25/09/2012

ആത്മീയത മനുഷ്യന്റെ ജീവവായു: എം.ജി.എസ്

ആത്മീയത മനുഷ്യന്റെ ജീവവായു: എം.ജി.എസ്  
കാപ്പാട്: ആത്മീയത മനുഷ്യന്റെ ജീവവായുവാണെന്നും ആദ്ധ്യാത്മികതക്ക് പ്രാധാന്യം കല്‍പ്പിക്കാത്ത പ്രത്യായശാസ്ത്രങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്നും പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അഭിപ്രായപ്പെട്ടു. സോവിയറ്റ് യൂണിയന്റെ പതനം ഇതാണ് കാണിക്കുന്നത്. മനുഷ്യന്റെ ആത്മീയ ചോദനകളെ ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തിയ ഭരണകൂടങ്ങള്‍ക്ക് കീഴില്‍ പൊറുതി മുട്ടിയ ജനതയുടെ വിമോചന പ്രഖ്യാപനമായിരുന്നു സോവിയറ്റ് യൂണിയനില്‍ സംഭവിച്ചത്.
ആത്മീയ ഭൗതിക വിഭജനങ്ങള്‍ തന്നെ പ്രകൃതിവിരുദ്ധമാണ്. വിവിധ ദര്‍ശനങ്ങള്‍ മുന്നോട്ട് വെച്ച ചിന്താധാരകളെ സൗഹൃദ ഭാവത്തോടെ സ്വാംശീകരിക്കാന്‍ കഴിഞ്ഞുവെന്നതാണ് ലോകത്ത് കേരളത്തെ വ്യത്യസ്ഥമാക്കി നിര്‍ത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങൡ പരസ്പരം പോരടിക്കുമ്പോഴും തികഞ്ഞ സൗഹൃദ ഭാവം കാത്ത് സൂക്ഷിക്കാന്‍ ഇവിടെയെത്തിയ മതവിഭാഗങ്ങള്‍ക്ക് കഴിഞ്ഞു. ചരിത്രത്തില്‍ നിരവധി തെളിവുകള്‍ ഈ വസ്തുതകള്‍ സാധൂകരിക്കുന്നുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.കെ.എം. ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച 'ഇസ്ദിഹാര്‍ 2012' ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ഹുദാ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ ഉപഹാരം സമര്‍പ്പിച്ചു. അഹ്്മദ് കോയ ഹാജി എം.ഇ.എസിനെ പൊന്നാട അണിയിച്ചു. പ്രിന്‍സിപ്പാള്‍ റഷീദ് റഹ്്മാനി കൈപ്രം അധ്യക്ഷത വഹിച്ചു. ശവീല്‍ യൂണിവേഴ്‌സിറ്റി സ്വാഗതവും ശരീഫ് തോടന്നൂര്‍ നന്ദിയും പറഞ്ഞു.

No comments:

Next previous home

Search This Blog