08/04/2013

മൃതിമരം പൂക്കുന്നു... (കഥ)

മൃതിമരം  പൂക്കുന്നു...    (കഥ)   
                                                  


         

        ചുവപ്പ്, പച്ച, മഞ്ഞ, നീല ഏതെടുക്കും, ചുവപ്പിനോടാണയാള്‍ക്ക് കൂടുതല്‍ പ്രണയം. ഭയാനകതയുടെ, കരാളതയുടെ ചൂടുള്ള രക്തത്തിനും ചുവപ്പ് നിറമാണല്ലോ. എക്യുലിക് കളറിന്റെ മൂടി തുറന്ന് കറുത്ത ബ്രഷ് ചുവപ്പില്‍ മുക്കി കാന്‍വാസിലെ സുന്ദരിയുടെ കണ്ണില്‍ അയാള്‍ പതിയെ അമര്‍ത്തി. സുന്ദരിയുടെ തീക്ഷ്ണതയുടെ നോട്ടം അയാള്‍ക്കല്‍പം പേടിതോന്നി. വിറക്കുന്ന കൈയിലെ ബ്രഷ് വെള്ളത്തിലേക്കെറിഞ്ഞ് അയാള്‍ നിരത്തിലിറങ്ങി.
പ്രകാശന്‍ എന്നാണയാളുടെ പേര്. പേര് ചോദിച്ചാല്‍ വാചാലനായിക്കൊണ്ടിരിക്കുമെങ്കിലും പേരിട്ടവരെക്കുറിച്ച് ചോദിച്ചാല്‍ അയാള്‍ മൗനിയായിരിക്കും. കണ്ണുകളില്‍ തീപാറുന്ന ഭയാനകതയുടെ നോട്ടം അയാളുടെ കൂടപ്പിറപ്പായിരുന്നു. വായില്‍ സ്വര്‍ണ്ണക്കരണിയഫുമായി ജനിച്ചതു പോലെ പകുതി എരിഞ്ഞ സിഗരറ്റ് എപ്പോഴും ചുണ്ടില്‍ തന്നെ കാണും. അലസമായി നീണ്ടുപോയ മുടിയില്‍ ചീര്‍പ്പ് തട്ടിയതിന്റെ നേരിയ ലക്ഷണം പോലുമില്ല. നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഓരോ വാഹനവും അയാളെ പിന്നിലാക്കിക്കൊണ്ടിരുന്നു. പിന്നിട്ട വഴികളില്‍ ചവിട്ടിയ മുള്ളുകള്‍ തറച്ച രക്തപ്പാടുകള്‍ കഴുകിക്കളയാന്‍ അയാള്‍ക്ക് മടിയായിരുന്നു. നിറങ്ങളോടായിരുന്നു അയാള്‍ക്ക് കൂടുതല്‍  ഇഷ്ടം. പ്രത്യേകിച്ചും, കടും ചുവപ്പിനോട്. വെളുപ്പിനോടയാള്‍ക്ക് ദേഷ്യമായിരുന്നു, അമ്പേ ദേഷ്യം.
കണ്ണാടിയില്‍ നോക്കുന്നത് അയാള്‍ക്കിഷ്ടമായിരുന്നില്ല.

പ്രതിബിംബങ്ങള്‍ കൊടുംചതിയന്‍മാരെന്നാണ് അയാളുടെ വിശ്വാസം. അമ്മിഞ്ഞ തന്ന അമ്മ കൊടുംരാത്രികളില്‍ മെഴുകുതിരി വെട്ടത്തില്‍ കുറ്റിക്കാട്ടിലൊളിച്ചതും നുറിന്റെ നാറിയ നോട്ടുകെട്ടുകളുമായി തിരിച്ചു വന്നതും അയാളുടെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. തികഞ്ഞ ക്ഷീണത്തോടെ കട്ടിലില്‍ കമിഴ്ന്നു കിടന്ന് വിയര്‍പ്പു തുടച്ചപ്പോഴും അയാള്‍ക്കൊട്ടും പരിഭവമുണ്ടായിരുന്നില്ല. നാലു ചുവരിലെ ചാണകം പൂശിയ മുറികളില്‍ അയലത്തെ കമലയെ കമിഴ്ത്തി കിടത്തിയ അച്ഛന് തിരികൊളുത്താന്‍ കൈകള്‍ ദാനം ചെയ്തതിനും അയാള്‍ക്ക് വിഷമമേയില്ല. രണ്ടുകാലുകള്‍ക്കു പകരം നാലു കാലില്‍ കറങ്ങി അയാളെ മുട്ടോളം തല്ലിയതിനും അയാള്‍ക്ക് പരാതിയില്ല. ഇടയ്ക്ക് പലപ്പോഴും വായില്‍ പഞ്ചസാര പകര്‍ന്ന് തന്ന ചേച്ചി ഒരു ദിവസം അടിവയറ്റില്‍ പ്രഹരവുമായി കോളേജില്‍ നിന്ന് തിരിച്ചെത്തിയതില്‍ കൂടുതല്‍ സന്തോഷമായിരുന്നു, തനിക്കൊരു കുഞ്ഞനുജനെ നല്‍കിയതിന്.
ചായമക്കാനിയിലെ കണ്ണാടിയില്‍ അയാള്‍ തന്റെ മുഖം നോക്കി. പാതിരാ നേരത്ത് പായ വിരിക്കുന്ന അമ്മയുടെ അതേ കണ്ണുകള്‍. അയലത്തെ സ്ത്രീകള്‍ക്ക് കിടപ്പാടം നല്‍കിയ അച്ഛന്റെ പതിഞ്ഞ മൂക്ക്, കുഞ്ഞനുജനെ നല്‍കിയ ചേച്ചിയുടെ അതേ കണ്ണുകള്‍, മുന്നിലുള്ള കട്ടന്‍ ചായയില്‍ പല്ലി വീണതറിഞ്ഞിട്ടും അയാള്‍ക്കൊരു കുലുക്കവുമില്ല. പല്ലി വീണ ചായ മൊത്തിക്കുടിച്ച് പത്തു രൂപയുടെ പിന്നിയ നോട്ട് കടക്കാരനു നല്‍കി അയാള്‍ പടിയിറങ്ങി. നിരത്തിലെ കറുത്ത കണ്ണുകള്‍ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. സൊറ പറയുന്നവര്‍. അവരുടെ വിഷയം വേശ്യയുടെ മകനെപ്പറ്റിയായി. കോളേജ് കുമാരികള്‍ അയാളെ നോക്കി പല്ലിളിച്ചു. തെണ്ടിപ്പിള്ളേര്‍ കൂകി വിളിച്ച് പിറകെ കൂടി.
പഴകിയ ബ്രഷില്‍ ഒട്ടിച്ചേര്‍ന്ന ചുവന്ന നിറത്തെ കഴുകിക്കൊണ്ട് സുന്ദരിയുടെ കണ്ണില്‍ വെളുത്ത നിറം നല്‍കാന്‍ അയാള്‍ കിണഞ്ഞു പരിശ്രമിച്ചു. വെളുത്തതിന് പകരം ചുവപ്പിനെ തന്നെ ഉതിര്‍ക്കുന്ന ബ്രഷിനോടയാള്‍ക്ക് അമര്‍ഷം തോന്നി. ജീവിതത്തില്‍ അയാള്‍ എപ്പോഴും അയാള്‍ ഇങ്ങനെയായിരുന്നു. സാക്ഷിത് കാര്യങ്ങള്‍ ഒട്ടും തന്നെയില്ലായിരുന്നു. പുസ്തകത്തില്‍ മയില്‍ പീലിക്ക് പകരം അധികവും പെറ്റുപെരുകിയത് അധികവും കഴുകന്റെ ചെറു തൂവലുകളായിരുന്നു. വെളുത്ത റോസാ പൂക്കള്‍ നല്‍കി വഴിവക്കില്‍ പലവട്ടം കാത്തുനിന്ന പ്രാണസഖിയും ചെമ്പരത്തി മാത്രം തൂക്കിയിട്ട് പടിയകന്നത് മറക്കാനാവില്ല.
കറുത്ത കറുത്ത കാക്ക ഒരിക്കല്‍ വെളുക്കണമെന്ന് വിചാരിച്ച് കിണറ്റിലിറങ്ങി. രാവോളം പകലോളം അന്തിയോളം കുളിച്ചു. പിന്നീട് പുറത്തിറങ്ങിയ കാക്ക കണ്ടത് പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും കറുത്തിരുണണ്ടു പോയതാണ്. കാക്കയെപ്പോലെ അയാളും ശ്രമിച്ചിരുന്നു ഒരു വിജയത്തിന്. പക്ഷ, സാധിച്ചില്ല. തൂങ്ങിയാടുന്ന കണ്ണാടിയില്‍ കാണുന്നത് അയാളുടെ വികൃതവും വൃത്തികെട്ടതുമായ മുഖമായിരുന്നില്ല. തിരുത്താന്‍ ഏറെ ശ്രമിച്ചിട്ടും സാധിക്കാതെ പോയത്. ദ്രവിച്ച മച്ചിന്‍ മുകളില്‍ തൂങ്ങിയാടുമ്പോഴും അയാള്‍ക്കറിയില്ലായിരുന്നു, കണ്ണാടിയില്‍ നോക്കരുതായിരുന്നു എന്ന്.....
ജനൂബ് കെ.പി
 

1 comment:

Unknown said...

nice work best wishes be a story writter i like it very goooooooooooooooooooooooooood out standing

Next previous home

Search This Blog