിലേക്ക് പോയാലും അവരോട് യോജിക്കുകയാണ് വേണ്ടത്.അവര്‍ക്ക് ഇരുപത്തൊമ്പതേ കിട്ടിയുള്ളൂവെങ്കിലും ഇവന്‍ അവരൊന്നിച്ച് പെരുന്നാള്‍ കഴിക്കുകയും പിന്നീട് ഒരു നോമ്പ് ഖളാഅ് വീട്ടുകയും വേണം.
4. റമളാന്‍ മാസത്തിന്റെ ആദ്യത്തില്‍ 'റമളാന്‍ മാസം മുഴുവന്‍ ഞാന്‍ നോമ്പടുക്കുന്നു' എന്ന് നിയ്യത്ത് ചെയ്താല്‍ സ്വഹീഹാകുമോ?
ആ ദിവസത്തെ നോമ്പിന് അത് മതി. മറ്റു ദിവസങ്ങള്‍ക്ക് അത് മതിയാകില്ല.ഓരോ ദിവസത്തിനും പ്രത്യേകം നിയ്യത്ത് വെക്കണമെന്നാണ് ശാഫിഈ മദ്ഹബ്.മാലികി ഇമാമിന്റെ അടുക്കല്‍ ആദ്യ ദിവസത്തെ നിയ്യത്ത് തന്നെ മതിയാവുന്നതാണ്.
5. സുന്നത്ത് നോമ്പിന്റെ നിയ്യത്ത് ഉച്ചയ്ക്കു മുമ്പ് വെച്ചാല്‍ മതിയല്ലോ. അങ്ങനെ വരുമ്പോള്‍ ഉച്ച വരെ ഭക്ഷണം കഴിക്കല്‍ അനുവദനീയമാണോ?
സുന്നത്ത് നോമ്പിന്റെ നിയ്യത്ത് ഉച്ചയ്ക്കു മുമ്പ് വെച്ചാല്‍ മതിയെങ്കിലും സുബ്ഹി മുതല്‍ തന്നെ നോമ്പിന്റെ എല്ലാ നിബന്ധനകളും പാലിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ നേമ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുകയുള്ളൂ എന്നതു തന്നെ കാരണം (തുഹ്ഫ 3/389)
6. വാങ്ക് കേട്ടാല്‍ വായിലുള്ളത് വിഴുങ്ങാമോ?
വിഴുങ്ങാവതല്ല, എന്ന് മാത്രമല്ല നോമ്പ് മുറിക്കുന്ന എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്നവന്‍ ഉടനെ അതില്‍ നിന്ന് പിന്മാറണം. വീണ്ടും തുടര്‍ന്നാല്‍ നോമ്പ് ബാത്വിലാകും. സുബ്ഹിന്റെ സമയമാകുന്നതിന്റെ മുമ്പ് തന്നെ ഇത്തരം പ്രവൃത്തികളില്‍ നിന്ന് വിരമിക്കലാണ് സൂക്ഷ്മത.
7. മുജാഹിദ് പള്ളികളില്‍ സുബ്ഹി വാങ്ക് എട്ട് മിനിറ്റോളം വൈകിയാണ് കൊടുക്കുന്നത്. ഇവരുടെ വാങ്ക് വരെ അത്താഴം കഴിക്കാമോ?
ഇല്ല.നോമ്പ് തുറക്കുന്ന വേളയിലും അത്താഴ സമയത്തും മുജാഹിദ് പള്ളികളിലെ വാങ്ക് ആസ്പദമാക്കാവതല്ല.നിസ്‌കാര സമയനിര്‍ണ്ണയത്തില്‍ അവര്‍ക്കെത്തിച്ച ഭീമാബദ്ധമാണ് അവരെ ഈ വ്യത്യാസത്തിലെത്തിച്ചത്.ഇക്കാര്യത്തില്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണം.
8. സിറിഞ്ച്, ഗ്ലൂക്കോസ് തുടങ്ങിയവ മൂലം നോമ്പ് മുറിയുമോ?
നോമ്പ് മുറിയുന്നതല്ല, ഇവ ഞരമ്പിലേക്കാണെങ്കിലും ശരി.
9. ആവി പിടിച്ചാല്‍ നോമ്പ് മുറിയുമോ?
മുറിയും. ജലകണങ്ങള്‍ അകത്തേക്ക് പ്രവേശിക്കുന്നു എന്നതാണ് ഇതിനു കാരണം.
10. പുകവലി കാരണം നോമ്പ് മുറിയുമോ?
മുറിയും. പുകയെ ഒരു തടിയുള്ള വസ്തുവായിട്ടാണ് നാം കാണുന്നത്.
11. നോമ്പുകാരന്റെ ശരീരത്തില്‍ നിന്ന് രക്തമെടുത്താല്‍ നോമ്പ് മുറിയുമോ?
ഇല്ല.കാരണം കൊമ്പ് വെക്കുന്നിടത്ത് നോമ്പ് മുറിയില്ല എന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്.
12. ഭക്ഷണം രുചിച്ചു നോക്കിയാല്‍ നോമ്പ് മുറിയുമോ?
ഇല്ല.(ഫത്ഹുല്‍ മുഈന്‍)വയറ്റിലേക്ക് ഒന്നും ഇറക്കരുതെന്ന് മാത്രം.
13. ഉമിനീര്‍ ഇറക്കല്‍ കൊണ്ട് നോമ്പ് മുറിയുമോ?
നോമ്പ് മുറിയുകയില്ല, ഇപ്പറഞ്ഞത് ഉമനീരിന്റെ ഉറവിടമായ വായയില്‍ നിന്ന് നേരെ ഉള്ളിലേക്ക് ഇറങ്ങിയാലാണ്. അതിനാല്‍ മറ്റൊരാളുടെ ഉമിനീര്‍ വിഴുങ്ങിയാലും, സ്വന്തം ഉമിനീര്‍ വായയില്‍ നിന്നും പുറത്തു പോയി ശേഷം വിഴുങ്ങിയാലും നോമ്പ് മുറിയുന്നതാണ്(തുഹ്ഫ 3/405)
14. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ബ്രഷ് ചെയ്താല്‍ നോമ്പ് മുറിയുമോ?
ഇങ്ങനെ ബ്രഷ് ചെയ്യുന്നത് കൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല .പക്ഷെ പേസ്റ്റ് കലര്‍ന്ന ഉമിനീര്‍ ഉള്ളിലേക്ക് ഇറങ്ങിയാല്‍ നോമ്പ് മുറിയുന്നതാണ്. പേസ്റ്റ് ഉപയോഗിച്ച് ബ്രഷ്‌ചെയ്തതിന് ശേഷം വായ ശരിക്കും വൃത്തിയാക്കിയിട്ടില്ലെങ്കില്‍ പേസ്റ്റിന്റെ കലര്‍പ്പുള്ള ഉമിനീര്‍ ഉള്ളിലേക്കിറങ്ങാന്‍ സാധ്യതയുണ്ട്. അതിനാല്‍ പ്രത്യേകം സൂക്ഷിക്കേണ്ടതാണ്.(ഫത്ഹുല്‍ മുഈന്‍ 193,തുഹ്ഫ 3/405)
15. നോമ്പുകാരന് ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യാമോ?
കറാഹത്താണ്. (തുഹ്ഫ)
16. മൂലക്കുരു പുറത്തു വന്നാല്‍ നോമ്പ് മുറിയുമോ?
ഇല്ല. മൂലക്കുരു സ്വയം മടങ്ങിയാലും തള്ളി അകത്താക്കിയാലും നോമ്പ് മുറിയില്ല. കാരണം അദ്ദേഹത്തിന്റെ പ്രയാസങ്ങള്‍ ഇളവിനെ തേടുന്ന തരത്തിലുള്ളതാണ്.
17. സുന്നത്ത് കുളിക്കിടെ വെള്ളം ഉള്ളില്‍ കടന്നാല്‍ നോമ്പ് മുറിയുമോ?
നോമ്പുകാരന്‍ മുങ്ങിക്കുളിക്കല്‍ കറാഹത്താണ്. ഉള്ളിലേക്ക് വെള്ളം കടക്കുമെന്ന് അറിയുന്നതോടു കൂടെ മുങ്ങല്‍ ഹറാമാകുന്നു, മുങ്ങിക്കുളിച്ച് ഉള്ളിലേക്ക് വെള്ളം കടന്നാല്‍ നോമ്പ് മുറിയുന്നതാണ്. ഫര്‍ളോ സുന്നത്തോ ആയ കുളി മുങ്ങാതെ കുളിക്കുകയും മന:പൂര്‍വ്വമല്ലാതെ ഉള്ളിലേക്ക് വെള്ളം കടക്കുകയും ചെയ്താല്‍ നോമ്പ് മുറിയുന്നതല്ല. എന്നാല്‍ തണുപ്പിന് വേണ്ടിയോ, വൃത്തിക്ക് വേണ്ടിയോ കുളിച്ച് വെള്ളം ഉള്ളില്‍ പ്രവേശിച്ചാല്‍ നോമ്പ് മുറിയുന്നതാണ്. (തുഹ്ഫ ശര്‍വാനി 3/406,407)
18. പല്ലില്‍ കെട്ടിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ ഉമിനീരുമായി ലയിച്ച് ചേര്‍ന്നാല്‍ അവ വിഴുങ്ങല്‍ കാരണം നോമ്പ് ബാത്വിലാകുമോ?
ഒരാള്‍ തന്റെ പ്രവര്‍ത്തനം കൊണ്ടല്ലാതെ സ്വയം പല്ലിനിടയില്‍ കുടുങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉമിനീരുമായി ലയിച്ച് ചേര്‍ന്ന നിലയില്‍ വിഴുങ്ങിയാല്‍, ഭക്ഷണത്തെയും ഉമിനീരിനേയും വേര്‍ത്തിരിച്ചെടുക്കാന്‍ സാധ്യമാണെങ്കില്‍ അവന്റെ നോമ്പ് മുറിയും. മറിച്ച് വേര്‍തിരിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ വിഴുങ്ങിയാല്‍ നോമ്പ് മുറിയുന്നതല്ല. (തുഹ്ഫ 3/407,408)
19. 'മദ്‌യ്' പുറപ്പെട്ടാല്‍ നോമ്പ് മുറിയുമോ?
വികാരാരംഭത്തില്‍ പുറപ്പെടുന്ന മദജലമാണ് മദ്‌യ്. അതു പുറപ്പെട്ടാല്‍ ശാഫീ മദ്ഹബ് പ്രകാരം നോമ്പ് മുറിയുകയില്ല. മദ്‌യ് പുറപ്പെട്ടാല്‍ മുറിയുമെന്നാണ് ഇമാം മാലിക്കും(റ)ഇമാം അഹ്മദും(റ) പറയുന്നത് (ശര്‍വാനി3/409)
20. മറയോടുകൂടി സ്വയം ഭോഗം ചെയ്താല്‍ നോമ്പ് മുറിയുമോ?
മറയുണ്ടെങ്കിലും ഇല്ലെങ്കിലും സ്വയം ഭോഗം കൊണ്ട് മനിയ്യ് പുറപ്പെട്ടാല്‍ നോമ്പ് മുറിയും. അതുപോലെത്തന്നെ മറ കൂടാതെയുള്ള സ്പര്‍ശനം മൂലമോ ചുംബനം മുലമോ മനിയ്യ് പുറപ്പെട്ടാലും നോമ്പ് മുറിയും. അതേ സമയം മനിയ്യ് പുറപ്പെടീക്കുക എന്ന ലക്ഷ്യമില്ലാതെ മറയോടുകൂടി ഭാര്യയെ അണച്ചു കൂട്ടിപിടിച്ചു. അതു മൂലം മനിയ്യ് പുറപ്പെട്ടു എങ്കില്‍ നോമ്പ് മുറിയുകയില്ല. അഴകുള്ള ആണ്‍കുട്ടിയെ സ്പര്‍ശിച്ചതിനാല്‍ സ്ഖലനമുണ്ടായാലും നോമ്പ് മുറിയില്ലെങ്കിലും ഖളാഅ് വീട്ടല്‍ സുന്നത്താണ്(തുഹ്ഫ,ശര്‍വാനി 3/410)
21. ചര്‍ദ്ദിച്ചാല്‍ നോമ്പ് മുറിയുമോ?
സ്വയം ചര്‍ദ്ദിക്കല്‍ കൊണ്ട് നോമ്പ് മുറിയുന്നില്ല. ഉണ്ടാക്കി ചര്‍ദ്ദിക്കല്‍ കൊണ്ടാണ് നോമ്പ് മുറിയുന്നത്. അതു തന്നെ മന:പൂര്‍വ്വവും സ്വയം ഇഷ്ടപ്രകാരവും ബാത്വിലാകുമെന്ന് അറിയുന്നവനുമായാല്‍ മാത്രമാണ്. ഉണ്ടാക്കി ചര്‍ദ്ദിക്കല്‍ പോലെത്തന്നെയാണ് തലെ ദിവസം വിഴുങ്ങിയ നൂല്‍ പുറത്തേക്കെടുക്കല്‍. ഇതും നോമ്പിനെ ബാത്വിലാക്കുന്നു.
22. കഫം വിഴുങ്ങിയാല്‍ നോമ്പ് മുറിയുമോ?
കഫം തുപ്പിക്കളയാന്‍ സാധിക്കലോട് കൂടെ വിഴുങ്ങിയാല്‍ നോമ്പ് മുറിയുമെന്നത് അവിതര്‍ക്കിതമാണ്. എന്നാല്‍ കുരയ്ക്കുന്ന സമയത്തോ മറ്റോ കഫം നേരെ ഉള്ളിലേക്ക് ചെന്നാല്‍ നോമ്പ് മുറിയുകയില്ല.
23. തലയിലും ശരീരത്തിലും എണ്ണ പുരട്ടുക, സുറുമയിടുക തുടങ്ങിയവ കൊണ്ട് നോമ്പ് മുറിയുമോ?
തലയിലും ശരീരത്തിലും എണ്ണ തേക്കുന്നതിനാല്‍ രോമക്കുത്തിനിടയിലൂടെ അവ ഉള്ളിലേക്ക് പ്രവേശിക്കുന്നത് കൊണ്ട് നോമ്പ് മുറിയുകയില്ല. അതുകൊണ്ടുള്ള ഫലം ശരീരത്തിന്റെ ഉള്ളിലേക്ക് എത്തിയാലും ശരി, കണ്ണില്‍ സുറുമയിടുന്നതും ഇത് പോലെത്തന്നെയാണ്. സുറുമയുടെ ഫലം തൊണ്ടയില്‍ എത്തുന്നുണ്ടെങ്കിലും ശരി നോമ്പ് മുറിയില്ല. ഇവയൊന്നും തുറക്കപ്പെട്ട ദ്വാരങ്ങളല്ലെന്നതാണ് ഇതിന് കാരണം. ഇവ ദൃഷ്ടിക്ക് വിധേയമല്ലാത്ത വിധം നേരിയ ദ്വാരങ്ങളാണ്.
24. ഗര്‍ഭിണിയായ ഒരു സ്ത്രീ നോമ്പുപേക്ഷിച്ചാല്‍ ഖളാഅ് വീട്ടുന്നതോടൊപ്പം മുദ്ദ് കൊടുേക്കണ്ടതുണ്ടോ?
ഇബ്‌നു ഹജര്‍ (റ) പറയുന്നു: ഗര്‍ഭിണിയും മുല കൊടുക്കുന്നവളും നോമ്പനുഷ്ഠിക്കുന്നത് മൂലം ഗര്‍ഭസ്ഥ ശിശുവിന് അപകടം സംഭവിക്കുമെന്നോ, കുട്ടിക്കു കുടിക്കാനാവശ്യമായ പാല്‍ കുറയുമെന്നോ ഭയപ്പെട്ടാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഭക്ഷ്യ ധാന്യങ്ങളില്‍ നിന്നുള്ള ഒരു മുദ്ദ്(765മില്ലി)ദാനം ചെയ്യുന്നതോടൊപ്പം ഖളാഅ് വീട്ടല്‍ കൂടി നിര്‍ബന്ധമാകും. ഇനി സ്വന്തം ശരീരത്തിനോ, ശരീരത്തിനും കുട്ടിക്കും കൂടിയോ ബുദ്ധിമുട്ട് വരുമെന്ന് ഭയന്നാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടല്‍ മാത്രമെ നിര്‍ബന്ധമുള്ളൂ. മുദ്ദ് കൊടുക്കേണ്ടതില്ല. (തുഹ്ഫ 3/441,442)
25. 'ഇസ്തിഹാള' ത്തുള്ള പെണ്ണിന്റെ നോമ്പ് എങ്ങനെയാണ്?
ആര്‍ത്ത'വമുള്ള ദിവസങ്ങള്‍ അിറിയുന്ന പെണ്ണാണെങ്കില്‍ ആ ദിവസങ്ങളല്ലാത്ത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുകയും ആ ദിനങ്ങളിലെ നോമ്പ് ഖളാഅ് വീട്ടുകയും ചെയ്യുക. ഇനി ആര്‍ത്തവ ദിവസങ്ങള്‍ തിരിച്ചറിയാത്ത പെണ്ണാണെങ്കില്‍ അവള്‍ റമളാന്‍ പൂര്‍ണ്ണമായും നോമ്പനുഷ്ഠിക്കുകയും ശേഷം ഒരു മാസം തുടര്‍ച്ചയായി തന്നെ നോമ്പനുഷ്ഠിക്കുകയും വേണം. ഇതിന് ഇടവിട്ട മുപ്പതു ദിവസങ്ങള്‍ മതിയാവുകയില്ല. ഈ രണ്ടു മാസത്തെ നോമ്പില്‍ നിന്നും അവള്‍ക്ക് 27 അല്ലെങ്കില്‍ 28 ദിവസം ലഭിക്കും.കാരണം, പതിവായ ആര്‍ത്തവം അധികപരിധിയായ 15 ദിവസം തന്നെയാകാനും അതു തുടങ്ങുന്നതും അവസാനിക്കുന്നതും പകലിലാവാനും സാധ്യതയുണ്ട്. അപ്പോള്‍ ഒരു മാസത്തിലെ 16 ദിവസവും അസാധുവായേക്കാം. എങ്കില്‍ ബാക്കിയുള്ള നോമ്പുകള്‍ മൂന്നാം മാസത്തിലെ 18 ദിവസങ്ങളിലെ ആദ്യത്തെയും അവസാനത്തെയും മൂന്നു വീതം ദിവസങ്ങള്‍ നോമ്പനുഷ്ഠിക്കുക . ഇതുവഴി ബാക്കിയുള്ള രണ്ട് നോമ്പും വീണ്ടെടുക്കാന്‍ സാധിക്കുന്നതാണ്. (മഹല്ലി 1/107)
26. ആര്‍ത്തവകാരിക്ക് ശുദ്ധിപ്രാപിക്കുന്നതിന് മുമ്പ് നിയ്യത്തു ചെയ്യാമോ?
ഒരു സ്ത്രീയുടെ പതിവുള്ള ആര്‍ത്തവ നാളുകള്‍ പിന്നിട്ടു കഴിഞ്ഞാല്‍ രാത്രി രക്തം നിലക്കും മുമ്പ് പിറ്റേ ദിവസത്തെ നോമ്പിനു നിയ്യത്തു ചെയ്താല്‍ സുബഹിക്കു മുമ്പ് രക്തം മുറിഞ്ഞു കണ്ടാല്‍ ആ നിയ്യത്ത് പ്രകാരം നോമ്പനുഷ്ടിക്കാം.(തുഹ്ഫ 3/397)
27. തറാവീഹ് നിസ്‌കാരം ഒറ്റയ്ക്കു നിസ്‌കരിക്കാമോ? തറാവീഹ് സ്ത്രീകള്‍ക്കു സുന്നത്തുണ്ടോ?
തറാവീഹ് നിസ്‌കാരം ഒറ്റയ്ക്കും ജമാഅത്തായിട്ടും നിസ്‌കരിക്കാം. സ്ത്രീ പുരുഷ ഭേദമന്യേ ഏവര്‍ക്കും നിസ്‌കരിക്കല്‍ സുന്നത്തുണ്ട്. തറാവീഹ് നിസ്‌കാരം ഞാന്‍ നിസ്‌കരിക്കുന്നു എന്നാണ് ചുരുങ്ങിയ നിയ്യത്ത്. സമയം നിശ്ചയിക്കപ്പെട്ട ഇത്തരം സുന്നത്തു നിസ്‌കാരത്തിന്റെ നിയ്യത്തില്‍ ഞാന്‍ നിസ്‌കരിക്കുന്നു എന്നും ഇന്ന നിസ്‌കാരമെന്നും കരുതലേ നിര്‍ബന്ധമുള്ളൂ.
28. സ്ത്രീകള്‍ സംഘടിച്ച് വീടുകളോ മറ്റോ കേന്ദ്രീകരിച്ച് ഒരു പുരുഷന്റെ നേതൃത്വത്തില്‍ തറാവീഹ് നിസ്‌കരിക്കുന്ന രീതി കണ്ടുവരുന്നു.ഇത് മുമ്പ് പതിവുണ്ടായിരുന്നോ? ഇതിന്റെ വിധി എന്താണ്?
ഉണ്ട്. ഉമര്‍(റ) ഉബയ്യുബ്‌നു കഅ്ബിനെ പുരുഷന്മാര്‍ക്ക് തറാവീഹിന് ഇമാമായി നിശ്ചയിച്ചപ്പോള്‍ തന്നെ സ്ത്രീകള്‍ക്ക് ഇമാമായി സുലൈമാനുബ്‌നു അബീ നസമയെയും നിശ്ചയിച്ചിരുന്നു. (ശര്‍വാനി,ഖല്‍യൂബി)
'സ്ത്രീകള്‍ക്ക് പുരുഷന്‍ ഇമാം നില്‍ക്കുകയാണ് സ്ത്രീ ഇമാം നില്‍ക്കുന്നതിനെക്കാള്‍ ഉത്തമം (മഹല്ലി)
29. തറാവീഹ് നിസ്‌കാരം രണ്ട് റക്അത്ത് വീതമായി തന്നെ നിസ്‌ക്കരിക്കണമോ?
തറാവീഹ് നിസ്‌കാരം ഈരണ്ട് റക്അത്തായി മാത്രമേ നിസ്‌ക്കരിക്കാവൂ. നാലോ അതില്‍ കൂടുതലോ ഒന്നിച്ച് നിസ്‌ക്കരിക്കാവുന്നതല്ല. എല്ലാ രണ്ട് റക്അത്തിലും സലാം വീട്ടിയ നിലയില്‍ മാത്രമേ തറാവീഹ് നിസ്‌കാരം നിവേദനം ചെയ്യപ്പെട്ടിട്ടുള്ളൂ. ജമാഅത്ത് സുന്നത്തുള്ള നിസ്‌കാരമാണല്ലോ തറാവീഹ്, അതിനാല്‍ അത് ഫര്‍ള് നിസ്‌കാരം പോലെയാണ്. ഹദീസില്‍ വന്ന രൂപത്തിലല്ലാതെ നിര്‍വഹിക്കാവതല്ല. (തുഹ്ഫ 2/241)
30. ഒരു സ്ഥലത്തു നിസ്‌കരിച്ച ശേഷം മറ്റൊരു നിസ്‌കാരത്തിനു വേണ്ടി സ്ഥലം മാറല്‍ സുന്നത്തുണ്ടല്ലോ. ഇത് തറാവീഹില്‍ സുന്നത്താണോ?
അതെ. എന്നാല്‍ ഇങ്ങനെ സ്ഥലം മാറല്‍ കൊണ്ട് ഒന്നാം സ്വഫിന്റെ പുണ്യം നഷ്ടപ്പെടുക,നിസ്‌കാരം അലങ്കോലമാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെങ്കില്‍ സുന്നത്തില്ല.
31. റമളാനിലെ വിത്‌റില്‍ ഖുനൂത്ത് മറന്നാല്‍ സഹ്‌വിന്റെ സുജൂദ് ചെയ്യല്‍ സുന്നത്തുണ്ടോ?
സുന്നത്തുണ്ട്. സുന്നത്തുണ്ടെന്ന് ഇമാം റുഅ്‌യാനി (റ)പ്രസ്ഥാവിച്ചിട്ടുണ്ട്. ഇത് ഇമാം ഇബ്‌നു ഹജര്‍ (റ), ഇമാം സര്‍ക്കശി (റ), ഇമാം അര്‍ദബീലി (റ) തുടങ്ങിയവര്‍ എടുത്തുദ്ധരിച്ചിട്ടുമുണ്ട്. (ബിഗ്‌യ, അന്‍വാര്‍ 1/62)
32. തറാവീഹ് വിത്ര്‍ നിസ്‌കാരത്തിന്റെ ശേഷം നിസ്‌കരിക്കാമോ?
നിസ്‌കരിക്കുന്നത് കൊണ്ട് വിരോധമൊന്നുമില്ല. എങ്കിലും വിത്ര്‍ രാത്രിയുടെ അവസാനമാക്കലാണ് ഉത്തമം.(മഹല്ലി 1/127)
33. സംയോഗം കൊണ്ട് നോമ്പ് ഫസാദാക്കിയാല്‍ എന്താണ് പ്രയശ്ചിത്വം ?
റമളാന്‍ നോമ്പ് സംയോഗം മൂലം നഷ്ടപ്പെടുത്തിയാല്‍ പ്രസ്തുത നോമ്പ് വേഗത്തില്‍ ഖളാഅ് വീട്ടല്‍ നിര്‍ബന്ധമാണ്. സംയോഗം നിഷിദ്ധമാണെന്ന് അറിയുന്നവനും മനപ്പൂര്‍വ്വം, മറ്റൊരുവന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെ സംയോഗം മൂലം നഷ്ടപ്പെടുത്തിയവന്‍ എത്രയും വേഗം ഖളാഅ് വീട്ടിയാല്‍ മാത്രം പോര മറിച്ച് പ്രായശ്ചിത്വം നിര്‍ബന്ധമാണ്. മുഅ്മിനായ അടിമയെ മോചിപ്പിക്കുക അതിന്നു സാധ്യമല്ലെങ്കില്‍ രണ്ടു മാസം നോമ്പ് അനുഷ്ഠിക്കുക, അതിനും സാധ്യമല്ലെങ്കില്‍ അറുപതു ഫഖീറിനോ മിസ്‌കീനിനോ നാട്ടിലെ മുഖ്യ ആഹാരത്തില്‍ നിന്ന് ഓരോ മുദ്ദ് വീതം വിതരണം ചെയ്യുക. പ്രസ്തുത ഫഖീര്‍, മിസ്‌കീന്‍ താന്‍ ചെലവു നല്‍കല്‍ നിര്‍ബന്ധമായവര്‍ അല്ലാതിരിക്കണം അടിമയെ മോചിപ്പിക്കുകയാണെങ്കിലും, രണ്ടു മാസം നോമ്പ് അനുഷ്ടിക്കുകയാണെങ്കിലും കഫ്ഫാറത്തിന്റെ നിയ്യത്ത് ആവശ്യമാണ്
34. സംയോഗം മൂലം ബാത്വിലായ സുന്നത്ത് നോമ്പിന് പ്രായശ്ചിത്വം നിര്‍ബന്ധമുണ്ടോ?
ഇല്ല. റമളാന്‍ മാസത്തില്‍ നിന്നുള്ള ഏതെങ്കിലും ഒരു നോമ്പ് സംയോഗം മൂലം ഫസാദാക്കിയാല്‍ മാത്രമേ കഫ്ഫാറത്ത് നിര്‍ബന്ധമാവുകയുള്ളൂ. നേര്‍ച്ച ചെയ്ത നോമ്പായാലും ഖളാആയ നോമ്പായാലും സംയോഗം കാരണത്താല്‍ കഫ്ഫാറത്ത് നിര്‍ബന്ധമാവുകയില്ല.(തുഹ്ഫ 3/447)
35. ഒന്നിലധികം നോമ്പ് സംയോഗം മൂലം ഒരാള്‍ നഷ്ടപ്പെടുത്തിയാല്‍ കഫ്ഫാറത്തിന്റെ എണ്ണം കൂടുമോ?
അതെ, മേല്‍ പറഞ്ഞ വിധം ഒരാള്‍ പത്ത് നോമ്പ് നഷ്ടപ്പെടുത്തിയാല്‍ അയാള്‍ക്ക് പത്ത് കഫ്ഫാറത്തു നിര്‍ബന്ധമാവും.(ഇആനത്ത് 2/234)
36. ഏതെങ്കിലും കഫ്ഫാറത്ത് ബാധ്യതപ്പെട്ട ഒരാളെ തൊട്ട് അതു മറ്റൊരാള്‍ നല്‍കിയാല്‍ മതിയാകുമോ?
കഫ്ഫാറത്തു ബാധ്യതപ്പെട്ടയാളുടെ സമ്മതപ്രകാരം അയാളുടെ കഫ്ഫാറത്ത് മറ്റൊരാള്‍ക്ക് നിര്‍വഹിക്കാവുന്നതാണ്. ഇങ്ങനെ സൗജന്യമായി മറ്റൊരാളുടെ കഫ്ഫാറത്ത് വീട്ടുന്നയാള്‍ക്ക് ബാധ്യതപ്പെട്ടയാളുടെ ആശ്രിതര്‍ക്കും അത് നല്‍കാവുന്നതാണ്.(തുഹ്ഫ,ശര്‍വാനി 3/453)
37. സംയോഗം കൊണ്ട് നോമ്പ് ഫസാദായാല്‍ സ്ത്രീക്കും പ്രായശ്ചിത്ത്വം നിര്‍ബന്ധമുണ്ടോ ?
റമളാന്‍ നോമ്പ് സംയോഗം ചെയ്യല്‍ കൊണ്ട് ഫസാദായാലുള്ള പ്രായാശ്ചിത്ത്വം പുരുഷനു മാത്രമേ നിര്‍ബന്ധമുള്ളൂ. പുരുഷനോട് മാത്രമേ നബി(സ) പ്രായശ്ചിത്ത്വം ചെയ്യാന്‍ കല്‍പിച്ചിട്ടുള്ളൂ (തുഹ്ഫ 3/450)
38. ഫിത്വര്‍ സകാത്ത് പണമായി കൊടുത്താല്‍ മതിയോ ?
നാട്ടിലെ മുഖ്യാഹാരമായി പരിഗണിക്കപ്പെടുന്ന ധാന്യമാണ് ഫിത്വറ് സകാത്തായി നല്‍കേണ്ടത്. നമ്മുടെ നാട്ടിലെ പുഴുകുത്തില്ലാത്ത ഏതു അരിയുമാകാം. ന്യൂനതയുള്ള ഇനം പറ്റില്ല.
39. ഫിത്വര്‍ സകാത്ത് ഒരാളുടെ മേല്‍ എത്രയാണ് നിര്‍ബന്ധമാവുക?
ധാന്യത്തിനു പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ പറ്റില്ല.ഒരാളുടെ വിഹിതമായി ഒരു സ്വാഅ് ആണല്ലോ നല്‍കേണ്ടത് (3 ലിറ്റര്‍ 60 മില്ലി ലിറ്റര്‍) ആണിത്. കൃത്യമായി ഇതിന് തൂക്കം പറയാനാവില്ല. ഇമിയുടെ ഭാരത്തിനനുസരിച്ച് മാറ്റം വരും.
40. 'ഫിത്വര്‍ സകാത്ത്' മാസം കണ്ട നാട്ടില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ?
റമളാനിന്റെ അവസാന ദിവസത്തെ സൂര്യാസ്തമയ സമയത്ത് ഏത് നാട്ടിലാണോ അവിടെയാണ് ഫിത്വറ് സകാത്ത് നല്‍കേണ്ടത.് തല്‍സമയം യാത്രയിലാണെങ്കില്‍ അന്നേരം എവിടെ എത്തിയോ അവിടെയാണ് നല്‍കേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു സ്ഥലത്ത് അവകാശപ്പെട്ട സകാത്ത് മറ്റൊരു സ്ഥലത്തേക്ക് നീക്കം ചെയ്യാമെന്ന അഭിപ്രായം പ്രബലമല്ലെങ്കിലും സ്വീകരിക്കാവുന്നതാണ്.
41. ഫിത്വര്‍ സകാത്ത് പെരുന്നാളിനെക്കാള്‍ മുന്തിക്കാമോ?
പെരുന്നാള്‍ നിസ്‌കാരത്തിനു മുമ്പുതന്നെ വിതരണം ചെയ്യുകയാണ് നല്ലത് പിന്തിക്കല്‍ കറാഹത്താണ്, പക്ഷേ ബന്ധുക്കള്‍, അയല്‍വാസികള്‍ പോലുള്ളവരെ പ്രതീക്ഷിച്ച് പിന്തിക്കല്‍ സുന്നത്താണ.് എന്നാല്‍ സൂര്യാസ്തമയം വിട്ട് പിന്തിക്കല്‍ കാരണമില്ലെങ്കില്‍ ഹറാമാണ്.
42. മുന്‍ പ്രവാചകന്മാര്‍ക്ക് റമളാന്‍ നോമ്പ് നിര്‍ബന്ധമുണ്ടായിരുന്നോ?
റമളാന്‍ നോമ്പ് മറ്റു സമുദായങ്ങള്‍ക്ക് ഇല്ലായിരുന്നെന്നും ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണെന്നുമാണ് പ്രബലം.വിശുദ്ധ ഖുര്‍ആനില്‍ 'മുന്‍ഗാമികള്‍ക്ക് നിര്‍ബന്ധമായ പോലെ' എന്ന് പറഞ്ഞത് കൊണ്ട് നോമ്പ് നിര്‍ബന്ധമായി എന്നേ ഉദ്ദേശ്യമുള്ളൂ.റമളാന്‍ നോമ്പ് എന്നര്‍ത്ഥമില്ലെന്നും പണ്ഡിതര്‍ വിശദീകരിക്കുന്നു.
43. നബി (സ) എത്ര വര്‍ഷം റമളാന്‍ നോമ്പനുഷ്ഠിച്ചിട്ടുണ്ട്?
ഒമ്പതു വര്‍ഷം. ഇതില്‍ ഒരു വര്‍ഷം മാത്രമെ മുപ്പതു നോമ്പ് പൂര്‍ത്തിയായി ലഭിച്ചിട്ടുള്ളൂ.ബാക്കി എട്ടു വര്‍ഷവും ഇരുപത്തി ഒമ്പതിനു ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ മുപ്പതു നോമ്പ് ലഭിച്ചിട്ടില്ല.(ബാജൂരി 1/297)
44. റമളാന്‍ മാസത്തില്‍ ചില പള്ളികളിലും വീടുകളിലും ജനങ്ങള്‍ സംഘടിതമായി തസ്ബീഹ് നിസ്‌കാരം സംഘടിപ്പിക്കാറുണ്ട്.പ്രസ്തുത നിസ്‌കാരത്തില്‍ ജമാഅത്ത് സുന്നത്തുണ്ടോ?
തസ്ബീഹ് നിസ്‌കാരം ഏതു മാസത്തിലായാലും ജമാഅത്ത് സുന്നത്തില്ലെങ്കിലും അനുവദനീയമാണ്.ജനങ്ങള്‍ക്കു പഠിപ്പിച്ചു കൊടുക്കുക,അവര്‍ക്ക് പ്രേരണ നല്‍കുക തുടങ്ങിയ നല്ല ഉദ്ദേശ്യങ്ങളാണ് ജമാഅത്തായി നിസ്‌കരിക്കുന്നതിന്റെ പിന്നിലെങ്കില്‍ പുണ്യവും പ്രതിഫലാര്‍ഹവുമാണ്.പക്ഷേ,ജമാഅത്തായി നിര്‍വഹിക്കുന്നതു കൊണ്ട് ജനങ്ങളെ വിഷമിപ്പിക്കുക പോലുള്ള പ്രവണതകള്‍ ഒഴിവാക്കേണ്ടതാണ്.(ബിഗ്‌യ 67)
45. 'ലൈലത്തുല്‍ ഖദ്ര്‍' എന്നാണ്?
ഈ ദിനം നിര്‍ണ്ണയമല്ല.റമളാനിലെ അവസാന പത്തിലെ ഒറ്റരാവുകളിലാവാനാണു സാധ്യത. ഇരുപത്തി ഒന്നാം രാവോ ഇരുപത്തിമൂന്നാം രാവോ ആവാന്‍ സാധ്യതയുണ്ടെന്നാണു ഇമാം ശാഫിഈ (റ) യുടെ അഭിപ്രായം. ഇരുപത്തി ഏഴാം രാവാണെന്നാണ് മറ്റു പലരും അഭിപ്രായപ്പെട്ടിട്ടുള്ളത്. ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസമെന്നത് എണ്‍പത്തി മൂന്നു വര്‍ഷവും നാലു മാസവുമാണ്. ഇത്രയും വര്‍ഷം നിരന്തരമായി ഇബാദത്തു ചെയ്തതിന്റെ പ്രതിഫലത്തെക്കാള്‍ ലൈലത്തുല്‍ ഖദ്‌റിന്റെ ഒറ്റ രാവില്‍ ഇബാദത്തു ചെയ്താല്‍ ലഭിക്കും. ഇത്രയും മഹത്വമുള്ള ലൈലത്തുല്‍ ഖദ്ര്‍ നമ്മുടെ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ്. മഹത്വമുള്ള രാവ്, കണക്കാക്കുന്ന രാവ് എന്നിങ്ങനെ പല വ്യാഖ്യാനങ്ങളും ഖദ്ര്‍ എന്നതിനു പണ്ഡിതര്‍ നല്‍കിയിട്ടുണ്ട്. അല്ലാഹു തീരുമാനിച്ചുവെച്ച നിശ്ചയങ്ങള്‍ മലക്കുകള്‍ക്ക് വിതരണം ചെയ്യപ്പെടുന്ന രാത്രി എന്നു വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ച രാത്രി റമളാനിലെ ലൈലത്തുല്‍ ഖദ്‌റാണെന്നാണ് പ്രബലാഭിപ്രായം. (തുഹ്ഫ 3/463)
46. ചിലര്‍ 96 നോമ്പ് അനുഷ്ടിക്കുന്നു ഇതിന്നുള്ള അടിസ്ഥാനം എന്താണ്?
റജബ,് ശഅ്ബാന്‍, റമളാന്‍ മാസങ്ങളില്‍ മുഴുവനും ശവ്വാലിലെ ആറു നോമ്പും കൂടിയതാണ് 96 നോമ്പ്. ഇതിന്ന് അടിസ്ഥാനമുണ്ട.് റജബ് മാസത്തിലും ശഅ്ബാന്‍ മാസത്തിലും പൂര്‍ണ്ണമായി നോമ്പ് അനുഷ്ഠിക്കല്‍ സുന്നത്താണ് (ഫതാവല്‍ കുബ്‌റാ 2/66, 76) റമളാന്‍ മാസം നിര്‍ബന്ധവും തുടര്‍ന്നുള്ള ശവ്വാല്‍ 6 ദിവസം പ്രചാരപ്പെട്ട സുന്നത്തുമാണല്ലോ
47. നോമ്പെടുക്കല്‍ സ്വന്തം ശരീരത്തിന് ബുദ്ധിമുട്ടാവുമെന്ന് എങ്ങനെയാണ് മനസ്സിലാവുക?
നീതിമാനായ ഒരു മുസ്ലിം ഡോക്ടര്‍ പറയല്‍ കൊണ്ട്
No comments:
Post a Comment