സത്യവിശ്വാസികളെ, നിങ്ങള്‍ക്കു മുമ്പുള്ളവരോടു കല്‍പ്പിച്ചത് പോലെ
നിങ്ങളോടുമിതാ നോമ്പ് അനുശാസിക്കുന്നു. നിങ്ങള്‍ ആത്മശുദ്ധി കൈവരിക്കാന്‍ വേണ്ടി (വി.ഖു.)
പ്രസാധക കുറിപ്പ്
അനല്‍പ്പമായ ആഹ്ലാദത്തോടെയും അതിലേറെ ദൗത്യനിര്‍വ്വഹണത്തിന്റെ ചാരിതാര്‍ത്ഥ്യത്തോടെയുമാണ് ഞങ്ങള്‍ ഈ കൊച്ചു കൃതി സഹൃദയ സമക്ഷം സമര്‍പ്പിക്കുന്നത്.
ആധികാരിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളുടെ പിന്‍ബലത്തില്‍ നിന്ന് കൊണ്ട് തന്നെ വൃതാനുബന്ധ മസ്അലകള്‍ അനായാസം ആര്‍ക്കും മനസിലാവുന്ന, വളരെ ലളിതവും സരളവുമായ ഭാഷാ ശൈലിയിലാണിത് കുറിച്ചിട്ടുള്ളത്.ഓരോ നോമ്പുകാരനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചോദ്യോത്തര രീതിയില്‍ ഗ്രഹിക്കും വിധം സമഗ്രവും വിശദവുമായി ഇതില്‍ പ്രതിപാദിക്കുന്നു.കേരളത്തിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാലമായ കെ.കെ.എം ഇസ്ലാമിക് അക്കാദമിയിലെ കര്‍മ്മശാസ്ത്ര വിഭാഗം വിദ്യാര്‍ത്ഥികളുടെ കൂട്ടായ ശ്രമത്തിന്റെ മധുരഫലമായാണ് നിങ്ങളുടെ കൈകളിലെത്തിയിരുക്കുന്ന ഈ കൊച്ചു കൃതി.
ഇത് പ്രസിദ്ധീകൃതമാവുമ്പോള്‍ നന്ദിയോടെ ഓര്‍ക്കേണ്ട പലരുമുണ്ട്.എല്ലാ വിധ പ്രചോദനവും പിന്തുണയും നല്കിയ ഗുരുവര്യര്‍ ഇതിനോട് സഹകരിച്ചവര്‍ എല്ലാവര്ക്കും ഹൃദയംഗമായ നന്ദി രേഖപ്പെടുത്തട്ടെ...
വാക്കുകള്‍ ചുരുക്കുന്നു....... ഇനി വായനക്കാരായ നിങ്ങള്‍ക്ക് ഞങ്ങളിത് സമര്‍പ്പിക്കുന്നു. നാഥാ ഇതൊരു സല്‍കര്‍മ്മമായി സ്വീകരിക്കണമേ..... ഇതിലെന്തങ്കിലും കൈപ്പിഴ സംഭവിച്ചിട്ടുണ്ടെങ്കില്‍ പൊറുക്കണമേ......
പ്രസാധകര്
വ്രത വിശുദ്ധിയുടെ പുണ്യനാളുകള്‍
പുണ്യ റമളാനിന്റെ പൊന്നമ്പിളി മേഘക്കീറുകളിലൂടെ വീണ്ടും നമ്മെ നോക്കി പൂമന്ദഹാസം തൂകുന്നു. അതെ പുണ്യങ്ങളുടെ പൂക്കാലം, അനുഗ്രഹീത മാസം, നന്മകളുടെ വസന്തകാലം, പുണ്യ റമളാന്‍ നന്മിലേക്ക് ആഗതമായിരിക്കുന്നു. എങ്ങും അനുഗ്രഹത്തിന്റെ മന്ദമാരുതന് അടിച്ചു വീശുന്നു. ഏഴു വാനങ്ങളും മലര്‍ക്കെ തുറക്കപ്പെട്ട് അനുഗ്രഹത്തിന്റെ തെളിനീര് തുള്ളികള്‍ പേമാരി കണക്കെ പെയ്തിറങ്ങുമ്പോള്‍ ഫലഭൂഷ്ടമായ കായ്ക്കനിക്കള് പാകം ചെയ്യാനുതകുന്ന ഹൃദയവുമായി ഭൂമിലോകം ഒരുങ്ങി നില്ക്കുന്നു. അങ്ങനെ ദൈവ സാമീപ്യത്തിന്റെ കൊഴുത്തുകാലമായ റമളാന്‍ നമ്മില്‍ വിരിയിക്കുന്ന വസന്തകാലം അനിര്‍വ്വചനീയമാണ്.
നീണ്ട ഒരു വര്‍ഷക്കാലത്തെ കാത്തിരിപ്പിന് ശേഷം ഇനിയും ഒരു വസന്തം പുല്‍കണമെന്ന് ഉല്‍കടമായ ആഗ്രഹങ്ങളുമായി 'റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബര്‍ക്കത്ത് ചൊരിയണമേ... റമളാനിലേക്ക് നീ ഞങ്ങളെ എത്തിക്കേണമേ...' എന്ന് റജബിലും ശഅബാനിലും അഞ്ച് നേരവും അകമുരുകി നാഥനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് സ്ഫടിക ഹൃദയവുമായിട്ടാണ് ഓരോ വിശ്വാസിയും റമളാനിലേക്ക് കാലെടുത്തുവെക്കുന്നത്. റമളാനിലെ അമൂല്യമായ ഓരോ നിമിഷങ്ങളും ഇബ്ലിസിന്റെ കെണിവലകളില്‍ നിന്നും ഇസ്വ്ലാഹിന്റെ ചങ്ങാത്തത്തിലേക്ക് ചവിട്ടു പടികളായി അവന് അനുഭവിച്ചറിയുന്നു.
മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറക്കുകയും ദൈവത്തെ തന്നില്‍ നിന്ന് തന്നെക്കാള്‍ അടുത്തവനായി മനസ്സിലാക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഇസ്ലാമികാധ്യാപനങ്ങള്‍. വിശുദ്ധമായ വ്രതത്തിലൂടെ ഈ ഒരു വിശ്വാസം അവനില്‍ ഒന്നു കൂടെ സ്ഥിരപ്രതിഷ്ഠ നേടുന്നു. വിശ്വാസികള്‍ക്ക് വ്രതം നിര്‍ബന്ധമാക്കപ്പെട്ട ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് തൊട്ട് പിറകെ ദൈവ സാമീപ്യത്തെ അറിയാതെ തന്റെ അടിയാറുകള്‍ക്ക് അവന് സമീപസ്തനും, സധാ അടിമയുടെ വിളിക്ക് ഉത്തരം നല്കാന് സന്നദ്ധനുമാണെന്ന് അറിയിക്കാന്‍ പ്രവാചകന്(സ)യോട് അല്ലാഹു കല്പിക്കുന്നു.
'നോമ്പ് എനിക്കുള്ളതാണ് ഞാനാണതിന്ന് പ്രതിഫ ലം നല്‍കുന്നത്' എന്നാണ് നോമ്പുകാരന്റെ മഹത്വത്തൈക്കുറിച്ച് അല്ലാഹു നമ്മെ അറിയിച്ചത്.
മനുഷ്യന് മണ്ണിനാല്‍ പടക്കപ്പെട്ടതിനാല് മണ്ണിനുള്ള വിവിധങ്ങളായ സ്വഭാവങ്ങള്‍ അവനില്‍ കാണാന്‍ സാധിക്കും. നന്മകള് മാത്രം കായ്ക്കുന്ന ഫലഭൂഷ്ഠവും എന്നാല്‍ തരിശുസ്വഭാവമുള്ളതുമായ സ്വഭാവങ്ങള്‍ അവരിലുണ്ട്. നീണ്ട ഒരു മാസത്തെ ആത്മീയതയുടെ പുണ്യനദിയൊഴുക്കി നന്മയുടെ ഉര്‍വ്വരതയും പുഷൂലതയുള്ള മേനിയും മനസ്സും പാകപ്പെടുത്തുകയാണ് മുപ്പത് നാളിലെ നോമ്പിലൂടെ വിശ്വാസികള്‍ ചെയ്യുന്നത്.
സര്‍വ്വ തിന്മകളെ തൊട്ടുമുള്ള പരിചയാണ് വ്രതം. അമിതാഹാരം മൂലം മനുഷ്യനില്‍ ഉടലെടുക്കുന്ന അലസതകളും വൈകാരിക അഭിനിവേശങ്ങളും ദേഹേച്ഛയും പരിശുദ്ധ നോമ്പിലൂടെ തടഞ്ഞ് നിര്‍ത്താനാകും. സ്വര്‍ഗത്തിന്റെ കവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും പരകോടി ജനങ്ങള്‍ക്ക് നരക മോചനം നല്കപ്പെടുകയും ചെയ്യുന്ന പുണ്യ രാപകലുമായാണ് റമളാന്‍ നമ്മിലേക്ക് വന്നണയുന്നത്. എന്നാല്‍ ശാരീരിക ഇച്ഛകളെ തൊട്ട് വെടിഞ്ഞ് നില്‍ക്കാതെ റമളാനിനെ ഗൗനിക്കാതിരിന്നാലുള്ള കഠിന ശിക്ഷയും അവര്‍ക്ക് ശാപമുണ്ടാവട്ടെ എന്ന ജിബ്രീല്‍ (അ)ന്റെ പ്രാര്‍ത്ഥനക്ക് മഹാനായ പ്രവാചകന് (സ) അവിടുത്തെ പരിശുദ്ധമായ മസ്ജിദിന്റെ മിമ്പറില്‍ വെച്ച് സ്വഹാബാക്കളെ സാക്ഷി നിര്‍ത്തി ആമീന്‍ പറഞ്ഞതും എന്നും നമുക്ക് ഓര്‍മ്മവേണം.
റമളാനിന്റെ പുണ്യ ദിനങ്ങള്‍ ദീപ്തമാക്കാന്‍ ഏതൊരു വിശ്വാസിഹൃദയവും വെമ്പല്‍ കൊള്ളുന്നതാണ്. റമളാനിന്റെ പവിത്രതകളും പൊതുവേ പണ്ഡിതന്മാര്ക്കും പൊതുജനങ്ങള്‍ക്കും സംശയമുണ്ടാകുന്ന വിഷയങ്ങളും മുന്‍നിറുത്തി കെ.കെ.എം ഇസ്ലാമിക്ക് അക്കാദമിയിലെ ഫിഖ്ഹ് വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തിയ എളിയ പരിശ്രമ ഫലമായാണ് ഈ കൃതി രൂപപ്പെടുന്നത്. ഇതിന് തൗഫീഖ് നല്കിയ അല്ലാഹുവിന് സര്‍വ്വ സ്തുതി. ഒരുപാട് പേരുമായി കടപ്പാടുണ്ട്, അവ പറഞ്ഞറിയിക്കാന്‍ മുതിരുന്നില്ല. സര്‍വ്വ ശക്തന് നമ്മുടെ റമളാന്‍ സ്വീകരിക്കപ്പെടാന്‍ ഒരു കാരണമാക്കി ഇത് മാറ്റുമാറാവട്ടെ. ഇരുലോക വിജയത്തിനുള്ള നിദാനമായി ഈ സംരംഭത്തെ വിജയിപ്പിക്കുമാറാവട്ടെ.
ആമീന്‍
വ്രതം: ചോദ്യോത്തരങ്ങള്‍
1. നീതിമാനായ സാക്ഷിയുടെ മൊഴി അനുസരിച്ച് ഖാസി വിധി പ്രഖ്യാപിച്ച ശേഷം സാക്ഷി പിന്‍വലിഞ്ഞാല്‍ പ്രസ്തുത വിധി ദുര്‍ബലപ്പെടുമോ?
ഇല്ല ഇമാം റംലി (റ) പറയുന്നു. മാസം കണ്ടതായി സാക്ഷി നിന്ന അടിസ്ഥാനത്തില്‍ ജനങ്ങള്‍ നോമ്പ് ആരംഭിച്ചു അതിനു ശേഷം സാക്ഷി മടങ്ങിയാലും നോമ്പ് നിര്‍ബന്ധമാണ്.ഇതാണ് പ്രബല വീക്ഷണം ഇതനുസരിച്ച് എണ്ണം മുപ്പത് പൂര്‍ത്തിയായാല്‍ മാസം കണ്ടില്ലെങ്കിലും പെരുന്നാള്‍ ആഘോഷിക്കേണ്ടതാണ്.(നിഹായ:3/155)
2. ദൂരദര്‍ശിനി പോലെയുള്ള ഉപകരണങ്ങള്‍ കൊണ്ട് മാസപ്പിറവി ദര്‍ശിച്ചാല്‍ അത് അവലംബിച്ച് മാസമുറപ്പിക്കാന്‍ പറ്റുമോ?
ഇല്ല. സാക്ഷിമൊഴി സ്വീകരിക്കണമെങ്കില്‍ ശഅ്ബാന്‍ ഇരുപത്തിയൊമ്പതിന്ന് സൂര്യന് അസ്തമിച്ച ശേഷം നഗ്ന നേത്രങ്ങള്‍ കൊണ്ട് ചന്ദ്രനെ ദര്‍ശിച്ചിരിക്കണം. കണ്ണാടി, വെള്ളം, വിദൂരത്തുള്ളതിനെ അടുത്തായി കാണിക്കുന്ന ദൂരദര്‍ശിനി പോലെയുള്ള ഉപകരണങ്ങള്‍ കൊണ്ടുള്ള കാഴ്ച്ചക്ക് യാതൊരു പരിഗണനയുമില്ല.(തുഹ്ഫ 3/372 ശര്‍വാനി സഹിതം)