14/09/2013

ജോളീ നഗര്‍ - റാഷിദ് എം.പി . പെരിങ്ങൊളം

ജോളീ നഗര്‍
    റാഷിദ് എം.പി  . പെരിങ്ങൊളം
          ളി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ചെറിയൊരു കടയുണ്ട്. അതിന്റെ പിന്നില്‍ ചെറിയൊരു മരത്തിന്റെ ഇലകള്‍ക്കിടയിലാണ് അതിന്റെ പേര് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നും കളി കഴിഞ്ഞ് മടങ്ങുമ്പോള്‍ അത് കണ്‍മുന്നില്‍ നിഴലിച്ച് നില്‍ക്കാറുണ്ട്. 'ജനത സ്‌റ്റോഴ്‌സ്..'. പക്ഷെ, അതിന്റെ താഴെയായി മറ്റൊന്നുകൂടെ രേഖപ്പെടുത്തപ്പെട്ടിരുന്നു. 'ജോളീ നഗര്‍..'. അതേ പേര് പീടി
കയുടെ കുറച്ചപ്പുറത്ത് റോഡിന്റെ നടുക്ക് പിഞ്ഞാണങ്ങള്‍ കൊണ്ട് പതിക്കപ്പെട്ടിട്ടുണ്ട്. ഇലയില്‍ മറഞ്ഞിരിക്കുന്ന ആ പേര് അന്ന് ആദ്യമായാണ് എന്റെ ശ്രദ്ധയില്‍ പെടുന്നത്. ഞാന്‍ മനസ്സില്‍ ചിന്തിച്ചുകൊണ്ടിരുന്നു, എന്തായിരിക്കും ഈ സ്ഥലത്തിന് അത്തരമൊരു പേര് വരാന്‍ കാരണം..?  എന്തെങ്കിലും സംഭവങ്ങള്‍ അതിന് നിതാനമായിട്ടുണ്ടോ..? 
              എന്റെ ചിന്തകളും അന്വേഷണങ്ങളും എന്നെ കൊണ്ടെത്തിച്ചത് പൂര്‍വ്വ പിതാക്കന്മാരുടെ കാലത്ത് നടന്ന ചില സംഭവ വികാസങ്ങളിലേക്കായിരുന്നു. യുവത്വത്തിന്റെ ആവേശവും ഒഴിവ് സമയവുമായിരുന്നു ജോളീ നഗര്‍ എന്ന നാമം സൃഷ്ടിക്കപ്പെടാന്‍ കാരണം. റോഡിന്റെ അരികത്തായി വീതി കുറഞ്ഞ ഒരു ഭാഗത്ത് ചെങ്കല്ലുകള്‍ അട്ടിയിട്ട് അതില്‍ ഒരു കോണ്‍ക്രീറ്റ് പോസ്റ്റിന്റെ പകുതി ഭാഗം വെച്ചിരിക്കുന്നു. വൈകുന്നേരങ്ങളില്‍ അവിടെ യുവതയുടെ ഒരു ഒത്തുകൂടല്‍ അവിടെത്തന്നെയായിരിക്കും. പലരും ബൈക്കുമായൊക്കെ വന്ന് അവിടെയിരുന്ന് ഗ്ലോസിപ്പുകള്‍ തട്ടി വിടാന്‍ തുടങ്ങും. പാറി നടക്കാന്‍ ഏറ്റവും പുതിയ ബൈക്കും ഫോണ്‍ വിളിക്കാന്‍(മറ്റു ആവശ്യങ്ങള്‍ക്ക്) ഏറ്റവും നല്ല ഫോണും അവര്‍ക്ക് സ്വന്തമായുണ്ട്. എല്ലാവരും നാട്ടിലെ പണക്കാരുടെ മക്കള്‍. ആ റോഡിന് ഗള്‍ഫ് റോഡ് എന്ന് പേര് വരാന്‍ തന്നെ കാരണം അവിടെയുള്ളവരെല്ലാം ഗള്‍ഫിലാണ് എന്നതാണ്. സ്‌കൂള്‍ കഴിഞ്ഞ് മടങ്ങുന്ന പെണ്‍കുട്ടികളെ ഒന്ന് തോണ്ടാനും അവര്‍ മറക്കാറില്ല. എല്ലാം കൊണ്ടും ഒരു അടിച്ചുപൊളി ജീവിതം തന്നെ. അവര്‍ തന്നെയാണ് വിവിധ വര്‍ണ്ണങ്ങളിലുള്ള പിഞ്ഞാണച്ചില്ലുകള്‍ കൊണ്ട് അവരുടെ ഒത്തു ചേരല്‍ സ്ഥലത്തിന് ജോളീ നഗര്‍ എന്ന പേര് പതിച്ചതും. അവരുടെ ഇരിപ്പിടത്തിന് നേരെയുള്ള ചെമ്മണ്‍ പാത ചെന്നെത്തുന്നത് പുഞ്ചപ്പാടത്തേക്കാണ്. വേനലിന്റെ വൈകുന്നേരങ്ങള്‍ അവരെ അങ്ങോട്ട് ക്ഷണിക്കുന്നു. സൂര്യന്‍ കണ്ണടക്കാനൊരുങ്ങുമ്പോഴേക്കും അവര്‍ പുഞ്ചപ്പാടത്തേക്ക് പുറപ്പെടുകയായി. പിന്നെ കണ്ണു കാണാതാകുന്നത് വരെ ഫുട്‌ബോള്‍ കളിയാണ്.
              കാലം ചിലതൊക്കെ കൊഴിഞ്ഞു പോയപ്പോള്‍ ജോളീ നഗറിന് ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. ഒത്തു കൂടുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. പിന്നീട് അവിടെ നടക്കുന്ന ചര്‍ച്ചകളിലേക്ക്്  ആശങ്കകള്‍ കയറിക്കുടി. 'എടാ.. നമ്മുടെ ജസീമിനെ രണ്ടു ദിവസായിട്ട് കാണുന്നില്ലല്ലോ..! 'നീയറിഞ്ഞില്ലേ..! അവന്‍ അവന്റെ ബാപ്പ ജോലി ചെയ്യുന്ന കമ്പനിയിലേക്ക് പോയി'.
എന്താ.. കാരണം..?  ' അവന്റെ ബാപ്പാക്ക് എന്തോ അസുഖം കാരണം നാട്ടിലേക്ക് മടങ്ങുകയാണ്. സ്‌പോണ്‍സറാണെങ്കില്‍ പകരം ആളില്ലാതെ അവിടെ നിന്ന് മൂപ്പരെ തിരികെ വരാന്‍ അനുവധിക്കുന്നുമില്ല.  സലീമാണെങ്കില്‍ എപ്പോഴെങ്കിലുമൊക്കേ അവിടേക്ക് വരാറുള്ളൂ. അവന്‍ ഉപരി പഠനത്തന് വേണ്ടി ബാംഗ്ലൂരിലേക്ക് പോയതാണ്.
    അങ്ങനെ, ജീവിതത്തിന്റെ തിരക്ക് പലരെയും പല വഴിക്ക് തിരിച്ച് വിട്ടു. ഒരു ദിവസം രാവിലെ കളിക്കാന്‍ പോകുമ്പോള്‍ അവരുടെ ഇരിപ്പിടം രണ്ടാളുകള്‍ ചേര്‍ന്ന് കൂറച്ചപ്പുറത്തുള്ള ഒരു കാട്ടില്‍ കൊണ്ടുപോയി  എറിയുന്നത് കണ്ടു. അവരുടെ ജോളീ നഗറിന്റെ എതിര്‍ വശത്ത് പുതുതായി വീടെടുക്കുന്ന ആളായിരുന്നു അത്. ഇപ്പോഴും കാണാം.., ജനതാ സ്‌റ്റോറിന്റെ അടിയിലും കുറച്ചപ്പുറത്ത് റോഡിന്റെ നടുവിലും 'ജോളീ നഗര്‍'.  കൊഴിഞ്ഞു പോയ ഏതോ ചില നേരം പോക്കികളുടെ സ്മാരകം പോലെ, ഏകമായി..,

                                                                                                       റാഷിദ് എം.പി
                                                                                                     

പെരിങ്ങൊളം

No comments:

Next previous home

Search This Blog