10/03/2016

ലേഖനം

സിയാദ് ചെറുവറ്റ

സമുദായിക ജീര്‍ണ്ണത വിദ്യാസമ്പന്നതയുടെ സൃഷ്ടിയോ?

   സാമുദായികതയുടെ അക്ഷരാര്‍ത്ഥമോ അതിന്റെ ശാബ്ദിക സന്ദേശങ്ങളോ പ്രകടമാകുന്നിടത്തല്ലാം അതിന്റെ അനുരൂപമെന്നോണം അളവറ്റ വായാടോപങ്ങളും വാദപ്രതിവാദങ്ങളും ഉയര്‍ന്ന് വരാറുണ്ട്. സമാധാനം,സഹിഷ്ണുത, തുടങ്ങിയ ഔപചാരിക സിമ്പലുകളെ നാഴികക്ക് നാല്‍പത് വട്ടമെന്നോണം വിളിച്ച് കൂവുന്ന സാമൂഹികാദര്‍ശ പ്രസ്ഥാനങ്ങള്‍ തന്നെയാണ് ഈ'സാമുദായികത'യെന്ന ഈസംജ്ഞക്ക് അടിത്തറ പാകുന്നത് എന്ന സത്യത്തോട് ഓരം ചേര്‍ന്ന് വേണം ഇവിടെ ജീര്‍ണ്ണതയെ കാണാനും അറിയാനും .

വിജ്ഞാനം,സത്ത,സ്വാംശീകരണം;

    വിദ്യാഭ്യാസമെന്ന മൂലാംശം ചേര്‍ത്താണ് മനുഷ്യനെന്ന പ്രതിഭാസത്തെ സാമൂഹികജീവിയുടെ അച്ചിലേക്ക് മാറ്റുന്നത്. എല്ലും തോലും അണിഞ്ഞ കേവല രൂപത്തിലേക്ക് സ്വത്വം പടക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. ഇതിന്റെ ചാക്രിക സംവിധാനങ്ങളിലൂടെ കറങ്ങിവരുന്ന ഏതൊന്നിനെയും വിദ്യാസമ്പന്നനെന്ന് വിളിക്കുന്നതാണ് ആധുനികതയുടെ പതിവ്. ഇവിടെ നിര്‍മ്മാണഘട്ടത്തില്‍ ചേര്‍ക്കപ്പെടേണ്ട മൂലകങ്ങള്‍ എത്രയളവില്‍ ചേര്‍ക്കപ്പെടുന്നുവെന്നതിനെയാശ്രയിച്ചിരിക്കുന്നു ഉല്‍പന്നത്തിന്റെ ഗുണമേന്മയെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്നതില്‍ നിന്നും ഏറെ വൈദൂര്യം പ്രാപിച്ചു കഴിഞ്ഞു പുതിയ സമൂഹം, ഇവിടെ സത്ത ചോര്‍ന്ന വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലൂടെ ഉരവം കൊള്ളുന്ന സാമുദായികതയിലേക്ക് കടക്കുന്നത് സാമുദായികതയെ ദാരുണമാം വിധം ജീര്‍ണ്ണതകള്‍ക്ക് വിധേയമാക്കുന്നു എന്ന് കാണാം .
ചേര്‍ച്ചയറ്റ ജ്ഞാന സംവിധാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ രാഷ്ട്രം അതിമുന്നേറ്റം കാഴ്ചവെച്ചുഎന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ലോകത്തിലെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ പോലും മഹിത ഭാരതത്തിന് ഇടം കണ്ടെത്താനാവാതെ പോയത്. ആദ്യ 30 കള്‍ക്കിടയില്‍ തന്നെ ബോംബെ ഐ.ഐ.ടി (IIT) യെമാത്രം കണ്ടെത്തി പഠനറിപ്പോര്‍ട്ട് ചുരുക്കുകയായിരുന്നു.

ജ്ഞാന ബേധ പൂരക സങ്കല്‍പം;

  വിവിധങ്ങളായ വിജാഞാനീയങ്ങളെ ഹോള്‍സെയില്‍ നിലക്ക് വായിലൂടെ കടത്തുക എന്നതിലപ്പുറം വ്യക്തിജീവിതത്തിലേക്ക്, പരജീവ സ്‌നേഹത്തിലേക്ക് പാലം പണിയാന്‍ കേവല വിദ്യാഭ്യാസത്തിന് സാധിക്കുന്നില്ല എന്നത് സംശയലേശമന്യെ ഉയര്‍ത്തിക്കാണിക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണ് . ജ്ഞാനത്തില്‍ നിന്ന് തിരിച്ചറിവ്, ബോധം, എന്നിവയെ അടര്‍ത്തിയെടുത്തത് മുതലാണ് സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ തിരികൊളുത്തിയത്.
   വ്യക്തിജീവിതത്തില്‍ തോറ്റ് തുന്നം പാറിയവര്‍ സമൂഹത്തിലേക്കും സമുദായത്തിലേക്കുമിറങ്ങി എന്നത് ജീര്‍ണ്ണതയുടെ മൂലക്കല്ലായി കാണാന്‍ സാധിക്കും

സാമുദായികത,. സംഘര്‍ഷം, താത്വിക പരിവേഷം;

    സത്ത ചോര്‍ന്ന സ്വത്ത നിര്‍മ്മിതിയില്‍ നിന്നകന്ന ജ്ഞാന പ്രക്രിയകളിലും പ്രകടനങ്ങളിലുമായി സമുദായ ജീര്‍ണ്ണതയെ ഒതുക്കുന്നത് തനിവത്തമായിരിക്കും . മത ഭൗതിക ജ്ഞാനീയങ്ങളില്‍ ഔന്നിത്യം പ്രാപിച്ചവര്‍ തന്നെ തീവ്ര മത ഭ്രാന്തന്മാരാവുന്നതും ആധുനികതയുടെ നേര്‍ക്കാഴ്ചയാണ്.
  താത്വിക പരികല്‍പനയില്‍ സാമുദായിക ജീര്‍ണ്ണതയെ ഭൂരിപക്ഷത്തിന്റെ അഹങ്കാരവും ന്യൂനപക്ഷത്തിന്റെ അതിഭീതിയും ആധാരമാക്കി അളക്കേണ്ടിവരും. ഭൂരിപക്ഷ ഹുങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട ന്യൂനപക്ഷ കാഴ്ചകളും സുലഭമാണ്, ഭാരതീയ മണ്ഡലത്തിലെ ഹൈന്ദവ താണ്ഡവങ്ങളെ അങ്ങനെ മാത്രം കാണേണ്ടിയിരിക്കുന്നു.
  ഇതിനെക്കുറിച്ച് അഴീക്കോടിന്റെ പാചകം ഇവിടെ പ്രസക്തമാണ്.
      ' ഹാലിളകിയ ഹിന്ദു ഹിന്ദുവല്ല. ഇന്ത്യക്കാരനല്ല വെറും ഭ്രാന്തനാണ് . മത ഭ്രാന്ത് ഏറ്റവും വലിയ സാംക്രമിക രോഗമാണ് . ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ആളുകളെ കൊന്ന് തീര്‍ക്കുന്ന സാംക്രമിക വ്യാധിയാണത്. ഇവിടെ മതഭീകരതയെന്ന സംജ്ഞക്ക് മരണം സംഭവിക്കുന്നു. അവ കേവല വ്യക്തി സംബന്ധം മാത്രമായി മാറുന്നു. ഇതേ യാഥാര്‍ത്ഥ്യം വെച്ച് തന്നെ ന്യൂനപക്ഷത്തെയും കാണാം .
   വിജ്ഞാന മണ്ഡലത്തില്‍ നിന്ന് കാലക്രമേണ പുറം തള്ളപ്പെട്ട സഹിഷ്ണുത, സമാധാനമെന്ന പാഠ്യ ഭാഗങ്ങളാണ് ഈസംഘര്‍ഷത്തിന് പിന്നിലെന്നത് പകല്‍ പോലെ സുവ്യക്തമാണ്.



No comments:

Next previous home

Search This Blog