10/03/2016

പ്രതികരണം

മതം ശാസ്ത്രത്തിനു പ്രചോദനം


എം. ആര്‍ വിഷ്ണുപ്രസാദിന്റെ ' ആവാസശാസ്ത്രം മനുഷ്യേതര ലോകത്തിന്റെ സാധ്യതകള്‍'  എന്ന ലേഖനത്തിലെ (ചന്ദ്രിക ആഴ്ചപ്പതിപ്പ് പുസ്തകം 600 ലക്കം 15) മതം ശാസ്ത്രനിരീക്ഷണങ്ങള്‍ക്ക് വിഘാതമാണെന്ന് ധ്വനിപ്പിക്കുന്ന ഭാഗങ്ങളാണ് ഈ കുറിപ്പിനാധാരം. ആധികാരികവും പഠനാര്‍ഹവുമായ പ്രസ്തുത ലേഖനം എന്തു കൊണ്ടും ആകര്‍ഷകവും അനിവാര്യവുമാണ്. പക്ഷെ, ' ദൈവത്തില്‍ വിശ്വസിച്ചു തുടങ്ങിയാല്‍ പിന്നെ ചോദ്യങ്ങള്‍ എല്ലാം അവസാനിക്കുന്നു. എല്ലാം ദൈവം സൃഷ്ടിച്ചു എന്നു തീര്‍ച്ചപ്പെടുത്തുകയും പുസ്തകം അടച്ചു വെക്കുകയും ചെയ്യും. ' എന്ന ലേഖകന്റെ അഭിപ്രായത്തോട് വായനക്കാരനായ ഈ വിനീതന് ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്താനുള്ളത്. പ്രസ്തുത പ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് തെളിയാന്‍ ആഗോളതലത്തില്‍ അനുദിനം ദ്രുതഗതിയില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന ഇസ് ലാം മതത്തെ കുറിച്ച് നിഷ്പക്ഷമായി പഠിച്ചാല്‍ മാത്രം മതിയാകും.
ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ ശാസ്ത്രഗവേഷണങ്ങളും നിരീക്ഷണ പരീക്ഷണങ്ങളും അവാച്യമായ ദൈവിക പ്രതിഫലങ്ങള്‍ക്ക് ഹേതുകങ്ങളാണ്. കാരണം മനുഷ്യജീവിതത്തിന്റെ വിജയമാനദണ്ഡം ഹൃദയവിശുദ്ധിയാണ്. പ്രപഞ്ചസൃഷ്ടിപ്പിലെ അത്ഭുതങ്ങളെക്കുറിച്ചുള്ള ചിന്താനൈരന്തര്യം കൊണ്ട് വിശാലമായ ഹൃദയാന്തരങ്ങളില്‍ ആത്മീയമായ അനുഭൂതികള്‍ അധികരിക്കുമെന്നും തദ്വരാ അത്യന്തികവിജയത്തിന്റെ അളവുകോലായ ഹൃദയവിശുദ്ധി പ്രാപിക്കാമെന്നാണ് ഇസ്ലാം മതവീക്ഷണം. ' എന്റെ സമ്പത്ത് എന്റെ മക്കളും സഹോദരങ്ങളും പങ്കിട്ടെടുക്കും. എന്നാല്‍ അവര്‍ക്ക് പങ്കിട്ടെടുക്കാന്‍ സാധിക്കാത്ത ഒന്നുണ്ട്. അത് എന്റെ ഉന്നതകൃതിയും (കിതാബുല്‍ കിയ്മിയാഅ്) എന്റെ മഹത്തായ ഹൃദയവുമാണ്. അത് എന്റേതു മാത്രമാണ്' എന്ന വിശ്രുദ മുസ്ലിം ശാസ്ത്രജ്ഞന്‍ ജാബിറുബ്‌നു ഹയ്യാന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്് വിശ്വാസി ഹൃദയവും ശാസ്ത്രഗവേഷണവും തമ്മിലുള്ള അഭേദ്യമായ ഇണക്കത്തെയാണ്.
അതു കൊണ്ടാണ് ആകാശം, ഭൂമി, ഒട്ടകം, സമുദ്രം, ശരീരം, തേനീച്ച, സൂര്യചന്ദ്രനക്ഷത്രഗോളങ്ങള്‍, പക്ഷികള്‍, പ്രാണികള്‍ തുടങ്ങി പ്രകൃതിയിലെ മഹാത്ഭുതങ്ങളുടെ അനന്തവിഹായസ്സിലേക്ക് വിശുദ്ധ ഖുര്‍ആന്‍ (ദൈവികവചനങ്ങള്‍) മനുഷ്യകുലത്തെ നിരവധിയാവൃത്തി ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. വിശുദ്ധഖുര്‍ആന്‍ (88:17-20) , (16:46) , (55:57) , ( 55:14) , (76:2) , (75:3,4) എന്നിവ ശകലം ഉദാഹരണങ്ങള്‍ മാത്രം. അല്ലാഹുവിന്റെ സൃഷ്ടിവൈശിഷ്ട്യത്തെ മനസ്സിലാക്കി അല്ലാഹുവിനെ കണ്ടെത്താനാണ് പ്രവാചകന്‍ മുഹമ്മദ് (സ) പഠിപ്പിച്ചത്. പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് ദൈവമാണെന്നറിയുന്ന വിശ്വാസിക്ക് എങ്ങനെ പുസ്തകം അടച്ചു വെക്കാന്‍ സാധിക്കും. അറിവന്വേഷണത്തിന്റെ അഗാധതകളിലേക്കൂളിയിട്ടിറങ്ങാന്‍ മറ്റാരേക്കാളും ബാധ്യസ്ഥന്‍ ദൈവവിശ്വാസിയാണെന്ന് വിശ്വസിക്കുന്നതല്ലേ യുക്തിസഹം.
ഖുര്‍ആനിന്റെ വെളിച്ചത്തില്‍  മുസ്ലിംകള്‍ തുടങ്ങി വെച്ചതല്ലാതെ ഒന്നും യൂറോപ്യന്മാര്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്നത് ചരിത്രസത്യമാണ്. ശാസ്ത്രഗവേഷണങ്ങള്‍ ഗലീലിയോയില്‍ നിന്നും ഐസക് ന്യൂട്ടണില്‍ നിന്നും ആരംഭിക്കുന്നത് ചരിത്രവിസ്മൃതിയുടെ ബോധപൂര്‍വ്വമായ ശ്രമങ്ങളാണെന്നു വേണം മനസ്സിലാക്കാന്‍. ഗണിത ശാസ്ത്രം, ദര്‍ശനശാസ്ത്രം, ജ്യോതശാസ്ത്രം തുടങ്ങി ഒട്ടേറെ ശാസ്ത്രശാഖകളില്‍ നൈപുണ്യം തെളിയിച്ച രണ്ടാം ടോളമി എന്നറിയപ്പെട്ട വിശ്വപ്രസിദ്ധ ശാസ്ത്രസ്രോതസ്സ് കിതാബുല്‍ മനാളിറിന്റെ രചയിതാവും കൂടിയായ അബൂ അലി ഹസനിബ്‌നുല്‍ ഹസന്‍ (965-1045) ഗലീലിയോ, ന്യൂട്ടണ്‍ തുടങ്ങിയ ആധുനികരില്‍ ചെലുത്തിയ സ്വാധീനങ്ങള്‍ ക്രൂരമായി മറച്ചു വെക്കാന്‍ മടി കാണിക്കാത്തവരാണ് ബഹുഭൂരിഭാഗവും. വായുവില്‍ ഒരു ഭാരമുള്ള വസ്തുവിന്റെ ചലനസാധ്യതകള്‍ ഒരു പക്ഷിയുടെ രൂപത്തിലൂടെ പരീക്ഷിച്ചു കണ്ടെത്തിയ അബ്ബാസുബ്‌നു ഫിര്‍നാസിനെ (810-887) 1903 ല്‍ ആധുനിക രൂപത്തിലുള്ള വിമാനം പറത്തിയ റൈറ്റ് സഹോദരങ്ങളെ അറിയുന്ന എത്ര പേര്‍ക്കറിയാം. ആദ്യമായി ശ്വസനനാള ശസ്ത്രക്രിയ ആടുകളിലൂടെ നടത്തി ശസ്ത്രക്രിയ വിദ്യ ലോകത്തിനു പരിചയപ്പെടുത്തിയ ഇബ്‌നു സുഹ്‌റും (1904-1162) ഗോളശാസ്ത്രത്തില്‍ 146 ഗ്രന്ഥങ്ങള്‍ രചിച്ച അല്‍ ബിറൂനിയും കിതാബുല്‍ കിയ്്മിയാഅ് രചിച്ച ജാബിറുബ്‌നു ഹയ്യാനും (721-815) വിസ്മൃതിയിലാണ്ടു പോയ ചരിത്രത്തിന്റെ / പ്രഖ്യാപിതലക്ഷ്യാധിഷ്ഠിത ചരിത്ര വക്രീകരണത്തിന്റെ ഇരകള്‍ തന്നെയാണ്.
മതം ശാസ്ത്രത്തിനു വിരുദ്ധമാണെന്ന  സങ്കുചിത ചിന്താഗതിയില്‍ മാറ്റം വരാന്‍ വിശുദ്ധ ഖുര്‍ആനെന്ന വിശ്വശാസ്ത്ര വിജ്ഞാന കോശം മറിച്ചു നോക്കിയാല്‍ മതി. ഖുര്‍ആനെ പഴഞ്ചനാക്കി മാറ്റി വെക്കുന്ന ശാസ്ത്രപണ്ഡിതന്മാര്‍ ഇന്നുമുണ്ട്. ഖുര്‍ആന്‍ ഒരു ശാസ്ത്രഗന്ഥമല്ലെങ്കില്‍ കൂടി ഖുര്‍ആനിലില്ലാത്ത ശാസ്ത്രങ്ങളേതുമില്ല എന്നത് അനിശേധ്യയാഥാര്‍ത്ഥ്യത്തിനു മുന്നിലിരുന്നു കൊണ്ടുള്ള ഇത്തരം അരികുവല്‍ക്കരണം അപലപിനീയമാണ്. പരിമിതമായ മനുഷ്യബുദ്ധിക്ക് അറിവിന്റെ ആ അക്ഷയഖനിയില്‍ നിന്നും അധികമൊന്നും പുറത്തെടുക്കാന്‍ കഴിയുന്നില്ല എന്നു മാത്രം.

ജുനൈദ് ചൊറുക്കള
കെ. കെ. എം ഇസ്ലാമിക് അക്കാദമി കാപ്പാട്്.
കടവന്‍ (H) അരിയില്‍ (PO), പട്ടുവം (VIA)
വെള്ളിക്കീല്‍
കണ്ണൂര്‍ (DIS), 670 134 (PIN)
9544447144


No comments:

Next previous home

Search This Blog