07/02/2012

വെളിച്ചെത്തിനെന്തൊരു വെളിച്ചം

വെളിച്ചെത്തിനെന്തൊരു വെളിച്ചം
അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. വെളിച്ചത്തിനുമേല്‍ വെളിച്ചം. മുഹമ്മദ് നബി(സ) വെളിച്ചമാണ്. അല്ലാഹുവിന്റെ വഴിയിലേക്ക് ക്ഷണിക്കാന്‍ നിയോഗിതനായ ജാജ്വലഭദ്രദീപമാണെന്ന് (സിറാജുല്‍ മുനീര്‍) അഹ്‌സാബ് സൂറ:45-46 വചനങ്ങളിലും കാണാം. പ്രവാചകാനുരാഗ കാവ്യത്തില്‍ അന്‍ത നൂറുന്‍ ഫൗഖ നൂര്‍ എന്നത് ഒരു മഹോന്നത ഉപമാലങ്കാരമാണ്. അല്ലാഹുവിന്റെ നൂറില്‍ നിന്ന് ആവാഹിച്ചെടുത്ത തിരുനബി (സ) യുടെ പരിശുദ്ധ ഒളിവിനെ സ്വീകരിച്ചവരുടെ മുഖങ്ങള്‍ പുനരുദ്ധാരണദിനത്തില്‍ പ്രകാശമായിരിക്കും. പ്രകാശവാനായ നാഥനിലേക്കുള്ള അവരുടെ നോട്ടം കാരണം അവരുടെ വദനങ്ങള്‍ വെട്ടിത്തിളങ്ങും. ആസമയം അവരുടെ പ്രാര്‍ത്ഥന റബ്ബനാ അത്മിം ലനാ നൂറനാ എന്ന പ്രകാശപൂര്‍ത്തിക്കുവേണ്ടിയുള്ള തേട്ടവചനമായിരിക്കും
.
ആഇശാ ബീവിയില്‍ നിന്ന് റിപ്പോര്‍ട്ട്: ഞാന്‍ നബി (സ) യുടെ വസ്ത്രം തുന്നിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സൂചി നിലത്തുവീണു. എത്രതിരഞ്ഞിട്ടും അത് ലഭ്യമായില്ല. താമസം വിനാ റസൂല്‍(സ) കടന്നു വന്നു ആതിരുമുഖത്ത് നിന്ന് പ്രസരിച്ച പ്രകാശത്താല്‍ ഞാനാ സൂചി പെറുക്കിയെടുത്തു.(കന്‍സുല്‍ ഉമാല്‍)
അക്ഷരാര്‍ത്ഥത്തില്‍ പ്രഥമദൃഷ്ടി തിരുനബിയുടെ ഒളിവ് തന്നെയാകുന്നു. പ്രാമാണിക നിബന്ധിയായ സത്യമാണിത്. സുറ: അല്‍-അന്‍ആം 163 ാംവചനം വിശദീകരിച്ച് ഇമാം ആലൂസി രേഖപ്പെടുത്തി അല്ലാഹു ആദ്യം സൃഷ്ടിച്ചത് എന്റെ പ്രകാശമാണെന്ന നബിവചനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണീവചനം. ജാബിറേ അല്ലാഹു ആദ്യം പടച്ചത് നിന്റെ നബി (സ) യുടെ പ്രകാശമാണ് എന്ന ഹദീസ് ഇതിന് ശക്തിയേകുന്നു. (റൂഹുല്‍ മആനി 4/312). ഇസ്മാഈലുല്‍ ഹിഖി തന്റെ റൂഹുല്‍ ബയാനില്‍ നിരവധി സ്ഥലങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. .ഇമാം ശൗകാനി തന്റെ ഫത്ഹുല്‍ ഖദീറിലും (3110) സൂറ: അസ്ഹാബിലെ 7 ാം വചനം വിശദീകരിച്ച് ഇബ്‌നു ജരീറു ത്വിബ്‌രി (റ) തന്റെ ജാമിഉല്‍ ബയാനിലും ഇമാം ഖുര്‍തുബിയും (13/144) സമാന ആശയം രേഖപ്പെടുത്തിയിട്ടുണ്ട്. ആദം (അ) നെ പടക്കുന്നതിന് മുമ്പ് തന്നെ ഉണ്ടായിരുന്നത് ഈ നൂര്‍ ആണ് എന്ന് ഇതില്‍ നിന്നും മനസിലാക്കണം.
സ്വദഖത്തുല്ല ഏറനാട്‌

No comments:

Next previous home

Search This Blog