ഉമ്മ സ്‌നേഹത്തിന്റെ
ഉണ്മ
-റശീദ് റഹ്മാനി കൈപ്രം
വീട് വിട്ട്
ഒളിവില്‍ ഞാന്‍....
ഉമ്മയെ ഇനി കാണുമോ
ഉമ്മയ്ക്ക് എന്നെ
കാണാതിരിക്കാനാവില്ല
കണ്ണാടിയില്ലാത്തതിനാല്‍
മുഖം നോക്കി വച്ച
പൊട്ടിയ ജനല്‍ ചില്ല്
കൂടെയെടുത്തിട്ടില്ല
അതില്‍ ഉറ്റുനോക്കി
ഉമ്മ എന്നെ
കണ്ടുപിടിക്കുമായിരിക്കും
നല്ല തല്ല് തരുമായിരിക്കും...
(വീരാന്‍ കുട്ടി)
ലബനിസ് കവി ഇബ്രാഹിംബ്‌നു മുന്‍ദിറിന്റെ മനോഹരമായ
ഒരു കവിതയുണ്ട്. ഒരു മകന്‍ പ്രലോഭനങ്ങള്‍ക്ക് വഴങ്ങി സ്വന്തം മാതാവിന്റെ ഹൃദയം കുത്തിക്കീറിയെടുക്കുന്നു.
തനിക്ക് ലഭിക്കാന്‍ പോകുന്ന അമൂല്യ സമ്മാനങ്ങളും രത്‌നങ്ങളും കൈവശപ്പെടുത്താനുള്ള വ്യഗ്രതയില്‍
അയാള്‍ ഓടുന്നു. ഓട്ടത്തിനിടയില്‍ മറിഞ്ഞ്
വീഴുന്നു. കയ്യിലിരുന്ന ഉമ്മയുടെ ഹൃദയം വീഴ്ചയുടെ ആഘാതത്തില്‍ തെറിച്ചുപോയി.
മണ്ണില്‍ പുതഞ്ഞുപോയ
ആ ഹൃദയം അവനോട് ചോദിക്കുകയാണ്...
പൊന്നുമോനേ....! നിനക്ക്
വല്ലതും പറ്റിയോ ...?
ഉമ്മ : സ്‌നേഹത്തിന്റെ മഹാ പ്രവാഹമാകുന്നു. സഹനത്തിന്റെ,
ക്ഷമയുടെ, കാരുണ്യത്തിന്റെ നിധികുംഭങ്ങള്‍ നിറച്ചുവെച്ച അല്ലാഹുവിന്റെ
അത്ഭുത സൃഷ്ടിയാകുന്നു.
ഉമ്മ എന്ന യാഥാര്‍ത്ഥ്യത്തിന്റെ
സകല പവിത്രതകളെയും ആവാഹിച്ച ഒരു നബി വചനമുണ്ട്.
അനസ്(റ) വില്‍ നിന്ന്
ഉദ്ധരിക്കപ്പെടുന്നു.:നബി (സ) പറഞ്ഞു : സ്വര്‍ഗ്ഗം ഉമ്മമാരുടെ കാല്‍ കീഴിലാണ്.
(ദയ്‌ലമി)
സ്വര്‍ഗ്ഗത്തേക്കാള്‍
ഉയര്‍ന്നു നില്‍ക്കുന്ന വിശുദ്ധിയുടെ പേരാകുന്നു ഇവിടെ ഉമ്മ.
മനുഷ്യന് ഏറ്റവും അധികം കടപ്പാടുള്ളത് അല്ലാഹുവിനോട്..
മനുഷ്യ സൃഷ്ടിപ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം അല്ലാഹുവിനുള്ള ആരാധനയെന്നാണ് ഇസ്ലാമിക പാഠം.
രണ്ടാമതായി മാതാപിതാക്കളോടാണ് അവന്റെ ബാധ്യതയും കടപ്പാടും.
വിശുദ്ധ ഖുര്‍ആന്‍
സൂറ:അല്‍ ഇസ്‌റാഅ് ഇത് വ്യക്തമാക്കുന്നു. നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു. അവനല്ലാതെ
നീ ആരാധിക്കരുത്, മാതാപിതാക്കള്‍ക്ക്
നന്‍മ ചെയ്യണം.അവരില്‍ ഒരാളോ അല്ലെങ്കില്‍ രണ്ടാളുമോ വാര്‍ദ്ധക്യം ബാധിച്ച് നിന്റെ
സംരക്ഷണം ആവശ്യമായി വന്നാല്‍ നീ അവരോട് ഛെ , എന്നു പോലും പറയരുത്, പരുഷമായി പെരുമാറരുത്, അവരോട് രണ്ട് പേരോടും മാന്യമായ വാക്കുകള്‍ പറയുക, കാരുണ്യപൂര്‍വ്വം വിനയത്തിന്റെ ചിറക് അവര്‍ക്ക്
താഴ്ത്തി കൊടുക്കുക, നീ പ്രാര്‍ത്ഥിക്കുക,
നാഥാ... അവരിരുവരും കൊച്ചു നാളില്‍ എന്നെ പരിപാലിച്ച്
വളര്‍ത്തിയപോലെ നീയും അവരോട് കാരുണ്യം കാണിക്കണേ ..' (ഇസ്‌റാഅ് 23,24
). സൂറ ലുഖ്മാനില്‍ അല്ലാഹു പറയുന്നു :മനുഷ്യനോട് അവന്റെ മാതാപിതാക്കളുടെ കാര്യം നാം
ഉപദേശിച്ചിരിക്കുന്നു. കടുത്ത ക്ഷീണത്തോടെയാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നത്. അവന്റെ
മുല കുടി നിര്‍ത്താന്‍ രണ്ടു വര്‍ഷം വേണം. നീ എന്നോടും നിന്റെ മാതാപിതാക്കളോടും നന്ദി
കാണിക്കുക. (ലുഖ്മാന്‍ 14)
സൂറ: ഇസ്‌റാഇലെ വാക്യം വിശദീകരിച്ചുകൊണ്ട് ഇമാം
റാസി പറയുന്നു : മുമ്പ് നീ കുഞ്ഞായിരുന്നപ്പോള്‍ ആയിരുന്ന അതേ അവസ്ഥ പോലെ മാതാപിതാക്കള്‍
ബലഹീനതയുടേയും നിസ്സഹായതയുടെയും പ്രായത്തിലെത്തിയാല്‍ അവരോട് ഛെ എന്ന് പോലും പറയരുത്.
ഇതിനര്‍ത്ഥം അവരോട് ഒരു കാര്യത്തിലും അനിഷ്ടം പ്രകടിപ്പിക്കരുത്, വേദനയുളവാക്കുന്ന ഒരാക്ഷേപ വാക്കും പറയരുത് എന്നാണ്.
ഈ വാക്യം ആശയാര്‍ത്ഥത്തിലല്ല വാചകാര്‍ത്ഥത്തില്‍ തന്നെ എടുക്കണമെന്ന് സാരം.
മാതാപിതാക്കളേക്കാള്‍
ഉച്ചത്തില്‍ സംസാരിക്കുകയോ രോഷത്തോടെ തുറിച്ചു നോക്കുകയോ പോലും ചെയ്യരുത് എന്ന് പണ്ഡിതന്‍മാര്‍
ഈ ആയത്തിനെ വിശദീകരിച്ചുക്കൊണ്ട് പറഞ്ഞിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു
മസ്ഊദ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരമാണ്. ഞാന്‍ നബി(സ) യോട് ചോദിച്ചു.അല്ലാഹുവുന്
ഏറ്റവും പ്രിയങ്കരമായ പ്രവര്‍ത്തി ഏതാണ് ? അവിടുന്ന് പറഞ്ഞു. യഥാ സമയത്തെ നിസ്‌കാരം.ഞാന്‍ ചോദിച്ചു. പിന്നെ ഏതാണ്?
മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ അവിടുന്ന് പ്രതിവചിച്ചു.
മാതാപിതാക്കളില്‍ തന്നെ ഉമ്മയ്ക്കാണ് മക്കളുടെ സ്‌നേഹത്തിന്റെയും
ആദരവിന്റെയും വലിയ അവകാശമെന്ന് തിരു നബി (സ) പഠിപ്പിക്കുന്നു. പിതാവിനേക്കാള്‍ മൂന്നിരട്ടി
പരിഗണനയ്ക്ക് അര്‍ഹയാണ് ഉമ്മ.
അബൂ ഹുറൈറയില്‍ നിന്ന്
നിവേദനം :
ഒരാള്‍ തിരു നബി സന്നിധിയില്‍
വന്ന് ചോദിച്ചു: യാ റസുലല്ലാഹ്..എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അര്‍ഹന്‍ ആരാണ്
?അവിടുന്ന് പറഞ്ഞു :നിന്റെ ഉമ്മ. . പിന്നെ ആരാണ്? പ്രവാചകന്‍ പ്രതിവചിച്ചു.. നിന്റെ ഉമ്മ. പിന്നെ ആരാണ്?
നിന്റെ ഉമ്മ തന്നെ തിരുമേനി പറഞ്ഞു. അയാള്‍ വീണ്ടും ചോദിച്ചു പിന്നെയാരാണ്?
നിന്റെ ഉപ്പ (ബുഖാരി. മുസ്ലിം)
ഉമ്മ കേവലം ഒരു സ്ത്രീ അല്ല. ഉമ്മത്തിന്റെ,
ഭാവി സമൂഹത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍
ചരിത്രപരമായ പങ്ക് വഹിക്കേണ്ട മഹത്തായ പദവിയാകുന്നു മാതൃത്വം. അല്ലാഹുവിന്റെ ഖിലാഫത്ത്
ഭൂമിയില്‍ നിര്‍വഹിക്കുകയെന്ന മഹത്തായ ദൗത്യമാണ് മനുഷ്യന് ചെയ്ത് തീര്‍ക്കാനുള്ളതെന്ന്
വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈ ഖിലാഫത്ത് നിര്‍വ്വഹണതത്തിന്റെ പശ്ചാതലമൊരുക്കുകയാണ്
ഓരോ ഉമ്മമാരുടെയും ഉത്തരവാദിത്തം. ഉമ്മയാകുന്നു മനുഷ്യന്റെ ആദ്യത്തെ കളിത്തൊട്ടില്‍, പ്രഥമ പാഠശാല. പിച്ചവെച്ചുതുടങ്ങുന്ന കുഞ്ഞ് സംസ്‌കാരത്തിന്റെ
ആദ്യ പാഠം പഠിക്കുന്നതും വിശ്വാസത്തിന്റെ ബാലരശ്മികള്‍ ഏറ്റുവാങ്ങുന്ന്തും ഉമ്മയില്‍
നിന്നാണ്. നബി(സ) പറയുന്നു: എല്ലാ കുട്ടികളും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടാണ്. പിന്നീട്
അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രിസ്ത്യാനിയും മജൂസിയുമാക്കിത്തീര്‍ക്കുന്നത്.
ഉമ്മയാണ് കുടുംബത്തിന്റെ കുലീനതയെയും വ്യക്തിത്വത്തെയും
നിര്‍ണ്ണയിക്കുന്നത്. മക്കള്‍, അല്ലാഹു മനുഷ്യന്
നല്‍കിയ സ്‌നേഹ സമ്മാനമാണെന്നാണ് (ഹിബത്തുള്ളാഹ്) ഇസ്ലാമിക ഭാഷ്യം. അവന്‍ ഈ സമ്മാനം നല്‍കാന്‍ തൊരഞ്ഞെടുത്ത മാധ്യമം ഉമ്മയുടെ ശരീരമാണെങ്കില്‍
അവരുടെ തര്‍ബിയത്തിന്റെ പ്രഥമ ചുമതലയും അവര്‍ക്ക് തന്നെയാണ്.
ഒരു നബി വചനം നമുക്കിങ്ങനെ
വായിക്കാം, നിങ്ങള്‍ കുട്ടികളെ
സ്‌നേഹിക്കുക, അവരോട് കരുണ കാണിക്കുക,
അവരോട് കരാര്‍ ചെയ്താല്‍ പാലിക്കുക. (ത്വഹാവി)
നമ്മുടെ ഉമ്മമാര്‍
ഏറെ പഠിച്ചു വെക്കേണ്ട ഒരു പാഠമാണിത്. പ്രശ്‌നങ്ങളില്‍ നിന്നും താല്‍ക്കാലികമായി രക്ഷപ്പെടാന്‍
വേണ്ടി കുട്ടികള്‍ക്ക് പല വാഗ്ദാനങ്ങളും നല്‍കുന്നവരുണ്ട്. എന്നാല്‍ പിന്നീട് അത് പാലിക്കുന്നതില്‍
അവരൊട്ടും ശ്രദ്ധിക്കാറുമില്ല. പിഞ്ചു മനസ്സുകളില്‍ ഇത്തരം വാഗ്ദത്ത ലംഘനങ്ങള്‍ സൃഷ്ടിക്കുന്ന
അനുരണനങ്ങള്‍ അവരുടെ സ്വഭാവ രൂപീകരണത്തെ പോലും ബാധിക്കാനിടയുണ്ട്. കുട്ടികളുടെ മുമ്പില്‍
വെച്ച് മറ്റുള്ളവരെ ആക്ഷേപിക്കുക, വളര്‍ത്തു മൃഗങ്ങളെയും
മറ്റും ക്ഷപിക്കുക, അവരോടൊത്ത് സഭ്യേതരമല്ലാത്ത
ഫിലീമുകളും മറ്റും കാണുക തുടങ്ങിയ കാര്യങ്ങളും അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന
കാര്യം പല ഉമ്മമാരും ഓര്‍ക്കാറില്ല.
ഗള്‍ഫ്, നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്. അതോടൊപ്പം
പ്രവാസം സൃഷ്ടിച്ച സാമൂഹ്യ-സാംസ്‌കാരിക ആഘാതങ്ങളെയും കാണാതിരുന്നുകൂടാ...
ഉമ്മയുടേയും ഉപ്പയുടേയും
കര്‍ത്തവ്യങ്ങള്‍ ഒരേ സമയം നിര്‍വഹിക്കേണ്ടി വരുന്ന ഒരു മാപ്പിള സത്രീയാണ് പ്രവാസത്തിന്‍രെ
സങ്കീര്‍ണ്ണമായ ഈടുവെപ്പുകളിലൊന്ന്. സാമൂഹ്യ ബോധവും അറിവുമുള്ള സ്വന്തം കുടുംബത്തെക്കുറിച്ചും
സമൂഹത്തിന്റെ വളവു തിരിവുകളെപറ്റിയും കൃത്യമായ കാഴ്ചപ്പാടുള്ള ഒരു ഉമ്മ യെയാണ് മലയാളി
മുസ്ലിം ഉമ്മത്ത് തേടുന്നത്. ആധുനിക വിദ്യാഭ്യാസം ഒരനിവാര്യതയായി സമൂഹ മനസ്സ് അംഗീകരിക്കുകയും
അതേസമയം കാമ്പസുകളടക്കം തങ്ങളുടെ മക്കള്‍ ബന്ധപ്പെടുന്ന ഒരിടവും വേണ്ടത്ര സുരക്ഷിതമല്ലാതായിത്തീരുകയും
ചെയ്തുകൊണ്ടിരിക്കുന്ന ആസുരതയാര്‍ന്ന ഒരു കാലത്ത്
ഭാവി തലമുറയുടെ ദീനും ദുന്‍യാവും സംരക്ഷിക്കാന്‍ വഴിയൊരുക്കുകയെന്ന അതീവ ദുഷ്‌കരമായ
ദൗത്യമാണ് നമ്മുടെ ഉമ്മമാര്‍ക്ക് ചെയ്തു തീര്‍ക്കാനുള്ളത്. ദൗര്‍ഭാഗ്യ കരമെന്ന് പറയട്ടെ!
സമകാലിക സമൂഹത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അജ്ഞത ഒരു ഭാഗത്തും, ഭര്‍ത്താവിന്റെ വേര്‍പാട് സൃഷ്ടിക്കുന്ന മാനസിക,
ശാരീരിക പ്രശ്‌നങ്ങള്‍ മറു ഭാഗത്തുമായി നട്ടം തിരിയുന്ന
നമ്മുടെ ഉമ്മമാര്‍ ഒടുക്കം വിണ്ഢിപ്പെട്ടിയുടെ മുമ്പില്‍ കണ്ണീര്‍ സീരിയിലുകളില്‍ സമാധാനം
കണ്ടെത്തുകയാണ്.
ചരിത്രത്തിലെ ഉമ്മമാര്‍
ചുട്ടു പൊള്ളുന്ന
മരുഭൂമി, ചുറ്റും ഭീകരമായ നിശബ്ദത,
നോക്കെത്താത്ത ദൂരത്ത് പോലും ഒരു മനുഷ്യന്റെ ശബ്ദം കേള്‍ക്കാനില്ല. കയ്യിലുള്ള ദാഹ ജലം അവസാനിച്ചിരിക്കുന്നു.
കുഞ്ഞ് വാവിട്ട് നിലവിളിക്കുകയാണ്. മരണം മണക്കുന്ന ആ ചുറ്റു പാടില്‍ ഒരു മാതാവ് സഫാ
മര്‍വ്വാ കുന്നുകള്‍ക്കിടയില്‍ വെപ്രാളത്തോടെ ഓടിക്കൊണ്ടിരിക്കുന്നു. മനസ്സിന്റെ ഏതോ
ഒരു കോണില്‍ പ്രതീക്ഷയുടെ കൊച്ചു നാളവും വഹിച്ചുകൊണ്ട്. ഹാജറ: ചരിത്രത്തിന്റെ ഉമ്മ
:ഏതൊരു മനുഷ്യനും പതറിപ്പോകുന്ന, പ്രതിസന്ധിയുടെ പോര്‍മുഖത്ത്
അജയ്യയായി നില്‍ക്കുന്ന മാതൃത്വം. ഹാജറായുടെ സഹനം സംസമായി പൊട്ടിയൊഴുകുന്നു. ഒപ്പം
മനുഷ്യകുലത്തിന്റെ പുതിയ ഒരു പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. അതിലൂടെ ഹാജറാ ചരിത്രത്തിന്റെ
ഉന്‍മയാകുന്നു, സംസ്‌കാരത്തിന്റേയും...
ഇസ്ലാം പരിചയപ്പെടുത്തിയ ഓരോ സ്ത്രീയും ചരിത്രത്തെയും
കാലത്തെയും രൂപപ്പെടുത്താന്‍ കെല്‍പ്പുള്ളവരാണ്. മറിയം ബീവി, മൂസാ(അ)ന്റെ മാതാവ്, ഉവൈസുല്‍ കര്‍നിയുടെ ഉമ്മ, അസ്മാ ബിന്‍ത് അബീബക്‌റ്, ഇമാം ശാഫിഈയുടെയും ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടേയും ഉമ്മമാര്‍ മാനുഷ്യകത്തിന്റെ മഹാ മാതൃകകളായി അവര്‍ നമുക്ക്
മുമ്പിലുണ്ട്. അവരാരും അബലകളല്ല. സമകാലിക മുസ്ലിം സ്ത്രീകള്‍ക്ക് മുമ്പില്‍ വയ്ക്കാവുന്ന
ഏറ്റവും നല്ല മാതൃകകളാണവര്‍. എല്ലാ പ്രതിസന്ധികളേയും ഒറ്റക്ക് നേരിടേണ്ടി വന്നവര്‍.
തവക്കുലിന്റെ, നിശ്ചയ ദാര്‍ഢ്യത്തിന്റെ
മാന്ത്രികത്താക്കോലുക്കൊണ്ട് ചരിത്രത്തിലേക്ക് വാതില്‍ തുറന്നവര്‍.ഉമ്മമാരേ.. പരിക.
പ്രകാശം പൂക്കുന്ന ആ പാതകളില്‍ നിന്ന് നമുക്കും ഒരു കൈത്തിരിയാവാം......
No comments:
Post a Comment